Home / കുടുംബം / പ്രിയതമൻ നിങ്ങളോട് പറയാത്ത ചിലത്…

പ്രിയതമൻ നിങ്ങളോട് പറയാത്ത ചിലത്…

Husband-News-618x400

By Abu Ibrahim Ismail 

നിങ്ങളെപ്പോഴെങ്കിലും ആഗ്രഹിച്ചിട്ടുണ്ടോ, ഭര്‍ത്താവിന്റെ മനസ്സ് വായിക്കുവാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്നു? അവന്റെ മനസ്സിന്റെ ഉള്ളറകളിലേക്ക് ആഴത്തില്‍ ഇറങ്ങി നോക്കണമെന്ന്? പാശ്ചാത്യ സംസ്കാരം ദമ്പതികള്‍ക്കിടയിലുള്ള തുറന്നു പറച്ചിലുകളെ ഏറെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. പക്ഷെ മുസ്ലിം സംസ്കാരത്തില്‍  തുറന്ന മനസ്സുള്ളവരല്ല പുരുഷന്മാര്‍ .. അവര്‍ ചിലപ്പോഴെങ്കിലും ഭാര്യയോടു മനസ്സ് തുറന്നു സംസാരിക്കുന്നതില്‍ വൈമനസ്യം കാണിക്കുന്നു.

ചിന്തകളെ വാക്കുകളിലേക്ക് മാറ്റിയെടുക്കാന്‍ കഴിയാതെ വരുന്നതാണ് ഇതിനു പ്രധാന കാരണം. വിചാരങ്ങളെ വാക്കുകളായി രൂപപ്പെടുത്തുന്നതിനേക്കാള്‍ കഠിനമായ ജോലിയാണ് മനസ്സിന്റെ വികാരങ്ങളെ പുറത്തേക്ക് പ്രകടിപ്പിക്കുന്നത്.

അതുകൊണ്ട് തന്നെ, മുസ്ലിം ഭാര്യാ ഭര്‍ത്താക്കന്മാര്‍ പരസ്പരം ഏറെ സംസാരിക്കുന്നവരോ മനസ്സുകള്‍ അറിയുന്നവരോ അല്ല. ഭര്‍ത്താവിന്റെ ചിന്തകളെ അറിയുവാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്ന സഹോദരിമാര്‍ക്ക് വേണ്ടിയുള്ള ഒരു ചെറു കുറിപ്പാണ് ഇത്.

1.  എല്ലാത്തിലുമുപരിയായി, അയാള്‍ നിങ്ങളുടെ ആദരവും ബഹുമാനവും ആഗ്രഹിക്കുന്നു.

സ്ത്രീകളെ ഭര്‍ത്താക്കന്മാര്‍ സ്നേഹിക്കുന്നത് അവര്‍ എത്ര കണ്ടു തങ്ങളെ ബഹുമാനിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ്.

ഭര്‍ത്താവിനു ബഹുമാനവും പരിഗണനയും കൊടുക്കേണ്ടതിന്റെ ആവശ്യം മുസ്ലിം സ്ത്രീ നന്നായി മനസ്സിലാക്കുന്നു. ചെറുപ്പം മുതലേ, തങ്ങളാണ് രക്ഷ കര്‍ത്താക്കള്‍ , വരുമാനം ഉണ്ടാക്കുന്നവരായി മാറേണ്ടവര്‍ എന്നുള്ള പാഠം പഠിച്ചു കൊണ്ടാണ് പുരുഷന്മാര്‍ വളരുന്നത്. ‘ഞാന്‍ നിങ്ങളെ സ്നേഹിക്കുന്നു’ എന്ന് പറയുമ്പോഴും ഭര്‍ത്താവിനെ പ്രതി ബഹുമാനമില്ലാതെ ജീവിക്കുന്ന ഒരു സ്ത്രീയോടൊപ്പം ജീവിതം നയിക്കുക എന്നത് ഒരു ഭര്‍ത്താവിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത പ്രയാസകരമായ ജോലിയാണ്. കുടുംബത്തെ പോറ്റുവാന്‍ കഴിയുന്നത്ര ശ്രമിക്കുമെങ്കിലും അത്തരമൊരു ഭാര്യയെ സ്നേഹിക്കുന്നതില്‍ ഭര്‍ത്താവ് പരാജയപ്പെട്ടെന്നിരിക്കും.

2. അവന്‍ നിങ്ങളുടെ ആത്മാര്‍ഥത ആഗ്രഹിക്കുന്നു.

ഇണയോടുള്ള ബഹുമാനത്തിന്റെ ഒപ്പം നില്‍ക്കുന്ന ഒന്നാണ് ദാമ്പത്യത്തിലെ ആത്മാര്‍ഥത. പാതിവ്രത്യം എന്നും വേണമെങ്കില്‍ പറയാം. ഒരു ബന്ധത്തെ എളുപ്പം തകര്‍ക്കാവുന്ന ഒന്നാണ് ഭര്‍ത്താവിനു ഭാര്യ പതിവ്രത അല്ല എന്ന് തോന്നുമ്പോഴുണ്ടാകുന്ന അസ്വസ്ഥത. വിശ്വാസ വഞ്ചനയെപ്പറ്റിയല്ല, മറിച്ചു ഭര്‍ത്താവിനോടുള്ള കൂറും അനുസരണവുമാണ് പാതിവ്രത്യം കൊണ്ട് ഉദ്ദേശിച്ചത്. ഒരു താങ്ങായി, തണലായി എന്നും കൂടെ ഉണ്ടാകുവാന്‍ ഒരു കൂട്ടാണ് പുരുഷന് ആവശ്യം. ഒരു പക്ഷെ ആണുങ്ങള്‍ അത് അംഗീകരിച്ചെന്നു വരില്ല. പക്ഷെ സത്യം ഇതാണ്, ഒരാണിനും കൂട്ടായി ഒരു പെണ്ണില്ലാതെ കഴിയുകയില്ല. ഭാര്യയുടെ പിന്തുണ തീര്‍ത്തും അനിവാര്യമാണ് ഒരു പുരുഷനെ സംബന്ധിച്ചിടത്തോളം. ഭര്‍ത്താവ് പ്രശ്നങ്ങള്‍ അനുഭവിക്കുമ്പോള്‍ അത് കണ്ടില്ലെന്നു നടിക്കുന്ന ഒരു ഭാര്യയോടൊപ്പം ജീവിക്കുക എന്നത് പ്രയാസകരമാണ് ഒരു പുരുഷന്. ചെറുതും വലുതുമായ കാര്യങ്ങള്‍ക്ക് വിവാഹമോചനത്തെപ്പറ്റിയും പിണങ്ങിപ്പോകുമെന്നും  പറഞ്ഞു ഭര്‍ത്താവിനെ ഭീഷണിപ്പെടുത്തുന്ന സ്ത്രീകളോട് ഒന്നേ പറയാനുള്ളൂ. നിങ്ങളുടെ വൈവാഹിക ബന്ധം നിഷ്ഫലമായിക്കഴിഞ്ഞു.

ജോലി നഷ്ടപ്പെടുമ്പോള്‍ , സാമ്പത്തികമായി പിരിമുറുക്കം അനുഭവിക്കുമ്പോള്‍ , ഒരു ബിസിനസ് തുടങ്ങി അത് തകര്‍ച്ചയുടെ വക്കിലെത്തുമ്പോള്‍ , തന്റെ ഖ്യാതിക്ക് കോട്ടം വരികയും അഭിമാന ക്ഷതമേല്‍ക്കുകയും ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ തീര്‍ച്ചയായും അവന്‍ നിങ്ങളുടെ സാമീപ്യവും സമാശ്വാസവും കൊതിക്കും.

അതുകൊണ്ട് തന്നെ നിങ്ങള്‍ നിങ്ങളുടെ പ്രിയപ്പെട്ടവനോട്‌ ആത്മാര്‍ഥതയുള്ളവരായിരിക്കുക. പതിവ്രതരായിരിക്കുക.

3.   കൂടെക്കൂടെ ശാരീരിക ബന്ധം ആഗ്രഹിക്കുന്നു

ചില സ്ത്രീകള്‍ കരുതുന്നത് പുരുഷന്മാര്‍ ലൈംഗികതയുടെ കാര്യത്തില്‍ തീര്‍ത്തും ഇടുങ്ങിയ ചിന്താഗതിക്കാര്‍ ആണെന്നാണ്‌. പക്ഷെ , യഥാര്‍തത്തില്‍ പുരുഷന്മാര്‍ സെക്സ് വളരെ അധികം ആഗ്രഹിക്കുന്നുണ്ട്.

“എനിക്ക് വയ്യ, തല വേദനയാണ്, അടുത്ത ദിവസമാകട്ടെ” എന്നൊക്കെ നിങ്ങള്‍ നിങ്ങളുടെ ഭര്‍ത്താവിനോട് പറയുമ്പോള്‍ മനസ്സിലാക്കുക, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളോടു പരിഭവത്തോടെയാവും ഉറങ്ങാന്‍ കിടക്കുക. അതയാള്‍ തുറന്നു പറഞ്ഞില്ലെങ്കിലും. കൂടെക്കൂടെ ആവര്‍ത്തിച്ചാല്‍ തീര്‍ച്ചയായും അയാള്‍ നിങ്ങളില്‍ നിന്നും അകലാനും തുടങ്ങും. ഭര്‍ത്താവിന്റെ സ്നേഹം കുറഞ്ഞും തുടങ്ങും.

“ഒരുവന്‍ ഭാര്യയെ കിടപ്പറയിലേക്ക് വിളിക്കുകയും, അവള്‍ പ്രതികരിക്കാതിരിക്കുകയും അവന്‍ ദേഷ്യം പിടിച്ചു കിടന്നുറങ്ങുകയും ചെയ്യുന്ന പക്ഷം, രാത്രി മുഴുവന്‍ മലക്കുകള്‍ അവളെ ശപിച്ചു കൊണ്ടിരിക്കും” (ബുഖാരി,മുസ്ലിം)

4.   മറ്റു സ്ത്രീകളെപ്പറ്റി ചിന്തിക്കുന്നു.

അതെ, സത്യമാണ്. ഇത് വായിച്ചു ദേഷ്യപ്പെടുകയോ നെറ്റി ചുളിക്കുകയോ ചെയ്യുന്നുണ്ടാകാം നിങ്ങള്‍ . പക്ഷെ എല്ലാ പുരുഷന്മാരും മറ്റു സ്ത്രീകളെപ്പറ്റി ചിന്തിക്കാറുണ്ട് എന്നത് സത്യം തന്നെയാണ്. ഭര്‍ത്താവ് നിങ്ങളെ വഞ്ചിക്കുവാന്‍ പോകുന്നുവെന്നോ, രണ്ടാമതൊരു നിക്കാഹ് കഴിക്കുവാന്‍ ഒരുങ്ങുന്നുവെന്നോ, മറ്റു സ്ത്രീകളെ മനസ്സില്‍ സങ്കല്‍പ്പിക്കുന്നുവെന്നോ ഈ പറഞ്ഞതിന് അര്‍ത്ഥമില്ല. മറിച്ചു  ചിലപ്പോഴെങ്കിലും പുരുഷന്മാര്‍ മറ്റൊരു സ്ത്രീയെപ്പറ്റി ചിന്തിക്കുന്നു.

പുരുഷന്മാരെപ്പറ്റി ഒരു തെറ്റായ ധാരണ അല്ല ഇത് വായിച്ചു ഉണ്ടാക്കി എടുക്കേണ്ടത്,പകരം, ഈ ഒരു സത്യത്തെ ഉള്‍ക്കൊള്ളുകയും അതിനനുസരിച്ചു പ്രവൃത്തിക്കുകയുമാണ് വേണ്ടത്. ഭര്‍ത്താവ് അര്‍ഹിക്കുന്നതിലധികം ബഹുമാനം കൊടുക്കുക, എല്ലായ്പോഴും അയാളോട് പതിവ്രത ആയിരിക്കുക, അയാള്‍ ആവശ്യപ്പെടുമ്പോഴൊക്കെ ശാരീരികമായ സുഖം നല്‍കുക എന്നിവയാണ് ഇത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കാനുള്ള ഏറ്റവും നല്ല പോംവഴി.

എന്ന് വച്ചു ഇതൊക്കെ ചെയ്തില്ലെങ്കില്‍ ഭര്‍ത്താവ് നിങ്ങളില്‍ നിന്ന് അകലുമെന്ന് വേറൊരു വിവാഹം കഴിക്കുമെന്നോ ചിന്തിക്കേണ്ടതില്ല. പക്ഷെ, മറ്റു സ്ത്രീകളുമായി താരതമ്യം ചെയ്യുമ്പോള്‍ നിങ്ങള്‍ തന്നെയാണ് മികച്ചു നില്‍ക്കുന്നതെന്ന് അയാള്‍ക്ക്‌ തോന്നും.

5.  നിങ്ങളെ സന്തോഷിപ്പിക്കുവാന്‍ അതിയായി ആഗ്രഹിക്കുന്നു.

എന്തുകൊണ്ടാണ് പുരുഷന്മാര്‍ അഹോരാത്രം കഠിനമായി അധ്വാനിക്കുന്നത്? എന്തിനാകാം കൂടുതല്‍ നല്ല സംരംഭങ്ങള്‍ തേടി ജീവിതം മെച്ചപ്പെടുത്തുവാന്‍ ആഗ്രഹിക്കുന്നത്? എന്തിനാകാം പുരുഷന്മാര്‍ സ്വന്തം ഭാര്യക്ക് സമ്മാനങ്ങള്‍ വാങ്ങി നല്‍കുന്നത്? എല്ലാത്തിനു ഉത്തരം ഇതാണ്. അവര്‍ നിങ്ങളെ വല്ലാതെ സ്നേഹിക്കുന്നു. നിങ്ങളെ സന്തുഷ്ടരായി കാണുവാന്‍ ആഗ്രഹിക്കുന്നു.

വിവാഹ വാര്‍ഷികമോ, മറ്റു വിശേഷ ദിവസങ്ങളോ മറന്നു പോയേക്കാം, പക്ഷെ ഭര്‍ത്താക്കന്മാര്‍ അതൊക്കെയും ഓര്‍ത്ത്‌ വക്കുവാന്‍ നല്ലവണ്ണം ശ്രമിക്കുന്നവര്‍ തന്നെയാണ്. അത്തരം ചെറിയ കാര്യങ്ങള്‍ നിങ്ങളെ വല്ലാതെ സന്തോഷിപ്പിക്കുമെന്നു അവര്‍ക്ക് അറിയാം. അതുകൊണ്ട് തന്നെ, അവന്‍ എന്തെങ്കിലും സമ്മാനങ്ങള്‍ വാങ്ങി നല്‍കുമ്പോള്‍ , അത് വാങ്ങുക, സന്തോഷം പ്രകടിപ്പിക്കുക, അത് കൂടുതലായി ഉപയോഗിക്കുകയും ചെയ്യുക.

6.  നിങ്ങള്‍ ഒന്ന് വഴി കാണിച്ചാല്‍ അയാള്‍ നല്ല മുസ്ലിമായി മാറും.

ആരും പരിപൂര്‍ണ്ണ മുസ്ലിമുകള്‍ അല്ല. നിങ്ങളുടെ ഭര്‍ത്താവ് ഒരു പണ്ഡിതന്‍ ആയിക്കൊള്ളണംഎന്നില്ല. ഒന്ന് പരിപോഷിപ്പിച്ചു കൊടുത്താല്‍ , പ്രേരിപ്പിച്ചാല്‍ അയാള്‍ക്ക്‌ നല്ലൊരു മുസ്ലിമായി മാറുവാന്‍ കഴിയും. എന്നാല്‍ അയാളെ നിര്‍ബന്ധിക്കുന്നത് അയാള്‍ക്ക്‌ ഇഷ്ട്ടപെട്ടെന്നു വരില്ല.

ഭര്‍ത്താവിന്റെ ദീന്‍ പരിപോഷിപ്പിക്കാന്‍ ചെറിയ ചില കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാം. പ്രഭാത നമസ്കാരത്തിനായി വിളിച്ചെഴുന്നേല്പിക്കാം എന്ന് പറയുക, നമസ്കാരം പള്ളിയില്‍ നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കുക, തുടങ്ങിയവയാണ് അത്.

സംയമനത്തോടെ ഇത് തുടര്‍ന്നാല്‍ നല്ലൊരു ഭര്‍ത്താവിനെയും പാരത്രിക പ്രതിഫലവും നിങ്ങള്ക്ക് അത് വഴി ലഭിക്കും. ഖുര്‍ആന്‍ പറയുന്നത് ശ്രദ്ധിക്കുക:

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവൃത്തിക്കുകയും സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും, ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരോഴികെ(അസ്ര്‍:3)

7. പ്രകടിപ്പിച്ചില്ലെങ്കിലും നിങ്ങള്‍ മനസ്സിലാക്കുന്നതിലധികം ഭര്‍ത്താവ് നിങ്ങളെ സ്നേഹിക്കുന്നു.

പുരുഷന്മാര്‍ വികാരങ്ങള്‍ പ്രകടിപ്പിക്കുന്നതില്‍ അത്ര മിടുക്കരല്ല. ‘ഞാന്‍ നിന്നെ സ്നേഹിക്കുന്നു’ എന്ന് പറയുവാന്‍ പോലും മടി കാണിക്കുന്നവരാണ് അവര്‍ . ആണുങ്ങള്‍ ഒരിക്കലും പൂര്‍ണ്ണരല്ല. എങ്കിലും തീര്‍ച്ചയായും അവര്‍ കഴിവിന്റെ പരമാവധി ശ്രമിക്കുന്നവരാണ്. പ്രവാചകനെ(സ്വ) എല്ലാത്തിനും പിന്തുടരുവാന്‍ ശ്രമിക്കുമെങ്കിലും അദ്ദേഹം സ്വഭാര്യമാരോട് വര്‍ത്തിച്ചിരുന്നത് പോലെ എല്ലായ്പോഴും കഴിഞ്ഞെന്നു വരില്ല. നിങ്ങളുദ്ദേശിക്കുന്ന രീതിയില്‍ നിങ്ങളോടു പ്രവൃത്തിക്കുന്നില്ല എന്ന് കരുതി നിങ്ങളുടെ ഭര്‍ത്താവിനു നിങ്ങളോട സ്നേഹമില്ല എന്ന് കരുതരുത്.

അയാള്‍ നിങ്ങളെ ശ്രദ്ധിക്കുകയും വഴക്കിടാതിരിക്കുകയും നിങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പരമാവധി ശ്രമിക്കുകയും ചെയ്‌താല്‍ മനസ്സിലാക്കുക, നിങ്ങളുടെ ഭര്‍ത്താവ് നിങ്ങളെ അങ്ങേയറ്റം സ്നേഹിക്കുന്നു, പ്രണയിക്കുന്നു…

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം