Home / കുടുംബം / പങ്കാളിയെ അഭിനന്ദിക്കാന്‍ മറക്കാതിരിക്കുക

പങ്കാളിയെ അഭിനന്ദിക്കാന്‍ മറക്കാതിരിക്കുക

By Abu Muhammad Yusuf.

ദാമ്പത്യം അതി മനോഹരമായൊരു യാത്രയാണ്. പരസ്പരം ഉള്ള മനോഭാവത്തിന്റെയും പെരുമാറ്റത്തിന്റെയും അടിസ്ഥാനത്തിലാണ് അതിന്റെ ഗതിയും സുഖവും നിര്‍ണ്ണയിക്കപ്പെടുന്നത്.  ഒരു ചെറിയ വീഴ്ച മതി അത് വരെ ഉണ്ടായിരുന്ന സുഖ സന്തോഷങ്ങളിലും പോറല്‍ വീഴുവാന്‍. ആ ഒരു വീഴ്ച ഒരു പക്ഷെ ദാമ്പത്യത്തിന്റെ ഗതി തന്നെ തിരിച്ചു വിട്ടേക്കാം.

ഒരിക്കല്‍ ഒരു ടീച്ചര്‍ തന്റെ വിദ്യാര്‍ഥിയുടെ കയ്യില്‍ ഒരു വെളുത്ത തൂവാല കൊടുത്തു. മിനുസമുള്ള പട്ടിനാല്‍ തീര്‍ത്ത നല്ല തൂവെള്ള തൂവാല. അതിന്മേല്‍ ഒരു കറുത്ത പൊട്ടും ഉണ്ടായിരുന്നു. ഒരു കൊച്ചു പൊട്ട്. അതവന്റെ കയ്യില്‍ കൊടുത്തിട്ട് ടീച്ചര്‍ അവനോട ചോദിച്ചു, “എന്താണ് നിനക്ക് കാണാന്‍ കഴിയുന്നത്?”

അവനതൊന്നു നോക്കിയിട്ട് മറുപടി പറഞ്ഞു “ഒരു കറുത്ത പാട്”

പുഞ്ചിരിയോടെ ടീച്ചര്‍ പറഞ്ഞു, “മോനെ, കറുത്ത പൊട്ടല്ല, ഒരു വെള്ള തൂവാലയാണിത്‌. നിന്റെ കയ്യില്‍. ശരിയാണ് സൂക്ഷിച്ചു നോക്കിയാല്‍ നിനക്കതില്‍ ഒരു കറുത്ത പാട് കാണാം എന്ന് മാത്രം”

ഈ കഥയില്‍ നിന്ന് നമുക്ക് മനുഷ്യന്റെ സ്വഭാവം മനസ്സിലാക്കി എടുക്കാം.ഒരു തൂവെള്ള കടലാസില്‍ ഒരു കറുത്ത കുത്തിട്ടാല്‍ ബാക്കിയുള്ള വെണ്മ മുഴുവന്‍ അവഗണിച്ചു കൊണ്ട് മനുഷ്യന്‍ ആ കറുത്ത പൊട്ടിനെ ആയിരിക്കും ശ്രദ്ധിക്കുക. അത് തന്നെയാണ് ജീവിതത്തിലും സംഭവിക്കുക. എത്രയെത്ര നല്ല കാര്യങ്ങളും ഒരാളിലുണ്ടെങ്കിലും മനുഷ്യന്‍ ശ്രദ്ധിക്കുന്നത് അയാളിലുള്ള ദൌര്‍ബല്യങ്ങളെപ്പറ്റിയായിരിക്കും. മിക്കവാറും ഇത് സംഭവിക്കുന്നത്‌ വിവാഹ ബന്ധത്തിലാണ്. തന്റെ ഇണയുടെ നല്ല ഗുണങ്ങളെക്കാള്‍ അയാളില്‍ ഉള്ള ചെറിയ പിഴവുകളായിരിക്കാം അവരുടെ കാഴ്ചയില്‍ ഇപ്പോഴും തെളിഞ്ഞു നില്‍ക്കുക.

ഒരു മുസ്ലിം എന്നും ക്ഷമാ ശീലനും പൊറുക്കാന്‍ കഴിവുള്ളവനും ആയിരിക്കണം. തന്റെ അടുത്തു നിന്ന് വന്നു പോയ പിഴവുകളെ ക്ഷമയോടെ നോക്കി കാണുന്ന ഭര്‍ത്താവിനെ സ്നേഹിക്കുവാന്‍ ഭാര്യക്കും, തെറ്റുകളെ സ്നേഹത്തോടെ തിരുത്തുന്ന ഭാര്യയെ ഉള്‍ക്കൊള്ളാന്‍ ഭര്‍ത്താവിനും കഴിയണം. സ്വന്തം ഭര്‍ത്താവിന്റെ/ഭാര്യയുടെ തെറ്റിനെ പൊലിപ്പിച്ച് കാണുന്നതും കാണിക്കുന്നതും അതു പൊറുത്തു കൊടുക്കാന്‍ സന്നദ്ധത കാനിക്കാതിരിക്കുന്നതും  ആ തെറ്റിനെ കുറിച്ചു ഓര്‍മ്മിപ്പിച്ചു വേദനിപ്പിക്കുന്നതും ശരിയായ നടപടി അല്ല. ക്ഷമ, വിട്ടു വീഴ്ച എന്ന രണ്ടു ഗുണങ്ങള്‍ ഒരു ദാമ്പത്യത്തില്‍ വളരെ അധികം പങ്കു വഹിക്കുന്നു. അല്ലെങ്കില്‍ ഭാര്യാ ഭര്‍ത്താക്കന്മാരെ അടുപ്പിച്ചു നിര്‍ത്തുന്നതില്‍ ഏറ്റവും വലിയ പങ്കു വഹിക്കുന്ന രണ്ടു ഘടകങ്ങള്‍ ഇവ ആണെന്നും നമുക്ക് കണ്ടെത്താം.

അത് പോലെ തന്നെ ഭാര്യ/ ഭര്‍ത്താവ് ഒരു നല്ല കാര്യം ചെയ്യുമ്പോള്‍ ഹൃദ്യമായ രീതിയില്‍ തന്റെ അഭിനന്ദനം അറിയിക്കുക. അത് കൂടുതല്‍ നന്മ ചെയ്യുവാനുള്ള പ്രോല്സാഹനമാകുകയും പരസ്പര സ്നേഹം വളരുവാനുള്ള കാരണമാകുകയും ചെയ്യും. ഒരു യഥാര്‍ത്ഥ സത്യവിശ്വാസി ഒരിക്കലും കുറ്റങ്ങള്‍ മാത്രം കണ്ടു പിടിക്കുന്നവന്‍ അല്ല എന്ന് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നു. അത് കൊണ്ട് തന്നെ പരസ്പര വിദ്വേഷവും കുറ്റം കണ്ടു പിടിക്കലും പഴി ചാരലും മാറ്റി വച്ചുകൊണ്ട് രണ്ടു പേരിലുമുള്ള നന്മയെ കാണുവാനും അതിനെ പരിപോശിപ്പിക്കുവാനും ശ്രമിച്ചു കൊണ്ടിരിക്കുക. അങ്ങനെ വൈവാഹിക ജീവിതത്തെ മധുരതരമാക്കി മാറ്റുക. സര്‍വ്വ ശക്തന്‍ അതിനായി എപ്പോഴും അനുഗ്രഹിക്കട്ടെ.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം