Home / വിവാഹം / വിവാഹത്തിനൊരുങ്ങുമ്പോള്‍

വിവാഹത്തിനൊരുങ്ങുമ്പോള്‍

By Bint Mohamoud

മുസ്ലീംസഹോദരിമാര്‍ ഒരുമിച്ചിരുന്നു സംസാരിച്ചു തുടങ്ങിയാല്‍ ഒടുക്കം സംസാരംചെന്നെത്തുന്നത് വിവാഹക്കാര്യത്തിലായിരിക്കും. എന്തൊക്കെകാര്യങ്ങള്‍ പറഞ്ഞാലും ചര്‍ച്ച വളഞ്ഞും തിരിഞ്ഞും വിവാഹ സങ്കല്പങ്ങളുടെയും ആലോച്ചനക്കാര്യങ്ങളെയും പറ്റിയുള്ള സംസാരത്തിലാകും എത്തിച്ചേരുക. അവിവാഹിതരായ ചെറുപ്പക്കാരികള്‍ അവസാനം പരസ്പരം ചോദിക്കുന്ന ചോദ്യം ഇതായിരിക്കും… “എവിടെയാണ് നമുക്ക് ചേര്‍ന്ന നല്ല മുസ്ലിം പുരുഷന്മാര്‍ ?

അത് തന്നെയാണ് ഏതാണ്ട് എല്ലാ മുസ്ലിം സഹോദരന്മാരും ചോദിക്കുന്നത്.. എവിടെയാണ് നല്ല പെണ്‍കുട്ടികള്‍ ?

കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് , ഞാന്‍ എന്റെ സുഹൃത്തിന്റെ വീട്ടില്‍ ഒരു ഒത്തു ചേരല്‍ ഉണ്ടായി. ഏതാണ്ട് ഇരുപതോളം സ്ത്രീകള്‍ അവിടെ ഒരുമിച്ചു കൂടി. ആളുകള്‍ കൂടുന്നതും ബഹളമുള്ളതുമായ ഇത്തരം പരിപാടികളില്‍ ഞാന്‍ പങ്കെടുക്കാറില്ല. എന്നിട്ടും സുഹൃത്തിന്റെ അഭ്യര്‍ത്ഥന മാനിച്ചു വിജ്ഞാനപ്രദമായ ആയ ചര്‍ച്ചയില്‍ ഞാന്‍ പങ്കെടുത്തു. എന്നാല്‍ അവിടെ നടന്നത് മുഴുവന്‍ വിവാഹത്തെപ്പറ്റിയുള്ള സംസാരമായിരുന്നു. അവിവാഹിതരായ പെണ്‍കുട്ടികള്‍ എങ്ങനെയെങ്കിലും ഒന്ന് കല്യാണം കഴിച്ചു കിട്ടിയാല്‍ മതിയെന്ന മനോഭാവത്തോടെ സംസാരിച്ചപ്പോള്‍ എനിക്ക് ആശ്ചര്യം തോന്നാതിരുന്നില്ല. വേറെ പലതും ചെയ്യാനുണ്ട്. വിവാഹം മാത്രമല്ല ഏറ്റവും വലിയ ലക്‌ഷ്യം. എന്റെ സുഹൃത്തും അത് സമ്മതിച്ചു. അവളും വിവാഹത്തിനു മുന്‍പുള്ള കാലഘട്ടത്തില്‍ ഒരിക്കല്‍ പോലും വിവാഹത്തെക്കുറിച്ച് എന്നോട് സംസാരിച്ചിട്ടില്ല. വിവാഹമെന്ന ആശയത്തെ അങ്ങേയറ്റം ആദരവോടെ കണ്ടിരുന്നവര്‍ തന്നെയായിരുന്നു ഞങ്ങളിരുവരും. പക്ഷെ ജീവിതത്തില്‍ അതിനേക്കാള്‍ വലിയ പ്രതീക്ഷകളും സ്വപ്നനഗലും ഞങ്ങള്‍ക്കുണ്ടായിരുന്നു. സംസാരിക്കാന്‍ വിഷയങ്ങളായി വിവാഹമാല്ലാത്ത പലതും ഉണ്ടായിരുന്നു. മതത്തെപ്പറ്റിയും വിശ്വാസത്തെപ്പറ്റിയും ചരിത്രത്തെപ്പറ്റിയും പഠനത്തെപ്പറ്റിയും യാത്രകളെപ്പറ്റിയും.. അങ്ങനെ ഒരുപാട് വിഷയങ്ങള്‍.

ഏതു സ്ഥലത്തായാലും സംസ്കാരത്തിലായാലും അവിവാഹിതരായ പെണ്‍കുട്ടികള്‍ പരസ്പരം കൂടിക്കാഴ്ച നടത്തുമ്പോഴൊക്കെ വിവാഹമാണ് വിഷയമായി ഉയര്‍ന്നു കേള്‍ക്കുക എന്നത് പതിയെപ്പതിയെ എനിക്ക് മനസ്സിലായി തുടങ്ങി.

ചുറ്റുമുള്ളവര്‍ എല്ലാം വിവാഹിതരായി കഴിഞ്ഞിട്ടും ഒരുപക്ഷെ നിങ്ങള്ക്ക് വിവാഹം ആയിട്ടുണ്ടാകില്ല. അങ്ങനെ സമൂഹത്തില്‍ ഒറ്റപ്പെട്ടതായി വരെ തോന്നിയേക്കാം. പലപ്പോഴും നിങ്ങളുടെ അവസ്ഥകള്‍ , ചുറ്റുപാടുകള്‍ നിങ്ങള്‍ക്കൊരിക്കലും ഒരു നല്ലഭാര്‍ത്താവിനെ കിട്ടില്ല എന്നതോന്നല്‍ വരെ ഉണ്ടാക്കിയേക്കാം. അങ്ങനെ നിരാശയില്‍ പെട്ട് പോകും നിങ്ങള്‍ . പക്ഷെ പ്ലാനിംഗ് ഏറ്റവും കൃത്യമായും പിഴവുകള്‍ ഇല്ലാതെയും നടത്തുന്നത് അല്ലാഹു മാത്രമാണ്. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സമയത്ത് നിങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ടിരുന്ന നിങ്ങളുടെ ഇണയെ നിങ്ങളുടെ മുന്‍പില്‍ എത്തിക്കും.

എപ്പോഴാണ് നമ്മുടെ വിവാഹം നടക്കുക, ആരെയാണ് ഇണയായി കിട്ടുക എന്നതൊക്കെ നമ്മളെ കുഴക്കുന്ന ടെന്‍ഷന്‍ ആണ്. എന്നാല്‍ നമ്മുടെ ദൈനം ദിന ജീവിതത്തില്‍ പ്രാധാന്യമുള്ള കാര്യങ്ങള്‍ ചെയ്യാനുള്ള സമയത്തെപ്പോലും ഹനിക്കുന്ന രീതിയില്‍ ഈ ടെന്‍ഷന്‍ വളര്‍ത്തേണ്ട കാര്യമില്ല. ഒരു പക്ഷെ നിങ്ങള്ക്ക് വയസ്സ് ഇരുപത്തി രണ്ടായിരിക്കാം. ചിലപ്പോള്‍ അല്ലാഹു നിങ്ങളുടെ വിവാഹം പ്ലാന്‍ ചെയ്തു വച്ചിരിക്കുന്നത് നിങ്ങളുടെ ഇരുപത്തേഴാമത്തെ വയസ്സിലായിരിക്കാം. എന്ന് വച്ചു വിവാഹത്തെപ്പറ്റി ചിന്തിച്ചും ആധി പിടിച്ചും എന്തിനാണ് വിവാഹം നടക്കുന്നത് വരെയുള്ള സമയം നശിപ്പിച്ചു കളയുന്നത്. നിങ്ങള്ക്ക് ആ സമയത്തെ പലതിനും ഉപയോഗിക്കാം. നിങ്ങളുടെ ലക്‌ഷ്യം നേടിയെടുക്കാന്‍ പരിശ്രമിക്കാം.

ഇന്ഷാ അല്ലാഹ്, നിങ്ങളുടെ വിവാഹത്തിന്റെ നാള്‍ വൈകാതെ തന്നെ എത്തിച്ചേരും. വിവാഹം കഴിക്കുന്നതോടെ ഒരാളുടെ ഈമാന്റെ പകുതി പൂര്‍ത്തിയാവും എന്ന് പറഞ്ഞു വിവാഹം കഴിക്കാന്‍ കാത്തിരിക്കുന്ന സഹോദരന്മാരോടും സഹോദരിമാരോടും എനിക്ക് പലപ്പോഴും ചോദിക്കാന്‍ തോന്നുന്ന ഒന്നുണ്ട്.. ‘അപ്പോള്‍ പിന്നെ മറ്റേ പകുതിയുടെ അവസ്ഥ എന്താണ്?

വാസ്തവം എന്താണെന്ന് വച്ചാല്‍ നമ്മള്‍ ഇപ്പോഴും ദീനിന്റെ കാര്യത്തില്‍ വളരെ പിറകില്‍ തന്നെയാണ്. വളരെ കുറച്ചു സൂറത്തുകള്‍ മാത്രമേ നമുക്ക് അറിയുന്നുണ്ടാവൂ. തര്ബിയത്തിന്റെ ബേസിക് പാഠങ്ങള്‍ പോലും നമ്മള്‍ പടിച്ചിട്ടുണ്ടാവില്ല. പലപ്പോഴും നമസ്കാരം , മറ്റു പ്രാര്‍ഥനകള്‍ , തുടങ്ങിയവയെപ്പറ്റി പോലും പലരും അജ്ഞരായിരിക്കും. എന്നാലും വിവാഹം കഴിച്ചു ഈമാന്റെ പകുതി നേടി എടുക്കാന്‍ വല്ലാത്ത തിടുക്കമായിരിക്കും ചിലര്‍ക്ക്. ഇപ്പോഴുള്ള പകുതി വളരെ മോശവും ആയിരിക്കും. ഇത്തരക്കാര്‍ വിവാഹം കഴിക്കാന്‍ താല്പര്യം കാണിക്കുന്നത് പോലും ശാരീരിക ആവശ്യങ്ങള്‍ക്ക് വേണ്ടി ആണെന്നേ പറയാന്‍ കഴിയൂ..

വിവാഹം എന്നത് ഉറപ്പുള്ളത് മനോഹരവുമായ ഒരു ഒത്തു ചേരല്‍ ആണ്. എന്ന് വച്ചു ജീവിതത്തിന്റെ ഏറ്റവും വലിയ ലക്ഷ്യം വിവാഹം കഴിക്കല്‍ ആകരുത്. അല്ലാഹു നമ്മെ സൃഷ്ടിച്ചത് അവനു ഇബാദത്ത് ചെയ്യാന്‍ വേണ്ടിയാണ്. വിവാഹം കഴിച്ചു ഇനയോടുള്ള ബാധ്യതകള്‍ ചെയ്തു തീര്‍ക്കുന്നതും അല്ലാഹുവിന്റെ മുന്‍പില്‍ ഇബാദത്ത് തന്നെ. പക്ഷെ അതിനായി ആദ്യം നാം നമ്മുടെ സൃഷ്ടാവായ അല്ലാഹുവുമായുള്ള ബന്ധം ശക്തിവത്താക്കണം. മറ്റൊരാളുടെ ഉത്തരവാദിത്വങ്ങളും കടമകളും ഏറ്റെടുക്കാന്‍ ഒരുങ്ങും മുന്പ് നാം നമ്മുടെ രക്ഷിതാവിനോടുള്ള കടമകള്‍ ചെയ്യണം. വിവാഹം എന്നത് ലാഘവത്തോടെ കാണേണ്ട കാര്യമല്ല. അതുകൊണ്ട് ശരിയായ മുന്നൊരുക്കങ്ങള്‍ ഇല്ലാതെ വിവാഹം കഴിക്കാന്‍ ഇറങ്ങി പുറപ്പെട്ടാല്‍ പ്രശ്നങ്ങള്‍ ഉണ്ടാകും. വിവാഹ ശേഷം നിങ്ങള്‍ ചെയ്യുന്ന ഓരോ കാര്യത്തിലും നിങ്ങളുടെ പങ്കാളി കൂടി ഭാഗമാകും.

നിങ്ങള്‍ ഒരു മുസ്ലീം സ്ത്രീ ആണെങ്കില്‍ മറ്റൊരാളെ, അതായത് ഭര്‍ത്താവാകുന്ന ആളെ അനുസരിക്കാനും വിധേയത്ത്വത്തോടെ ജീവിക്കാനും നിങ്ങള്‍ തയ്യാറായിട്ടുണ്ടോ? അത് വഴി അല്ലാഹുവിന്റെ തൃപ്തിയും പ്രതിഫലവും നേടാന്‍ നിങ്ങള്‍ ഇനിയും ഒരുങ്ങിയിട്ടില്ലേ? ഭര്‍ത്താവിനെ ന്യായമായ കാര്യത്തില്‍ അനുസരിക്കാതിരിക്കുന്നതും അയാളുടെ അവകാശങ്ങളെ നിഷേധിക്കുന്നതുമാല്ലാഹുവിങ്കല്‍ തെറ്റായ നടപടി ആണെന്നുള്ള സത്യത്തെ നിങ്ങള്‍ അംഗീകരിച്ചു തുടങ്ങിയോ? അല്ലാഹുവിന്റെ തൃപ്തി നേടുവാനും അവന്റെ സ്വര്‍ഗ്ഗം കരസ്ഥമാക്കാനും ചില ത്യാഗങ്ങള്‍ സഹിക്കാന്‍ തയ്യാറായോ? നിങ്ങളുടെ സന്തോഷങ്ങളും സ്വപ്നനഗലും വിഷമങ്ങളും മറ്റൊരാളോട് പങ്കു വെക്കാന്‍ നിങ്ങള്ക്ക് തോന്നിത്തുടങ്ങിയോ? നിങ്ങളുടെ വീട് ഒരു ശാന്തീ ഗൃഹം ആക്കാന്‍ മോഹിച്ചു തുടങ്ങിയോ? കുടുംബം , കുട്ടികള്‍ തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറായോ?

“നീ അദ്ദേഹത്തോട് എങ്ങിനെയാണ് പെരുമാറുന്നതെന്ന് ആലോചിച്ചുകൊള്ളുക. തീര്‍ച്ചയായും അദ്ദേഹമാണ് നിന്റെ സ്വര്‍ഗ്ഗവും നരകവും.”  എന്ന് നബി(സ്വ) ഒരു സ്വഹാബി വനിതയോട് പറയുകയുണ്ടായി.

ഇബ്നുഅബ്ബാസ്(റ) നിവേദനം: തിരുമേനി(സ) അരുളി: എനിക്ക് ഒരിക്കൽ നരകം കാണിക്കപ്പെട്ടു. അപ്പോൾ അതിൽ അധികവും സ്ത്രീകളാണ്. കാരണം അവർ നിഷേധിക്കുന്നു. അനുചരന്മാർ ചോദിച്ചു. അവർ അല്ലാഹുവിനെ നിഷേധിക്കുകയാണോ? നബി(സ) പറഞ്ഞു: അല്ല അവർ ഭർത്താക്കന്മാരെ (അവരുടെ അനുഗ്രഹങ്ങളെ) നിഷേധിക്കുന്നു. ആ ഔദാര്യങ്ങളോട് നന്ദി കാണിക്കുകയില്ല. ജീവിതകാലം മുഴുവനും നീ ഒരു സ്ത്രീക്ക് പല നന്മകളും ചെയ്തുകൊടുത്തു. എന്നിട്ട് അവളുടെ ഹിതത്തിന് യോജിക്കാത്ത വല്ലതും നീ പ്രവർത്തിച്ചതായി അവൾ കണ്ടാൽ അവൾ പറയും: നിങ്ങൾ എനിക്ക് ഒരു നന്മയും ഇന്നുവരെയും ചെയ്തുതന്നിട്ടില്ല എന്ന്. (ബുഖാരി. 1. 2. 28)

ഇനി മുസ്ലീം സഹോദരന്മാരോട് ഞാന്‍ ചോദിക്കട്ടെ.. ഭാര്യയോടു വിധേയത്വമുള്ള ഒരു ഉത്തമ ഭര്‍ത്താവാകാന്‍ നിങ്ങള്‍ തയ്യാരായിക്കഴിഞ്ഞോ?  അവള്‍ക്കു ഒരു താങ്ങായി നില്‍ക്കാന്‍ സ്വയം ഒരുക്കിയോ? ദീനീ കാര്യങ്ങളിലും ഭൌതിക വിഷയങ്ങളിലും അവളെ സഹായിക്കാന്‍ തയ്യാറായോ? നിങ്ങളുടെ നല്ല പാതി ആയി നിങ്ങളുടെ പ്രശ്നങ്ങളും സന്തോഷങ്ങളും പങ്ക് വെക്കാന്‍ അവളെ കാണാന്‍ തയ്യാറാണോ? അവളെ ഒരു അടിമയെപ്പോലെ കാണാന്‍ ആണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്? അവളുടെ അവകാശങ്ങളെ സാധിച്ചു കൊടുക്കാന്‍ ഒരുങ്ങിയോ? നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ കുട്ടികളുടെ ഉമ്മയായി കര്‍ത്തവ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതില്‍ അവളെ അഭിനന്ടിക്കാനുള്ള മനസ്സ് ഉണ്ടാക്കിയെടുത്തോ?

പ്രവാചകന്‍  (സ) ഒരിക്കല്‍ പറഞ്ഞു: ‘നിങ്ങള്‍ ഓരോരുത്തരും ഇടയന്‍മാരാണ്. കീഴിലുള്ളവരുടെ കാര്യത്തില്‍ നിങ്ങളോരുത്തരും ചോദ്യംചെയ്യപ്പെടുന്നവരുമാണ്.’

ഇവയൊക്കെ നാം നമ്മോടു തന്നെ ചോദിക്കേണ്ട കാര്യങ്ങളാണ്. അതും വിവാഹം കഴിക്കാനും പറ്റിയ ഇണകളെ തേടിയിറങ്ങുന്നതിനും മുന്‍പേ.

ഇണയെത്തേടിയുള്ള തിരച്ചിലിന് മുന്‍പേ ചിലത് ചെയ്യാനുണ്ട്. വലിയ വലിയ അനാവശ്യ ആവശ്യങ്ങള്‍ മനസ്സില്‍ കൊണ്ട് നടക്കരുത്. അതില്‍ വിട്ടു വീഴ്ചകള്‍ നടത്തുക. പ്രധാനമായും പരിഗണിക്കേണ്ടത് അവളുടെ ദീന്‍ തന്നെയാണ്.

നമ്മള്‍ക്ക് എന്തൊക്കെയാണ് വേണ്ടതെന്നു എന്തൊക്കെയാണ് വേണ്ടാത്തതെന്നും നമ്മള്‍ കൃത്യമായി പ്ലാന്‍ ചെയ്യണം.

അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: നാല് കാര്യങ്ങള്‍ക്ക് വേണ്ടിയാണ് ഒരു സ്ത്രീയെ വിവാഹം ചെയ്യപ്പെടാറുളളത്. എന്നാല്‍ നീ മതമുളളവളെ കരസ്ഥമാക്കിക്കൊളളുക. അല്ലാത്ത പക്ഷം നിനക്ക് നാശം. (ബുഖാരി : 7-62-27)

അവളുടെ സമ്പത്ത് , തറവാട്, സൌന്ദര്യം, മതബോധം എന്നിവയാണ് നാല് കാര്യങ്ങള്‍. മതബോധതിനു പ്രാധാന്യം നല്‍കുക എന്നതാണ് ഹദീസിന്റെ വിവക്ഷ.

പ്രവാചകന്‍ (സ്വ) പറയുന്നു. : ‘നിങ്ങളുടെ പെണ്‍മക്കളെ വിവാഹം കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് ആരെങ്കിലും വരികയും അഴരുടെ മതത്തിലും ധാര്‍മ്മിക നിലവാരത്തിലും നീ തൃപ്തനാവുകയും ചെയ്താല്‍ നിങ്ങളുടെ പെണ്‍കുട്ടികളെ അവര്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുക. അങ്ങനെ ചെയ്തില്ലെങ്കില്‍ നിങ്ങളില്‍ അസന്മാര്‍ഗികതയും തിന്മയും വ്യാപിക്കും’.

വിവാഹത്തിനു വേണ്ടി നല്ലവണ്ണം തയ്യാറാവുക. അതിനു ശേഷം മാത്രം വിവാഹത്തിനായി, നല്ല ഇണയെ തിരഞ്ഞിറങ്ങുക.

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.