Home / കുടുംബം / അടിച്ചമര്‍ത്തലല്ല ഹിജാബ്

അടിച്ചമര്‍ത്തലല്ല ഹിജാബ്

tumblr_lpx79zPLQm1qazha3o1_500

ലോക പ്രശസ്ത ബോക്സര്‍ ആയിരുന്ന മുഹമ്മദ്‌ അലിയെ നമുക്കെല്ലാവര്‍ക്കും പരിചയം ഉണ്ടാകും. അദ്ദേഹത്ത്തിന്റെ മകള്‍ ഹന അദ്ദേഹത്തെപ്പറ്റി എഴുതിയ പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം നോക്കൂ..

എന്റെ ഓര്‍മ ശരിയാണെങ്കില്‍, ഞാനൊരു വെളുത്ത ടോപും ഒരു കറുത്ത ചെറിയ സ്കര്‍ട്ടും ആയിരുന്നു അന്ന് ധരിച്ചിരുന്നത്.

ഒരു യാഥാസ്ഥിതിക മുസ്ലിം പശ്ചാത്തലത്തിലാണ് ഞാനും എന്റെ സഹോദരിയും വളര്ത്തപ്പെട്ടത്‌, അതിനാല്‍ അത്തരം വെളിവായ വസ്ത്രങ്ങള്‍ ഉപ്പയുടെ മുന്‍പില്‍ ഞങ്ങള്‍ ഒരിക്കലും ധരിക്കാറില്ല.

അങ്ങനെ ഒരു ദിവസം, ഞാനും എന്റെ സഹോദരി ലൈലയും പുറത്ത് പോയി തിരിച്ചു വന്നു. സാധാരണ പോലെതന്നെ, അദ്ദേഹം വാതിലിനു മറവില്‍ ഒളിച്ചുനിന്നു, ഞങ്ങളെ പേടിപ്പിക്കാന്‍…

പരസ്പരം കണ്ടതിന്റെ സ്നേഹം ആലിംഗനത്തിലൂടെ ഞങ്ങള്‍ കൈമാറി.

പിതാവ് ഞങ്ങളെ വാല്‍സല്യത്തോടെ, നന്നായൊന്നു നോക്കികണ്ടു, എന്നിട്ടെന്നെ  മടിയിലിരുത്തി, ജീവിതത്തില്‍ എന്നെന്നേക്കും ഓര്‍മ്മയില്‍ നില്‍ക്കാന്‍ ചില കാര്യങ്ങള്‍ ഞങ്ങളുടെ കണ്ണുകളില്‍ നോക്കി അദ്ദേഹം പറഞ്ഞു തന്നു.

മോളെ ഹന, ലോകത്ത് ദൈവമുണ്ടാക്കിയ അമൂല്യവസ്തുക്കളെല്ലാം ഓരോ മറയിലാണ്, നന്നായി സംരക്ഷിക്കപെട്ടിരിക്കുന്നു.. അവ നമുക്ക് കിട്ടുക എന്നത് വളരെ പ്രയാസമാണ്.!

വജ്രം’ നോക്കൂ, അവ എവിടെയാണ്? ഭൂമിയുടെ ആഴങ്ങളില്‍ ,ഖനികളില്‍ മറച്ചു വെച്ചിരിക്കുന്നു.. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

വിലകൂടിയ പവിഴങ്ങള്‍ എവിടെയാണ്? ആഴക്കടലുകളിലെ  ചിപ്പികള്‍ക്കുള്ളില്‍ മറച്ചുവെച്ചിരിക്കുന്നു..അവ. സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

ഇനി ‘സ്വര്ണ്ണം’ നോക്കൂ..! ഭൂമിക്കടിയില് ഖനികളുടെ ആഴങ്ങളില്‍..പാറയുടെ കനത്ത പാളികളാല്‍ മറച്ചുവെച്ചിരിക്കുന്നു..സംരക്ഷിക്കപ്പെട്ടിരിക്കുന്നു!

അവയെ പുറത്തെടുക്കാന്‍ കഠിനാധ്വാനം കൂടിയേ തീരൂ..

അല്പം ഗൌരവത്തിന്റെ ഭാവത്തില്‍  അദ്ദേഹം എന്നെ നോക്കിയിട്ട് പറഞ്ഞു:

മോളെ ഹന, നിന്റെ ശരീരവും പവിത്രമാണ്. നീ (നിന്നിലെ സ്ത്രീത്വം), അത്വജ്രത്തെക്കാളും ‘പവിഴത്തെക്കാളുംസ്വര്ണ്ണത്തെക്കാളും വിലകൂടിയതാണ്.. ആയതിനാല് നീയും നിന്റെ മേനി മാന്യമായി മറച്ചുസംരക്ഷിക്കണം”  

അല്ലാഹു എല്ലാ വസ്തുവിനെയും കനിഞ്ഞനുഗ്രഹിച്ചിട്ടുണ്ട്. ഓരോന്നിനും ഓരോ രീതിയില്‍.. ഒരു പയറു ചെടിയെ എടുക്കൂ.. പയര്‍ മണികളെ കട്ടിയുള്ളൊരു പുറം തോടിനുള്ളില്‍ മൂടി വച്ചിരിക്കുന്നു പ്രകൃതി.ചെറുപ്രാണികളില്‍ നിന്ന് അവയെ സംരക്ഷിക്കുകയും അതിന്റെ ശരിയായ വിധത്തില്‍ വളരാന്‍ സഹായിക്കുകയും ചെയ്യുന്നു. പഴങ്ങള്‍ എടുത്തു നോക്കൂ.. അവയുടെ തൊലിയില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ച് നോക്കൂ.  അവക്കാ മധുരവും രുചിയും രൂപവും ഒക്കെ ഉണ്ടാകുമായിരുന്നോ? ഇല്ല

എന്നാല്‍ സസ്യങ്ങളെക്കാളും ജന്തുക്കളെക്കാളും മറ്റെന്തിനെക്കാളും വിലപ്പെട്ടതാണ് മനുഷ്യന്‍.. അല്ലാഹു ആദരിച്ച മനുഷ്യന്‍..  അതില്‍ പെണ്‍ വര്‍ഗ്ഗത്തിന് അല്ലാഹു നല്‍കിയ അനുഗ്രഹമാണ് ഹിജാബ്.. ഹിജാബെന്നാല്‍ അവളുടെ സൌന്ദര്യത്തെ കാത്തു സൂക്ഷിക്കാന്‍, അതിനെ വിനയത്തിനും അല്ലാഹുവിനോടുള്ള വിധേയത്വത്തിനും അത് വഴി അവന്റെ പ്രീതിയും കരസ്ഥമാക്കാന്‍ ഉള്ള ഉത്തമ മാര്‍ഗ്ഗം… സ്ത്രീയെ അല്ലാഹു പ്രത്യേക സ്ഥാനങ്ങള്‍ ആദരിച്ചിരിക്കുന്നു. സൌന്ദര്യവും ഉത്തമ സ്വഭാവവുമുള്ള സ്ത്രീയുടെ അലങ്കാരമാണ് ഹിജാബ്. യഥാര്‍ത്ഥ സത്യ വിശ്വാസിനി അതിനെ അല്ലാഹുവിങ്കല്‍ നിന്നുള്ള അനുഗ്രഹമായി തിരിച്ചറിയുകയും അംഗീകരിക്കുകയും ചെയ്യുന്നു. എല്ലാത്തരം അപകടങ്ങളില്‍ നിന്ന് അവളെ സംരക്ഷിക്കാന്‍ ഹിജാബിനു കഴിയുന്ന പോലെ മറ്റൊന്നിനും കഴിഞ്ഞെന്നു വരില്ല. കാരണം അത് ദൈവീകമാണ്‌.

സൂറതുന്നൂറിലെ മുപ്പത്തൊന്നാം സൂക്തം നോക്കൂ…

“നീ സത്യവിശ്വാസിനികളോട് പറയുക: അവരും തങ്ങളുടെ ദൃഷ്ടികള്‍ നിയന്ത്രിക്കണം. ഗുഹ്യഭാഗങ്ങള്‍ കാത്തുസൂക്ഷിക്കണം; തങ്ങളുടെ ശരീരസൌന്ദര്യം വെളിപ്പെടുത്തരുത്; സ്വയം വെളിവായതൊഴികെ. ശിരോവസ്ത്രം മാറിടത്തിനുമീതെ താഴ്ത്തിയിടണം. തങ്ങളുടെ ഭര്‍ത്താക്കന്മാര്‍, പിതാക്കള്‍, ഭര്‍ത്തൃപിതാക്കള്‍, പുത്രന്മാര്‍, ഭര്‍ത്തൃപുത്രന്മാര്‍, സഹോദരങ്ങള്‍, സഹോദരപുത്രന്മാര്‍, സഹോദരീപുത്രന്മാര്‍, തങ്ങളുമായി ഇടപഴകുന്ന സ്ത്രീകള്‍, വലംകൈ ഉടമപ്പെടുത്തിയവര്‍, ലൈംഗികാസക്തിയില്ലാത്ത പുരുഷപരിചാരകര്‍, സ്ത്രൈണ രഹസ്യങ്ങളറിഞ്ഞിട്ടില്ലാത്ത കുട്ടികള്‍ എന്നിവരുടെ മുന്നിലൊഴികെ അവര്‍ തങ്ങളുടെ ശരീരഭംഗി വെളിവാക്കരുത്. മറച്ചുവെക്കുന്ന അലങ്കാരത്തിലേക്ക് ശ്രദ്ധ തിരിക്കാനായി കാലുകള്‍ നിലത്തടിച്ച് നടക്കരുത്. സത്യവിശ്വാസികളേ; നിങ്ങളെല്ലാവരും ഒന്നായി അല്ലാഹുവിങ്കലേക്ക് പശ്ചാത്തപിച്ചു മടങ്ങുക. നിങ്ങള്‍ വിജയം വരിച്ചേക്കാം.”

സ്ത്രീത്വവും സൌന്ദര്യവും അങ്ങേയറ്റം സൂക്ഷ്മതയോടെ സംരക്ഷിക്കപ്പെടേണ്ട ഒന്നാണ്. അതുകൊണ്ട് തന്നെ അതിനെ പോറല്‍ ഏല്‍പിക്കാതെ സൂക്ഷിക്കുക എന്നാ ദൌത്യമാണ് ഹിജാബ് നിര്‍വ്വഹിക്കുന്നത്.  അലസമായി വസ്ത്രം ധരിച്ചു, പുരുഷന്മാരുടെ മുന്‍പിലൂടെ നടക്കുന്ന ചില സ്ത്രീകളെ കണ്ടിട്ടില്ലേ…  ഊര്‍ന്നു വീഴുന്ന ‘തട്ടം’ അവര്‍ ഇടയ്ക്കിടെ വലിച്ചു കയറ്റിയിടും എന്നതൊഴിച്ചാല്‍ പലപ്പോഴും അവരുടെ  മുടിയും കഴുത്തും എല്ലാം വെളിവായി കാണാന്‍ കഴിയും. അവര്‍ ആഗ്രഹിച്ചിട്ടില്ലെങ്കില്‍ പോലും പുരുഷന്മാര്‍ അത് കണ്ടു ആസ്വദിക്കുകയും അടുത്തു വന്നു ശല്യപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യും.

എന്നാല്‍ തല മുഴുവന്‍ മൂടുകയും ശ്രദ്ധയോടെ അത് താഴ്ത്തിയിട്ടു നടക്കുകയും ചെയ്യുന്ന സ്ത്രീകളെ പലപ്പോഴും ആരും ശല്യം ചെയ്യാറില്ല. മിക്കവാറും ആദരവോടും ബഹുമാനത്തോടും തന്നെയാണ് പൊതു ഇടങ്ങളില്‍ ഇടപെടുമ്പോള്‍ ആളുകള്‍ നോക്കിക്കാണുന്നത്.

സൌന്ദര്യം ഭര്‍ത്താവിനു മാത്രമുള്ളതാണ്. അണിഞ്ഞൊരുങ്ങുകയും ഒപ്പം മനസ്സില്‍ പുരുഷന്മാര്‍ തന്നെ നോക്കി രസിക്കണം എന്ന് ആഗ്രഹിക്കുകയും ചെയ്യുന്നത് തെറ്റ് തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ.. പ്രിയതമന്റെ സാമീപ്യത്തില്‍ അവനു വേണ്ടി മാത്രം മൊഞ്ച് വെളിവാക്കുക.

എന്നാല്‍ പല പെണ്‍കുട്ടികളും ഹിജാബ് എന്ന ആശയത്തെ അടിച്ചമര്‍ത്തല്‍ മാത്രമായി കാണുന്നവരാണ്. തങ്ങളുടെ മാതാപിതാക്കളോട് പോലും ഹിജാബ് ഇടാന്‍ പഠിപ്പിക്കുന്നതിന്റെ പേരില്‍ യുദ്ധത്തിനു ഇറങ്ങിത്തിരിക്കുന്നവര്‍. പല മാധ്യമങ്ങളും സ്ത്രീയുടെ ഹിജാബിനെ അവള്‍ക്കു മേല്‍ ഉള്ള അടിച്ചമര്‍ത്തല്‍ ആയാണ് കാണുന്നത്. സിനിമയാകട്ടെ സാഹിത്യമാവട്ടെ തട്ടത്തിന്‍ മറയത്തെ പെണ്ണുങ്ങള്‍ വീര്‍പ്പു മുട്ടി ജീവിക്കുന്നവരാണെന്ന് സമൂഹത്തെ പറഞ്ഞു വിശ്വസിപ്പിക്കുന്നു.

എന്നാല്‍ അത് ധരിക്കുന്നവര്‍ അനുഭവിക്കുന്ന സ്വസ്ഥതയും സമാധാനവും സുരക്ഷിത ബോധവും അറിഞ്ഞാല്‍ അവര്‍ക്കും തോന്നും ഹിജാബ് ഒന്ന് പരീക്ഷിച്ചു നോക്കണം എന്ന്…  കാരണം മുന്‍പേ പറഞ്ഞുവല്ലോ…   അത് അല്ലാഹുവിന്റെ അനുഗ്രഹമാണ്… അവന്‍ കനിഞ്ഞെകിയ കവച്ചമാണ്… ദൈവീകമാണ്‌…  അവന്റെ സൃഷ്ടിയായ പെണ്ണിന് അവന്‍ നല്‍കിയ ആദരമാണ്….

ഹിജാബ് നന്മയാണ് ….അടിച്ചമര്‍ത്തലല്ല….

stock-photo-22721979-questionQ : ആറാം നൂറ്റാണ്ടിലെ അറേബ്യന്‍ സ്‌ത്രീകള്‍ അണിഞ്ഞിരുന്ന പര്‍ദയും ബുര്‍ഖയും ആധുനിക സ്‌ത്രീയുടെ മേലും മതനേതാക്കന്മാര്‍ അടിച്ചേല്‌പിക്കുന്നുണ്ടല്ലോ. എന്നാല്‍, അറേബ്യന്‍ പുരുഷന്മാര്‍ അണിയുന്ന വേഷം ഇവിടത്തെ പുരുഷന്മാരുടെ മേല്‍ നിര്‍ബന്ധമാക്കുന്നുമില്ല. അഥവാ, പുരുഷന്മാര്‍ക്ക്‌ ഏതു വേഷവുമാകാം. സ്‌ത്രീകള്‍ക്കാവട്ടെ, ഒരേയൊരു നിശ്ചിത വേഷവും. ഇതുവഴി ഇസ്‌ലാം, പുരുഷമേധാവിത്വത്തിനു കൊടിപിടിക്കുകയല്ലേ ചെയ്യുന്നത്‌?       കെ പി റുമാന (മുതുമല)

A : ആറാം നൂറ്റാണ്ടിലെ അവിശ്വാസികളായ അറേബ്യന്‍ സ്‌ത്രീകള്‍ പര്‍ദയും ബുര്‍ഖയും അണിഞ്ഞിരുന്നില്ല. പല രൂപത്തിലും അളവിലുമുള്ള വസ്‌ത്രങ്ങളാണ്‌ അവര്‍ ധരിച്ചിരുന്നത്‌. മാര്‍വിടം പോലും തുറന്നിട്ടു നടക്കുന്നവരും അവരുടെ കൂട്ടത്തിലുണ്ടായിരുന്നു.

സ്‌ത്രീകളുടെയും പുരുഷന്മാരുടെയും ശക്തി ദൗര്‍ബല്യങ്ങളെ സംബന്ധിച്ച്‌ നന്നായി അറിയാവുന്ന ലോകരക്ഷിതാവ്‌ ഇരു വിഭാഗത്തിന്റെയും സര്‍വതോമുഖമായ നന്മയ്‌ക്കു വേണ്ടി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങള്‍ അറേബ്യയിലെ സത്യവിശ്വാസികള്‍ അംഗീകരിച്ചതോടെയാണ്‌ ഇസ്‌ലാമിക വേഷത്തിന്റെ കാര്യത്തില്‍ അവര്‍ നിഷ്‌ഠപുലര്‍ത്താന്‍ തുടങ്ങിയത്‌. ഇന്നും യഥാര്‍ഥ വിശ്വാസികള്‍ ഈ നിലപാട്‌ തുടരുകയും ചെയ്യുന്നു. വേഷത്തിലും ഭാവത്തിലും മാന്യത പുലര്‍ത്തണമെന്ന്‌ അല്ലാഹു പുരുഷന്മാരോടും സ്‌ത്രീയോടും ഒരുപോലെ കല്‍പിച്ചിട്ടുണ്ട്‌:  ഉദാഹരണം: (വി.ഖു. 24:30,31)

ലൈംഗിക വികാരത്തോടെ അന്യ സ്‌ത്രീ-പുരുഷന്മാര്‍ പരസ്‌പരം നോക്കുന്നത്‌ വിലക്കുകയും അന്യസ്‌ത്രീ-പുരുഷന്മാര്‍ തമ്മില്‍ കണ്ടുമുട്ടിയാല്‍ മാന്യതയോടെ ദൃഷ്‌ടി താഴ്‌ത്തണമെന്ന്‌ നിര്‍ദേശിക്കുകയും ചെയ്യുന്നേടത്ത്‌ വിശുദ്ധ ഖുര്‍ആന്‍ ലിംഗവിവേചനമൊന്നും കാണിച്ചിട്ടില്ല. ഇതില്‍ പുരുഷ മേധാവിത്വമോ സ്‌ത്രീ മേധാവിത്വമോ ഇല്ല. സദാചാര ഭ്രംശത്തിനുള്ള സാധ്യത ഒഴിവാക്കി ഇരു വിഭാഗത്തിന്റെയും സാന്മാര്‍ഗിക നില ഭദ്രമാക്കണമെന്ന സദുദ്ദേശ്യം മാത്രമേ ഈ നിര്‍ദേശത്തിലുള്ളൂ.

ആധുനിക കാലത്തെന്നപോലെ പ്രാചീനകാലത്തും അറേബ്യയിലെ പുരുഷന്മാരില്‍ ഭൂരിഭാഗവും വീട്ടില്‍ നിന്ന്‌ പുറത്തുപോകുമ്പോള്‍ ഉടുതുണിക്കു പുറമെ കുപ്പായവും തലപ്പാവും ഉള്‍പ്പെടെയുള്ള വേഷമാണ്‌ അണിഞ്ഞിരുന്നത്‌. തലപ്പാവ്‌ അണിയാത്തവരും തലയും കൈകളും പാദങ്ങളും ഒഴികെയുള്ള ശരീരഭാഗങ്ങള്‍ മറച്ചിരുന്നു. അതിനാല്‍ അവരുടെ വസ്‌ത്രധാരണ രീതിയില്‍ മൗലികമായ മാറ്റം വരുത്തേണ്ട ആവശ്യമില്ലാതിരുന്നതിനാലാണ്‌ വിശുദ്ധഖുര്‍ആന്‍ ആ കാര്യം പരാമര്‍ശിക്കാതെ സ്‌ത്രീകളുടെ സുരക്ഷയ്‌ക്കും ധര്‍മനിഷ്‌ഠയ്‌ക്കും ആവശ്യമായ വേഷം നിര്‍ദേശിച്ചത്‌. മാറിടത്തിലെ നിമ്‌നോന്നതികള്‍ വ്യക്തമാകാത്ത വസ്‌ത്രമായിരിക്കണം പുരുഷന്മാര്‍ ധരിക്കേണ്ടത്‌ എന്ന്‌ പടച്ചവന്‍ എന്തുകൊണ്ട്‌ പറഞ്ഞില്ല എന്ന്‌ ചോദ്യകര്‍ത്താവിന്‌ സംശയമുണ്ടാവില്ലെന്ന്‌ പ്രതീക്ഷിക്കുന്നു.

ചരിത്രത്തില്‍ രൂപംകൊണ്ട ഭൗതിക നിയമങ്ങളിലൊക്കെ പുരുഷമേധാവിത്വ സ്വഭാവമുണ്ടായിരുന്നു. സ്‌പോര്‍ട്‌സിലും സിനിമയിലുമൊക്കെ സ്‌ത്രീയെക്കൊണ്ട്‌ ഏറ്റവും കുറഞ്ഞ അളവില്‍ വസ്‌ത്രം ധരിപ്പിച്ച്‌ അവളെ വില്‌പനച്ചരക്കാക്കുകയും അവളുടെ സൗന്ദര്യം ആസ്വദിക്കുകയുമാണ്‌ പുരുഷകേസരികള്‍ ഇപ്പോള്‍ ചെയ്യുന്നത്‌. എന്നാല്‍ ഒരു സമൂഹത്തിലെ സ്‌ത്രീകള്‍ മുഴുവന്‍ ഇസ്‌ലാമിക വേഷം ധരിച്ചാല്‍ അവരുടെ സൗന്ദര്യം ആസ്വദിക്കാനോ അവരെ വാണിജ്യവത്‌കരിക്കാനോ പുരുഷന്മാര്‍ക്കാര്‍ക്കും സാധിക്കാതെ വരികയാണ്‌ ചെയ്യുക. ഇത്തരമൊരവസ്ഥയ്‌ക്ക്‌ വേണ്ടി പുരുഷമേധാവിത്വവാദികളാരും രംഗത്ത്‌ വരികയില്ലെന്ന്‌ സാമാന്യ യുക്തിബോധമുള്ള ആര്‍ക്കും ഗ്രഹിക്കാവുന്നതാണ്‌.

പര്‍ദ എന്നോ ബുര്‍ഖ എന്നോ പേരുള്ള വസ്‌ത്രം തന്നെ ധരിക്കണമെന്ന്‌ ഇസ്‌ലാം നിര്‍ബന്ധിക്കുന്നില്ല. മുഖവും കൈപ്പടങ്ങളും ഒഴികെയുള്ള ശരീര ഭാഗങ്ങള്‍ മറയുന്നതും അംഗലാവണ്യം തെളിയിച്ചു കാണിക്കാത്തതുമായ ഏതുതരം വസ്‌ത്രവും സ്‌ത്രീകള്‍ക്ക്‌ ധരിക്കാവുന്നതാണ്‌. സ്‌ത്രീകളെ അനുകരിക്കുന്നതല്ലാത്തതും മാന്യതയ്‌ക്ക്‌ ഇണങ്ങുന്നതുമായ വേഷം മാത്രമേ ഇസ്‌ലാം പുരുഷന്മാര്‍ക്ക്‌ അനുവദിച്ചിട്ടുള്ളൂ. പുരുഷന്മാരെ വശീകരിക്കുന്ന വേഷം ധരിച്ചത്‌ നിമിത്തം സ്‌ത്രീകള്‍ ചൂഷണത്തിനും പീഡനത്തിനും ഇരയായതുപോലെ പുരുഷന്മാര്‍ ലൈംഗിക പീഡനത്തിന്‌ ഇരയാകാറില്ല എന്ന വസ്‌തുത ചോദ്യകര്‍ത്താവിന്‌ അജ്ഞാതമാകാനിടയില്ല. സ്‌ത്രീയുടെ വസ്‌ത്രധാരണത്തില്‍ ഇസ്‌ലാം അല്‌പം കൂടുതല്‍ നിഷ്‌കര്‍ഷ കാണിച്ചതിന്റെ താല്‌പര്യം സ്‌ത്രീകള്‍ക്ക്‌ സുരക്ഷയും വിശുദ്ധിയും ഉറപ്പുവരുത്തുക എന്നതാണ്‌. അവരുടെ മേല്‍ മേധാവിത്വം സ്ഥാപിക്കുകയല്ല.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം