Home / കുടുംബം / വീടും കുടുംബവും ഉണങ്ങുന്ന കാലം

വീടും കുടുംബവും ഉണങ്ങുന്ന കാലം

By : പി എം എ ഗഫൂര്‍  Source: shababweekly.net  Link: http://goo.gl/ZepZN6

01-January-960x250കൂട്ടായ്‌മയുടെ അഴകും ആസ്വാദനവുമാണ്‌ കുടുംബത്തിന്റെ അര്‍ഥം. വീട്ടിലാകുമ്പോഴും വീട്ടില്‍ നിന്നകലുമ്പോഴും ഉള്ളുനിറയ്‌ക്കുന്ന സുഖമായും ഉറവ തീരാത്ത സന്തോഷമായും നമ്മുടെ കൂടെയുണ്ടാകേണ്ടതാണിത്‌. കൂടുമ്പോള്‍ ഇമ്പമുണ്ടാകുന്നത്‌ മാത്രമല്ല, കൂടുതല്‍ ഇമ്പമുണ്ടാകുന്നത്‌ കൂടിയാണ്‌ കുടുംബം. വീട്ടിന്റെ പുറത്തുനിന്ന്‌ കിട്ടാത്ത സുഖവും ശൈത്യവും വീട്ടിനുള്ളില്‍ നിന്ന്‌ കിട്ടണം. ഓര്‍മകളില്‍ പോലും കൂടെപ്പോരുന്ന പുളകമാകണം വീടും കുടുംബവും.
പണം കൊടുക്കാതെ ഭക്ഷണം കഴിച്ച്‌, മഴ കൊള്ളാതെ കിടുന്നുറങ്ങാനുള്ള കെട്ടിടമല്ല വീട്‌. ഊഷ്‌മള ബന്ധങ്ങളുടെ ഉറവ വറ്റാത്ത ഉള്‍പ്പുളകമായി അനുഭവിക്കേണ്ട രസമാണത്‌. ബന്ധങ്ങളാണ്‌ വീടിന്റെ ഉള്ളടക്കം. നമ്മുടെ വീട്‌ നമുക്ക്‌ പ്രിയങ്കരമായിത്തീരുന്നത്‌, നമുക്ക്‌ പ്രിയമുള്ളവര്‍ അവിടെയായതിനാലാണ്‌.

വിള്ളലും വിങ്ങലുമില്ലാതെ ബന്ധങ്ങള്‍ നിലനില്‌ക്കണം. അകല്‍ച്ചയുടെ മേഘങ്ങള്‍ കറുത്ത്‌ മൂടുമ്പോഴാണ്‌ ബന്ധങ്ങള്‍ തകര്‍ന്നുതീരുന്നത്‌. നുകര്‍ന്നും പകര്‍ന്നും ഒന്നായിത്തീരുന്ന ആത്മ ബന്ധമായി ഓരോ ബന്ധുവും സ്വന്തമായിത്തീരണം. ബന്ധങ്ങളെ ഒന്നിപ്പിക്കുന്ന വെള്ളി നൂലാണ്‌ സ്‌നേഹം. സ്‌നേഹത്തിന്റെ സാരവും സുഖവുമാണ്‌ ബന്ധങ്ങളില്‍ നിന്ന്‌ ലഭിക്കേണ്ടതും. വേണ്ടുവോളം ആസ്വദിച്ചും അതിലേറെ ആസ്വദിപ്പിച്ചും സ്‌നേഹം തന്നെയാണ്‌ മികച്ചു നില്‌ക്കേണ്ടത്‌. ഉപാധികളില്ലാതെ നമ്മെ സ്‌നേഹിക്കുന്ന കുറച്ചു പേരാണ്‌ വീട്ടിലുള്ളത്‌. രക്തവും രക്തവും തമ്മിലുള്ള ബന്ധമാണത്‌. വേണ്ട എന്നു വെച്ചാല്‍ തീര്‍ന്നു പോകാത്ത ബന്ധുത്വമാണത്‌. വഴിയില്‍ വന്നു ചേരുന്നതാണ്‌ കുടുംബബന്ധങ്ങള്‍ . ഇത്ര കാലവും പരിചിതരല്ലാത്ത ചിലര്‍ , ഇത്രയധികം ഹൃദയത്തില്‍ പറ്റിച്ചേരുന്നതിലെ ആശ്ചര്യം വലുതാണ്‌. `

`…മനുഷ്യനെ സൃഷ്‌ടിക്കുകയും അവനെ രക്തബന്ധമുള്ളവനും വിവാഹ ബന്ധമുള്ളവനുമാക്കുകയും ചെയ്‌തിരിക്കുന്നത്‌ അല്ലാഹുവാണ്‌”(25:54) എന്ന്‌ ഖുര്‍ആന്‍ വര്‍ണിക്കുന്നതിലെ സംഗ്രഹ സന്ദേശം ഇതാണ്‌: ഭദ്രതയുടെയും വികാസത്തിന്റെയും അടിത്തറയാണ്‌ ബന്ധങ്ങള്‍ . പ്രഹര്‍ഷവും പ്രചോദനവും നല്‌കി ജീവിത വഴികളിലെല്ലാം നമ്മെ വിജയിയാക്കുന്നത്‌ നല്ല ബന്ധങ്ങളാണ്‌. നന്മയുള്ള ബന്ധങ്ങളും ബന്ധങ്ങളിലെ നന്മയുമാണ്‌ ജീവിതത്തിന്റെ പ്രേരകങ്ങളില്‍ പ്രധാനം. ഏറെ ജാഗ്രതയോടെ കൈകാര്യം ചെയ്‌തില്ലെങ്കില്‍ ഉടഞ്ഞു തകരാന്‍ എളുപ്പമാണ്‌ ബന്ധങ്ങളെല്ലാം. പിന്നീടൊന്ന്‌ കൂട്ടിയിണക്കാന്‍ അധ്വാനം അധികം വേണ്ടിവരും.

നല്ല ബന്ധങ്ങളുടെയും നല്ല ശീലങ്ങളുടെയും പാര്‍പ്പിടമാകണം വീട്‌. സുകൃതങ്ങള്‍ പഠിക്കുകയും അനുഷ്‌ഠിക്കുകയും ചെയ്യേണ്ട വിദ്യാലയമാണത്‌. സ്‌നേഹം കാണുകയും കൈമാറുകയും ചെയ്യേണ്ട പാഠശാലയാണത്‌. നന്മയുടെ വിളവെടുപ്പിനുള്ള ശിക്ഷണ കേന്ദ്രമാകണം വീട്‌. അന്യോന്യം പുലര്‍ത്തേണ്ട ആദരവും അംഗീകാരവുമാണ്‌ കുടുംബത്തില്‍ നിന്നു പഠിക്കാന്‍ കിട്ടേണ്ടത്‌. ഉന്നതമായ സാംസ്‌കാരിക ശിക്ഷണത്തിലേക്ക്‌ ചുവടുവെക്കേണ്ടത്‌ ഈ അടിക്കല്ലില്‍ നിന്നാണ്‌. ആദരവും അംഗീകാരവും നല്‌കാനും നേടിയെടുക്കാനും സാധിക്കണമെങ്കില്‍ അവ്വിധമൊരു വ്യക്തിത്വം സ്വന്തത്തില്‍ പ്രകാശിക്കണം. അത്‌ രൂപപ്പെടുത്തേണ്ട കളരി മുറ്റമായിത്തീരണം വീട്‌. മനുഷ്യരെയഖിലം അല്ലാഹു ആദരിച്ചിരിക്കുന്നുവെന്നാണ്‌ ഖുര്‍ആന്‍ (17:70) പറയുന്നത്‌. അല്ലാഹുവിന്റെ ആദരം ലഭിച്ചവരെ നമ്മളും ആദരിക്കണം. ബന്ധങ്ങളില്‍ വിശേഷിച്ചും ഈ ആദരത്തിന്‌ പ്രാധാന്യമുണ്ട്‌.

ഉണങ്ങിയ കെട്ടിടം മാത്രമായി വീട്‌ മാറുന്നത്‌ എപ്പോഴാണ്‌? ആദരവിന്റെയും സ്‌നേഹത്തിന്റെയും അഭാവത്തില്‍ ! നിങ്ങള്‍ക്കൊപ്പം ജീവിക്കുന്നവരെയും നിങ്ങളുടെ ബന്ധങ്ങളെയും സ്‌നേഹിക്കാനും ആദരിക്കാനും സാധിക്കുന്നില്ലെങ്കില്‍ , കേവലമൊരു കെട്ടിടം മാത്രമായിത്തീരും നിങ്ങളുടെ വീട്‌. ആദരവിന്റെയും സ്‌നേഹത്തിന്റെയും നിറവും നിലാവുമുണ്ടെങ്കില്‍ നിങ്ങള്‍ക്കതൊരു ആനന്ദ കേന്ദ്രമായിത്തീരും. വിട്ടു പോരാനാകാത്ത വിസ്‌മയ സുഖമായി വീടും കുടുംബവും അനുഭവപ്പെടും.
മുപ്പത്തിരണ്ട്‌ വയസ്സുള്ള ഒരു സുഹൃത്ത്‌ ഈ ലേഖകനുണ്ട്‌. ഇത്രയും വയസ്സിനിടയില്‍ ഒരു പ്രാവശ്യം പോലും അയാള്‍ സ്വന്തം പിതാവിനെ ഒരു പേരില്‍ വിളിച്ചിട്ടില്ല. `ഉപ്പാ’ എന്നോ അതല്ലാത്തതോ ആയ ഒരു പേരില്‍ വിളിച്ചിട്ടില്ലെന്നു മാത്രമല്ല, നിത്യവും കാണുകയും ഒരേ മേല്‍കൂരയ്‌ക്കു കീഴില്‍ താമസിക്കുകയും ചെയ്യുന്ന ആ പിതാവും മകനും ഇത്ര കാലവും ഒരു മിനുട്ടിലേറെ സംസാരിച്ചിട്ടുണ്ടാവില്ല! പരിചയമുള്ള വേറൊരു വീടുണ്ട്‌. മൂന്ന്‌ ആണ്‍മക്കളാണവിടെ. മൂന്നു പേരുടെയും റൂമുകളിലേക്കായി മൂന്നു കേബിള്‍ കണക്‌ഷന്‍! ഒരുമിച്ചിരുന്ന്‌ ഭക്ഷണമില്ല, അത്യാവശ്യ സമയങ്ങളില്‍ പോലും അധികനേരം പരസ്‌പരം മിണ്ടാട്ടമില്ല. ഒരു ബന്ധുവീട്ടിലെ കല്യാണ ഫോട്ടോയില്‍ ഈ മൂന്നു മക്കളും യാദൃച്ഛികമായി ഒന്നിച്ചുനില്‌ക്കുന്ന ഫോട്ടോ കണ്ടപ്പോള്‍ അവരുടെ ഉമ്മയുടെ കണ്ണുനിറഞ്ഞു. ഒരിക്കലും സംഭവിക്കാന്‍ സാധ്യതയില്ലാത്തത്‌, സംഭവിച്ചു പോയതിലുള്ള അത്ഭുതമായിരുന്നു ആ മനസ്സില്‍ !

വേറൊരു സംഭവം: രണ്ടു വര്‍ഷമായി വിദേശത്തുള്ള മകനെക്കുറിച്ച്‌ പിതാവിനോട്‌ അന്വേഷിച്ചപ്പോഴാണ്‌ അറിയുന്നത്‌, അവര്‍ തമ്മില്‍ യാതൊരു ബന്ധവുമില്ല! ഉമ്മയോട്‌ മാത്രമേ അവന്‌ വിളിയും ബന്ധവുമുള്ളൂ. ഉപ്പയോട്‌ അവന്‌ ദേഷ്യമൊന്നുമില്ല, എങ്കിലും ആ ഉപ്പയുടെ കണ്ണു നിറഞ്ഞു!

ഉള്ളു തുറന്ന്‌ സംസാരിക്കുകയോ സ്‌നേഹത്തോടെയൊന്ന്‌ ഇടപെടുകയോ ചെയ്യാത്ത എത്രയെത്ര ഭാര്യാ ഭര്‍ത്താക്കന്മാരുണ്ട്‌! മക്കളെ സ്‌നേഹത്തോടെ ലാളിക്കാത്ത എത്രയോ പിതാക്കളുണ്ട്‌. ഉമ്മയുടെ അരികിലിരുന്ന്‌, പറയാനുള്ളതെല്ലാം കേട്ട്‌, സ്‌നേഹത്തോടെ ചുംബനങ്ങള്‍ നല്‌കി അല്‌പനേരമൊന്ന്‌ ചെലവഴിച്ചു നോക്കൂ; നിങ്ങളില്‍ നിന്ന്‌ കിട്ടുന്ന എത്ര വലിയ സഹകരണത്തേക്കാളും വിലപ്പെട്ടതായിരിക്കുമത്‌. കാര്യങ്ങളെല്ലാം ഉപ്പയോടും ഉമ്മയോടും കൂടിയാലോചിച്ചു നോക്കൂ; അവര്‍ക്കത്‌ വേറെന്തിനേക്കാളും സന്തോഷമായിരിക്കും. വാര്‍ധക്യത്തില്‍ പരിഗണനയാണ്‌ പ്രധാനം. എത്ര അവശരായിരുന്നാലും, എന്തെല്ലാം ദൗര്‍ബല്യങ്ങള്‍ പിടിപെട്ടാലും ആ രണ്ടു പേര്‍ നമുക്ക്‌ ഏറ്റവും പ്രധാനമാവണം. നോക്കൂ, ഉമ്മയുടെ ശരീരം ചുളിഞ്ഞുപോയിരിക്കുന്നു. നീരെല്ലാം വറ്റി ദുര്‍ബലമായിരിക്കുന്നു! ഉമ്മയുടെ ശരീരത്തിലെ ശക്തിയും നീരുമെല്ലാം ഇപ്പോള്‍ എവിടെയാണ്‌? അതിപ്പോള്‍ മക്കളുടെ ശരീരത്തിലാണ്‌! നമുക്ക്‌ വേണ്ടിയാണ്‌ ഉമ്മ കഷ്‌ടപ്പെട്ടത്‌, കാത്തിരുന്നത്‌, കണ്ണീരൊഴുക്കിയത്‌…
ബന്ധങ്ങള്‍ക്കിടയില്‍ സ്‌നേഹത്തിന്റെ നീരു വറ്റുമ്പോള്‍ , വീട്‌ ഉണങ്ങിയ കെട്ടിടം മാത്രമായിത്തീരും; കുടുംബമെന്നത്‌ നിയമപരമായിത്തുടരേണ്ട ബാധ്യത മാത്രമായിത്തീരും.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം