അബ്ദുര്‍റഹ്മാന്‍ മഹ്ദി
ഒരു മാതൃകാ ഇസ്ലാമിക കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും അവരവരുടെ റോളുകള്‍ കൃത്യമായറിയം. പ്രവാചകന്(സ) പറഞ്ഞു: “നിങ്ങളോരോരുത്തരും ഇടയന്മാരാണ്. നിങ്ങളുടെ കീഴിലുള്ളവരുടെ ഉത്തരവാദിത്വം നിങ്ങള്‍ക്കാണ്.” (ബുഖാരി, മുസ്ലിം)
കുടുംബത്തിന് സംരക്ഷണം നല്‍കേണ്ടതും അവരുടെ ചെലവുകള്‍ വഹിക്കേണ്ടതും അവര്‍ക്ക് മാതൃകയാവേണ്ടതും കുടുംബനാഥനെന്ന നിലയില്‍ കുടുംബത്തെ നയിക്കേണ്ടതും പിതാവാണ്. സ്നേഹവും സന്തോഷവും നിറഞ്ഞ ആരോഗ്യകരമായ അന്തരീക്ഷം കുടുംബത്തില്‍ നിലനിര്‍ത്തേണ്ടത് മാതാവിന്റെ ബാധ്യതയാണ്. കുട്ടികള്‍ക്കു വേണ്ട ഉപദേശങ്ങള്‍ നല്‍കേണ്ടതും അറിവ് നല്‍കേണ്ടതും പ്രാഥമികമായി മാതാവിന്റെ ചുമതലയാണ്. ഒരു നേതൃത്വത്തിനു കീഴിലല്ലാത്ത ഏതൊരു സംഘടനയിലും സംഭവിക്കുന്നതു പോലെ കുടുംബനാഥന്റെ കീഴിലല്ലാത്ത ഏതൊരു കുടുംബത്തിലും അഭിപ്രായഭിന്നതകളും സംഘര്‍ഷവും കുടുംബഛിദ്രതയും അനിവാര്യമായുണ്ടാവും.
“അല്ലാഹു ഇതാ ഒരു മനുഷ്യനെ ഉപമയായി എടുത്തുകാണിച്ചിരിക്കുന്നു. പരസ്പരം വഴക്കടിക്കുന്ന ഏതാനും പങ്കുകാരാണ് അവന്റെ യജമാനന്മാര് . ഒരു യജമാനന് മാത്രം കീഴ്പ്പെടേണ്ടവനായ മറ്റൊരാളെയും (എടുത്തുകാണിച്ചിരിക്കുന്നു). ഉപമയില്‍ ഇവര്‍ രണ്ടുപേരും ഒരുപോലെയാകുമോ? അല്ലാഹുവിന് സ്തുതി. പക്ഷേ അവരില്‍ അധികപേരും അറിയുന്നില്ല.” (വി.ഖു 39:29)
മാതാപിതാക്കളില്‍ വൈകാരികമായും ശാരീരികമായും പ്രകൃതിപരമായും കൂടുതല്‍ കരുത്തുള്ളയാള്‍ അഥവാ പുരുഷന് കുടുംബനാഥനാവുക എന്നത് തികച്ചും യുക്തിപരമാണ്. “സ്ത്രീകള്‍ക്ക് (ഭര്ത്താക്കന്മാരോട്) ബാധ്യതകള്‍ ഉള്ളതുപോലെ തന്നെ ന്യായപ്രകാരം അവര്‍ക്ക് അവകാശങ്ങള്‍ കിട്ടേണ്ടതുമുണ്ട്. എന്നാല്‍ പുരുഷന്മാര്ക്ക് അവരേക്കാളുപരി ഒരു പദവിയുണ്ട്.” (വി.ഖു 2:228)
മക്കള്‍ക്ക് എല്ലാ രംഗത്തുമുള്ള ധാര്‍മിക ശിക്ഷണങ്ങള്‍ നല്കല് മക്കളെ സ്നേഹിക്കുന്ന രക്ഷിതാക്കളുടെ ബാധ്യതയും മാതാപിതാക്കളോട് വേണ്ട കടപ്പാടുകള്‍ നിര്‍വഹിക്കല്‍ മക്കളുടെ ചുമതലയുമാണ്. “തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. അവരില്‍ (മാതാപിതാക്കളില്‍) ഒരാളോ അവരില്‍ രണ്ടുപേരും തന്നെയോ നിന്റെ അടുക്കല്‍വെച്ച് വാര്‍ധക്യം പ്രാപിക്കുകയാണെങ്കില്‍ അവോരട് നീ `ഛെ’ എന്ന് പറയുകയോ, അവരോട് കയര്‍ക്കുകയോ ചെയ്യരുത്. അവരോട് നീ മാന്യമായ വാക്ക് പറയുക. കാരുണ്യത്തോടുകൂടി എളിമയുടെ ചിറക് നീ അവര്‍ക്ക് ഇരുവര്‍ക്കും താഴ്ത്തിക്കൊടുക്കുകയും ചെയ്യുക. എന്റെ രക്ഷിതാവേ, ചെറുപ്പത്തില്‍ ഇവര്‍ ഇരുവരും എന്നെ പോറ്റി വളര്‍ത്തിയതു പോലെ ഇവരോട് നീ കരുണ കാണിക്കേണമേ എന്ന് നീ പറയുകയും ചെയ്യുക.” (വി.ഖു 17:23,24)
കൊച്ചു പ്രായം മുതലേ കുട്ടികളെ ദൈവ ഭക്തരായി വളര്‍ത്തിയില്ലെങ്കില്‍ മുതിര്‍ന്നവരാകുമ്പോള്‍ അവരില്‍ നിന്ന് ശരിയായ സമീപനം പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ട് അല്ലാഹു തന്റെ ഗ്രന്ഥത്തില്‍ ദൈവികശിക്ഷയെക്കുറിച്ച് പറയുന്നു: “സത്യ വിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ കുടുംബാംഗങ്ങളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക” (വി.ഖു 66:6). ശരിയായ രീതിയില്‍ മക്കളെ വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കുകയാണെങ്കില്‍ മഹത്തായ നേട്ടമായിരിക്കും അത്. പ്രവാചകന്(സ) പറയുന്നു: “ആദം സന്തതി മരിക്കുന്നതോടെ, അവന്റെ എല്ലാ കര്‍മങ്ങളും പ്രവര്‍ത്തനങ്ങളും അവസാനിക്കുന്നു; മൂന്നു കാര്യങ്ങളൊഴികെ. നിലനില്‍ക്കുന്ന സ്വദഖ, പ്രയോജനപ്പെടുന്ന വിജ്ഞാനം, തന്റെ മാതാപിതാക്കള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുന്ന സല്‍സ്വഭാവിയായ സന്താനം.” (ബുഖാരി, മുസ്ലിം)
മാതാപിതാക്കള്‍ മക്കളെ വളര്‍ത്തിയത് മതനിഷ്ഠയോടെയാണെങ്കിലും അല്ലെങ്കിലും സ്രഷ്ടാവായ ദൈവത്തെക്കഴിഞ്ഞാല് മുസ്ലിമായ മകനും മകളും ഏറ്റവുമധികം ആദരവും അനുസരണവും കാണിക്കേണ്ടത് തങ്ങളുടെ മാതാപിതാക്കളോടാണ്. അല്ലാഹു ഓര്‍മിപ്പിക്കുന്നു: “അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്; മാതാപിതാക്കള്‍ക്കും ബന്ധുക്കള്‍ക്കും അനാഥകള്‍ക്കും അഗതികള്‍ക്കും നന്മ ചെയ്യണം. ജനങ്ങളോട് നല്ല വാക്ക് പറയണം, പ്രാര്‍ഥന മുറപ്രകാരം നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യണം എന്നെല്ലാം നാം ഇസ്റാഈല്യരോട് കരാര്‍ വാങ്ങിയ സന്ദര്‍ഭം (ഓര്‍ക്കുക)” (വി.ഖു. 2:83)
മക്കള്‍ മുസ്ലിംകളായി മാറിയതിനു ശേഷം ലഭിച്ച കൂടുതല്‍ ശ്രദ്ധയോടെയുള്ള പരിചരണവും ഉത്തരവാദിത്വ നിര്‍വഹണവും കാരണമായി ഇസ്ലാമാശ്ലേഷിച്ച പല വൃദ്ധന്മാരെയും വൃദ്ധകളെയും കുറിച്ച് കേട്ടിട്ടുണ്ട്. “(നബിയേ) പറയുക: നിങ്ങള്‍ വരൂ, നിങ്ങളുടെ രക്ഷിതാവ് നിങ്ങളുടെ മേല്‍ നിഷിദ്ധമാക്കിയത് നിങ്ങള്‍ക്ക് ഞാന്‍ പറഞ്ഞുകേള്‍പ്പിക്കാം. അവനോട് യാതൊന്നിനെയും നിങ്ങള്‍ പങ്കുചേര്‍ക്കരുത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണം. ദാരിദ്ര്യം കാരണമായി സ്വന്തം മക്കളെ നിങ്ങള്‍ കൊന്നുകളയരുത്. നാമാണ് നിങ്ങള്‍ക്കും അവര്‍ക്കും ആഹാരം തരുന്നത്.” (വി.ഖു. 6:51)
മാതാവിനെയും പിതാവിനെയും അനുസരിക്കല്‍ മക്കളുടെ ബാധ്യതയാണെങ്കിലും കൂടുതല്‍ സ്നേഹവും കാരുണ്യവും കടപ്പാടും ഉണ്ടാവേണ്ടത് മാതാവിനോടാണ്. പ്രവാചകനോട്(സ) ഒരാള്‍ ചോദിച്ചു: ഞാന്‍ ഏറ്റവും നന്നായി സഹവസിക്കേണ്ടത് ആരോടാണ് ദൈവദൂതരേ? അദ്ദേഹം പറഞ്ഞു: നിന്റെ മാതാവിനോട്. അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്? പ്രവാചകന്(സ) പറഞ്ഞു: നിന്റെ മാതാവിനോട്. അയാള്‍ വീണ്ടും ചോദിച്ചു: പിന്നെ ആരോടാണ്? പ്രവാചകന്(സ) പറഞ്ഞു: നിന്റെ മാതാവിനോട്. വീണ്ടുമയാള്‍ ചോദിച്ചു: പിന്നെ ആരോടാണ്? അപ്പോള്‍ പ്രവാചകന്(സ) പറഞ്ഞു: തന്റെ പിതാവിനോട്.
“തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യരോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടി നിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന് തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്പത് വയസ്സിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപിതാക്കള്‍ക്കും നീ ചെയ്തുതന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദി കാണിക്കാനും നീ തൃപ്തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കാനും നീ എനിക്ക് പ്രചോദനം നല്കേണമേ. എന്റെ സന്തതികളില്‍ നിന്ന് നീ എനിക്ക് നന്മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചു മടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്പ്പെടുന്നവരുടെ കൂട്ടത്തിലാകുന്നു.” (വി.ഖു 46:15)
Source: shababweekly.net
Thennilavu | തേൻനിലാവ്.കോം | Marital Guidance Portal Marital Magazine for Malayalee Muslims from Nikah in Kerala Muslim Matrimony