ത്വലാഖ് ചൊല്ലപ്പെട്ടവളെ ഇദ്ദ: കാലത്ത് ഭര്‍ത്താവിന്റെ വീട്ടിലും ചിലവിലും സംരക്ഷണത്തിലും നിര്‍ത്തുകയെന്നതാണ് ഒന്നാമത്തെ അവന്റെ ബാധ്യത. അവരുടെ വീടുകളില്‍ നിന്ന് നിങ്ങളവരെ പുറത്താക്കരുത്. അവര്‍ പുറത്ത് പോവുകയും ചെയ്യരുത്. (ഖുര്‍ആന്‍ 65:1)
പൊറുപ്പിച്ചു കൂടാനാവാത്ത നീച വൃത്തികളൊന്നും ചെയ്യാത്ത കാലത്തോളം ഭര്‍ത്താവില്‍ നിന്ന് ലഭിക്കേണ്ട പാര്‍പ്പിടം, ഭക്ഷണം, സംരക്ഷണം എന്നിവ അവള്‍ക്ക് വിലക്കപ്പെടാനോ അവള്‍ സ്വയം വിലങ്ങാനോ പാടില്ലാത്തതാണ്. സംയോഗം നടക്കുകയോ മഹ്‌റ് നിര്‍ണ്ണയിക്കപ്പെടുകയോ ചെയ്തിട്ടില്ലാത്തവളാണെങ്കില്‍ അവള്‍ക്ക് മുത്അത് (പാരിതോഷികം) നല്‍കലാണ് മറ്റൊരു ബാധ്യത. (ഖുര്‍ആന്‍ 2:236) അവള്‍ക്ക് മഹ്‌റ് നിര്‍ണ്ണയിച്ചിട്ടുണ്ടെങ്കില്‍ നിര്‍ണ്ണയിച്ചതിന്റെ പകുതി കൊടുക്കണം. (ഖുര്‍ആന്‍ 2:237) മുത്അത് കൊടുക്കുന്നതില്‍ മേല്‍പറഞ്ഞ വ്യത്യാസങ്ങളൊന്നും കല്‍പ്പിക്കേണ്ടതില്ലെന്നും എല്ലാതരം വിവാഹ മോചിതര്‍ക്കും അത് നല്‍കേണ്ടതാണെന്നും അഭിപ്രായപ്പെട്ടവരുണ്ട്.
അവള്‍ ഗര്‍ഭിണിയാണെങ്കില്‍ പ്രസവിക്കുന്നത് വരെയുള്ള അവളുടെ ചിലവ് അവന്റെ ബാധ്യതയാണ്. മുലയൂട്ടുന്നവളാണെങ്കില്‍ മുലകുടി നിര്‍ത്തുന്നത് വരെ ഉമ്മക്ക് അതിന്റെ പ്രതിഫലവും കുഞ്ഞിന് ചിലവും കൊടുക്കേണ്ടത് അവന്റെ ചുമതലയായിരിക്കും.