Home / കുടുംബം / വീടും കുടുംബവും ഉടയുന്ന കാലം

വീടും കുടുംബവും ഉടയുന്ന കാലം

broken-jarBy : പി എം എ ഗഫൂര്‍  Source: shababweekly.net  Link: http://goo.gl/ZepZN6

അഞ്ചുവര്‍ഷങ്ങള്‍ക്കു മുമ്പ്‌ പ്രണയബദ്ധരായി വിവാഹിതരായ ദമ്പതികള്‍ . വിവാഹം കഴിഞ്ഞ്‌ രണ്ടുമാസങ്ങള്‍ക്കു ശേഷം ഭര്‍ത്താവ്‌ വിദേശത്തേക്കു പോയി. നാലു വര്‍ഷങ്ങള്‍ക്കു ശേഷമാണ്‌ മടങ്ങി വരവ്‌. അപ്പോഴേക്ക്‌ അവള്‍ക്കും അവനും പുതിയ ബന്ധങ്ങളുണ്ടായി. പരസ്‌പരം വിശ്വാസമേയില്ല. അവളുടെ പുരുഷ സുഹൃത്തുക്കളും അവന്റെ പെണ്‍ സൗഹൃദങ്ങളും ആ ബന്ധത്തെ തകര്‍ത്തു. നാലു വയസ്സുകാരിയായ അവരുടെ പെണ്‍കുഞ്ഞ്‌ മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥയായി കഴിയുന്നു!

രഹസ്യബന്ധങ്ങള്‍ , മദ്യം, ലഹരി, സ്‌ത്രീധനം… ബന്ധങ്ങളെ തകര്‍ത്തെറിയുന്ന കാരണങ്ങള്‍ പെരുകിയിരിക്കുന്നു. ഞങ്ങളുടെ നാട്ടില്‍ ഭേദപ്പട്ട കുടുംബത്തിലെ ഏക പെണ്‍കുട്ടി ഭര്‍തൃവീട്‌ ഉപേക്ഷച്ചുവന്നത്‌ കഴിഞ്ഞ ദിവസമാണ്‌. ഇരുനൂറ്‌ പവന്‍ സ്വര്‍ണവും രണ്ടു ലക്ഷം രൂപയും സ്‌ത്രീധനം നല്‌കിയതാണ്‌. അതും മതിവരാതെ പെണ്‍കുട്ടിയെ ഭര്‍തൃവീട്ടുകാര്‍ പീഡിപ്പിച്ചുകൊണ്ടിരുന്നു. വീട്ടുകാരറിയാതെ അവളുടെ പിതാവ്‌ പിന്നെയും അമ്പത്‌ പവന്‍ ഭര്‍ത്താവിന്‌ നല്‌കി. പക്ഷേ, പീഡനങ്ങള്‍ക്ക്‌ അറുതിയായില്ല. ഒടുവിലിപ്പോള്‍ ബെല്‍റ്റുകൊണ്ടുള്ള അവന്റെ പ്രഹരം കൂടിയായപ്പോള്‍ ആ ബന്ധത്തിന്‌ അവസാനമായി. മൂന്നു വയസ്സുകാരി മകളോടൊപ്പം അവള്‍ തിരിച്ചുപോന്നു!

സമ്പത്ത്‌, ജീവിതത്തെ ആകമാനം ക്രമീകരിക്കുന്ന അവസ്ഥയാണിന്നുള്ളത്‌. ജാതിക്കും ജാതകത്തിനുമപ്പുറം വിവാഹ പരസ്യങ്ങളില്‍ പോലും സ്വത്തിന്റെ- തൊഴില്‍ ,  വിദ്യാഭ്യാസം, കുലീനത എന്നിങ്ങനെ വ്യവഹരിക്കപ്പെടുന്ന സൂചനയും നല്‌കുന്നു. വധൂ വരന്മാരുടെ പൊരുത്തം ഉറപ്പിക്കുന്ന ശക്തമായ ഘടകമായി സാമ്പത്തിക സ്ഥിതി വിവരിക്കപ്പെടുന്നു. സ്‌ത്രീധനത്തിന്റെ പേരില്‍ ചുട്ടു കരിക്കപ്പെടുന്ന സ്‌ത്രീത്വമാണിന്ന്‌ ഇന്ത്യയുടേത്‌. ഉത്തരേന്ത്യയില്‍ നിന്ന്‌ ധാരാളമായി കേട്ടിരുന്ന സ്‌ത്രീധന കൊലപാതകങ്ങള്‍ , സമീപകാലത്ത്‌ മലയാള മാധ്യമങ്ങളിലും നിറയുന്നു. സ്‌ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിരോധിച്ചുകൊണ്ട്‌ ഇന്ത്യന്‍ പാര്‍മെന്റ്‌ പാസ്സാക്കിയ നിയമത്തെ വൃഥ്യാവിലാക്കുന്നവയാണ്‌ ഈ വാര്‍ത്തകളഖിലവും. വിവാഹ പരസ്യങ്ങളില്‍ പോലും സ്വത്തിന്റെയോ പണത്തിന്റെയോ ഓഹരിയുടെയും വിവരണമോ വാഗ്‌ദാനമോ പാടില്ലെന്നാണ്‌ നിയമം! ഇത്തരം പരസ്യം നല്‌കുന്നവരെ ആറുമാസം മുതല്‍ അഞ്ചു വര്‍ഷം വരെ കഠിനതടവിനു വിധിക്കാം. 15,000 രൂപ പിഴയടക്കം! എന്നാല്‍ വധൂവരന്മാരുടെ സാമ്പത്തികാവസ്ഥ വിവരിക്കാതെ `അനുയോജ്യത’ പൂര്‍ണമാകില്ലെന്നതാണ്‌ പരസ്യങ്ങളുടെ സാരം!

എന്താണ്‌ സ്‌ത്രീധനത്തിന്റെ നിയമപരമായ പരിധി? വിവാഹ ബന്ധത്തിലേര്‍പ്പെടുന്ന രണ്ടു വ്യക്തികളോ അവരുടെ മാതാപിതാക്കളോ നേരിട്ടോ അല്ലാതെയോ എന്തെങ്കിലും സ്വത്തുക്കളോ വിലപിടിപ്പുള്ള വസ്‌തുക്കളോ പ്രമാണമോ നല്‌കുകയോ നല്‌കാമെന്നു സമ്മതിക്കുകയോ ചെയ്‌താല്‍ അത്‌ സ്‌ത്രീധനമെന്ന നിര്‍വചനത്തിലുള്‍പ്പെടുന്നു. വിവാഹബന്ധം സ്ഥാപിക്കുന്നതിനു നല്‌കപ്പെടുന്ന എന്തു നിബന്ധനയും സ്‌ത്രീധനമാണ്‌. എന്നാല്‍ ഏതു നിയമത്തിലുമെന്ന പോലെ ഒളിച്ചുകടക്കാവുന്ന പഴുതുകള്‍ ഇതിലുമുണ്ട്‌. വിവാഹസമയത്ത്‌ നല്‍കുന്ന സമ്മാനങ്ങള്‍ സ്‌ത്രീധനമല്ല. `ആവശ്യപ്പെടാതെ’ നല്‌കുന്ന ഇത്തരം സമ്മാനപ്പൊതികള്‍ക്കുള്ളിലാണ്‌ ലക്ഷങ്ങളും സ്വര്‍ണക്കട്ടികളും വീടും വാഹനങ്ങളും വധുവിലൂടെ വരനിലേക്കെത്തുന്നത്‌.

എന്താണ്‌ മനുഷ്യര്‍ തമ്മിലുള്ള ബന്ധം? അതു തീര്‍ച്ചയാക്കുന്നതെങ്ങനെ? കുടുംബത്തിലും സമൂഹത്തിലുമുള്ള വ്യത്യസ്‌ത മനുഷ്യബന്ധങ്ങളുടെ അടിസ്ഥാന ഘടകങ്ങളിലൊന്ന്‌ പണപരമാണ്‌. അങ്ങനെയാകരുതെന്ന്‌ നമ്മളൊക്കെ ആഗ്രഹിക്കുകയും വിശ്വസിക്കുകയും ചെയ്യുമ്പോള്‍ തന്നെ നിര്‍ഭാഗ്യവശാല്‍ ഇന്ന്‌ അതങ്ങനെത്തന്നെയാവുകയാണ്‌. പണത്തിന്‌ മുതലാളിത്തവ്യവസ്ഥയില്‍ അനേകം അവസ്ഥകളുണ്ട്‌. ഭൂമി, വീട്‌, സ്ഥാനമാനങ്ങള്‍, ഉദ്യോഗം, പിന്തുടര്‍ച്ചാവകാശം, സ്വര്‍ണം, വാഹനങ്ങള്‍ എന്നിങ്ങനെ. `ആന, ചത്താലും ജീവിച്ചാലും പന്തീരായിരം’ എന്ന ചൊല്ലുപോലെയാണ്‌ ഈ സ്വത്തുക്കള്‍. ഇരുന്നാലും കൈമാറിയാലും ഇവയ്‌ക്കു വില കൂടുന്നു. ഈ വിലക്ക്‌ മനുഷ്യരെ വാങ്ങുകയും വില്‌ക്കുകയും ചെയ്യാം. അങ്ങനെയുമാണ്‌ മുതലാളിത്തം സ്‌ത്രീപുരുഷന്മാരെ ഒന്നടങ്കം വില്‍പനച്ചരക്കാക്കുന്നത്‌.
താങ്ങാനാവാത്ത സാമ്പത്തിക ബാധ്യത അവശേഷിപ്പിക്കുന്ന ചെലവായി വിവാഹം മാറിയിരിക്കുന്നു.

2000-2005 വര്‍ഷത്തെ കണക്കില്‍ കേരളത്തിലെ മൊത്തം വിവാഹച്ചെലവ്‌ 6,787 കോടി രൂപയാണ്‌. ഇത്‌ സംസ്ഥാനത്തെ ഓരോ കുടുംബത്തിനും 11,311 രൂപയുടെ ബാധ്യത ഉണ്ടാക്കുന്നു. അഥവാ, ഒരു കുടുംബത്തിന്റെ മൊത്തം വരുമാനത്തിന്റെ 14.7 ശതമാനം. വിവാഹം നടന്ന കുടുംബങ്ങളില്‍ സ്വാഭാവികമായും കട ബാധ്യത ഇതിനേക്കാള്‍ കൂടുതലായിരിക്കും. പട്ടിക വര്‍ഗക്കാര്‍ ഒഴികെ എല്ലാ വിഭാഗക്കാരും വിവാഹത്തിനായി വന്‍ തുക ചെലവഴിക്കുന്നു. 81,000 മുതല്‍ രണ്ടര ലക്ഷം രൂപ വരെയാണ്‌ ദാരിദ്ര്യ രേഖയ്‌ക്കു താഴെയുള്ളവരുടെ പോലും വിവാഹച്ചെലവ്‌! വര്‍ധിച്ചുവരുന്ന സ്‌ത്രീധനാവശ്യവും സ്വര്‍ണം കൂടുതലായി വാങ്ങേണ്ടി വരുന്നതുമാണ്‌ വിവാഹച്ചെലവിന്റെ വര്‍ധനവിന്‌ പ്രധാന കാരണം. സ്‌ത്രീധനം കൂടുതല്‍ ക്രിസ്‌ത്യാനികള്‍ക്കിടയിലാണ്‌. അവര്‍ക്കിടയില്‍ തുടര്‍ന്നുവരുന്ന കുടുംബ സ്വത്തിന്റെ പിന്തുടര്‍ച്ചാവകാശത്തിന്റെ ഭാഗമാണിത്‌. എന്നാല്‍ സ്‌ത്രീധനത്തിനെതിരെ മതപരമായ വിലക്കുകള്‍ നിലനില്‌ക്കുമ്പോഴും മുസ്‌ലിംകള്‍ക്കിടയില്‍ സ്‌ത്രീധനസമ്പ്രദായം കൂടുതലായി തന്നെ നിലനില്‌ക്കുന്നു!

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം