Home / കുടുംബം / സഹധര്‍മിണികളോട് കൂടിയാലോചിക്കുന്നതിലും പുണ്യമുണ്ട്

സഹധര്‍മിണികളോട് കൂടിയാലോചിക്കുന്നതിലും പുണ്യമുണ്ട്

sahaBy: ഫതഹുല്ലാ ഗുലന്‍ Source : Islampadasala Link:http://goo.gl/I21qAX

മുഹമ്മദ് നബി (സ) തന്റെ ഭാര്യമാരോടു സുഹൃത്തുക്കള്‍ എന്ന നിലയില്‍ കാര്യങ്ങള്‍ തുറന്നു സംസാരിക്കുകയും കൂടിയാലോചിക്കുകയും ചെയ്തിരുന്നു. സത്യത്തില്‍ പ്രവാചകന് അവരുടെ ഉപദേശനിര്‍ദേശങ്ങളുടെ ആവശ്യമില്ല. കാരണം തിരുമേനി അല്ലാഹുവിന്റെ വഹ്‌യ് മുന്‍നിര്‍ത്തി  പ്രവര്‍ത്തിക്കുന്ന പ്രവാചകനാണ്. എന്നാല്‍ തന്റെ അനുയായികള്‍ക്കും അന്ത്യനാള്‍വരേക്കുമുള്ള  മുസ്‌ലിംസമൂഹത്തിനും  വലിയ ഒരു പാഠമാണ് അത് വഴി തിരുമേനി പകര്‍ന്നുനല്‍കിയത്. ഓരോ വിശ്വാസിയും തങ്ങളുടെ ഭാര്യമാരെ വേണ്ടത്ര ശ്രദ്ധിക്കുകയും പരിഗണിക്കുകയും ചെയ്യണമെന്ന പാഠം.

ആധുനികകാലഘട്ടത്തില്‍ ഇത്   വലിയ കാര്യമല്ലായിരിക്കാം. എന്നാല്‍ പ്രവാചകന്‍തിരുമേനിയുടെ കാലത്ത് ഇതൊരു വിപ്ലവകരമായ ചുവടുവെപ്പായിരുന്നുവെന്നു പ്രത്യേകംപറയേണ്ടതില്ല. തന്റെ ഭാര്യമാരോടുള്ള അവിടുത്തെ സഹവര്‍ത്തിത്വം എങ്ങനെയായിരുന്നുവെന്ന് തിരുമേനി മാനവരാശിയെ പഠിപ്പിക്കുകയായിരുന്നു.

ഒരു ഉദാഹരണം നോക്കൂ. ഹുദൈബിയ സന്ധിയില്‍ മുസ്‌ലിംകള്‍ മക്കാമുശ്‌രിക്കുകളുമായി നടത്തിയ സന്ധിയില്‍ പല അനുയായികള്‍ക്കും കടുത്ത അതൃപ്തി ഉണ്ടായി.കരാറിലെ ഓരോ നിബന്ധനകളും പ്രത്യക്ഷത്തില്‍ മുസ്‌ലിംകള്‍ക്കെതിരായി എന്നതായിരുന്നു അസംതൃപ്തിക്കുകാരണം.  മുസ്‌ലിംകളെ ആ വര്‍ഷം ഹജ്ജിന് അനുവദിക്കില്ല എന്നതായിരുന്നു സന്ധിയിലെ ഒരു വ്യവസ്ഥ. എന്നാല്‍ സ്വഹാബാക്കള്‍ക്ക് അത് സ്വീകാര്യമായിരുന്നില്ല.  മക്കയില്‍  തങ്ങി ഹജ്ജ് നിര്‍വഹിച്ചിട്ടേ പോകൂ എന്ന വാശിയിലായിരുന്നു അവര്‍. അതിന്റെ പേരില്‍ വരുന്ന എന്തു പ്രത്യാഘാതങ്ങളും സഹിക്കാന്‍ അവര്‍ തയ്യാറായിരുന്നു. എന്നാല്‍ അവര്‍ കൊണ്ടുവന്ന ബലിമൃഗങ്ങളെ അറുക്കാനും അതുവഴി ഇഹ്‌റാമില്‍ നിന്ന് വിരമിക്കാനും പ്രവാചകന്‍ തിരുമേനി അവരോട് കല്‍പ്പിച്ചു. എന്നാല്‍ പല സ്വഹാബിമാരും പ്രവാചകന്റെ വാക്കു ചെവിക്കൊണ്ടില്ല. നബിതിരുമേനി തീരുമാനം മാറ്റുമെന്ന് പ്രതീക്ഷിച്ച് അനങ്ങാതിരുന്നു. തിരുമേനി കല്‍പ്പന ആവര്‍ത്തിച്ചെങ്കിലും ആരും അനുസരിച്ചില്ല. നബി ഇനിയും നബിയുടെ തീരുമാനം പുനപ്പരിശോധിക്കുമെന്നായിരുന്നു അവരുടെ പ്രതീക്ഷ.

ഇതു കണ്ട തിരുമേനി തിരിച്ചു തമ്പിനകത്തേക്കു കയറി. പ്രവാചക പത്‌നി ഉമ്മുസലമയാണ് പ്രവാചകനെ ആ വേളയില്‍ അനുഗമിച്ചിരുന്നത്.  സാഹചര്യം മനസ്സിലാക്കിയ അവര്‍ പ്രവാചകനു മുമ്പില്‍ ഒരു നിര്‍ദേശം വച്ചു. പ്രവാചകന് തന്റെ നിര്‍ദേശങ്ങളുടെയൊന്നും ആവശ്യമില്ലെന്ന നല്ല ബോധ്യത്തോടെ തന്നെയാണ് അവര്‍ പറയുന്നത്. എന്നാല്‍ മുസ്‌ലിം സമുദായത്തിന് അതു വഴി വലിയ ഒരു പാഠം ലഭിക്കുകയായിരുന്നു. എന്തെന്നാല്‍ വളരെ സുപ്രധാനങ്ങളായ വിഷയങ്ങള്‍ അവ ഗാര്‍ഹികമോ അല്ലാത്തതോ ആയിക്കൊള്ളട്ടെ,  ഭാര്യമാരുമായി പങ്കുവെച്ച് അവരുടെ ഉപദേശങ്ങള്‍ തേടുന്നതില്‍ നന്‍മയുണ്ട് എന്നതായിരുന്നു.

അവര്‍ പറഞ്ഞു. ‘അല്ലാഹുവിന്റെ റസൂലേ! ബലിയറുക്കാനുള്ള കല്‍പ്പന ഇനി ആവര്‍ത്തിക്കേണ്ടതില്ല. അവര്‍ ഒരുപക്ഷേ അനുസരിച്ചില്ലെന്നു വരാം. അങ്ങ് സ്വയം തന്റെ ബലി മൃഗത്തെ അറുത്ത് തീര്‍ത്ഥാടന വസ്ത്രം മാറുക. അതുകാണുമ്പോള്‍ അങ്ങയുടെ തീരുമാനം അന്തിമമാണെന്നു മനസ്സിലാക്കി അവര്‍ അനുസരിച്ചുകൊള്ളും. പ്രവാചകന്‍ തിരുമേനി ഉടനെ കത്തിയെടുത്തു പുറത്തേക്കിറങ്ങി തന്റെ ഉരുവിനെ അറുക്കുകയും  ഇഹ്‌റാം വസ്ത്രം മാറ്റുകയും ചെയ്തു. ഇതുകണ്ട പ്രവാചകാനുയായികളും അദ്ദേഹത്തെ അനുധാവനം ചെയ്തു.

എല്ലാ ചെറുതും വലുതുമായ നല്ല കാര്യങ്ങളും തിരുമേനി ചെയ്യുന്നതിനു മുമ്പ് തന്റെ കുടുംബവുമായി ആലോചിക്കുകയും  അഭിപ്രായങ്ങള്‍ ആരായുകയും ചെയ്യും. ഇക്കാലത്ത് നമ്മില്‍ പലരും നബി(സ)യുടെ ഈ സ്വഭാവം  കൈക്കൊള്ളുന്നില്ല. നമ്മുടെ കാല്‍ക്കീഴില്‍ തന്നെ നിധിവെച്ചിട്ട് അതന്വേഷിച്ച് ഭൂമി മുഴുവന്‍ കിളച്ചുനോക്കുന്നവനെപ്പോലെയാണ്  നമ്മുടെ അവസ്ഥ. യാഥാര്‍ഥ്യമോ, പ്രവാചകപാരമ്പര്യം പിന്‍പറ്റി നമ്മുടെ ഭാര്യമാരുമായി കൂടിയാലോചിക്കുക വഴി ഒട്ടേറെ പ്രശ്‌നങ്ങളില്‍ നമുക്കു പരിഹാരം കണ്ടെത്താനാവുമെന്നതാണ്.

പലരുടെയും മനസ്സില്‍ സ്ത്രീകള്‍ രണ്ടാംകിടക്കാരാണ്. സ്ത്രീകളുടെ അവകാശ സംരക്ഷകരെന്ന് സ്വയം പ്രഖ്യാപിച്ചു രംഗത്തുവരുന്നവരും ഇക്കാര്യത്തില്‍ വ്യത്യസ്തരല്ല. നമ്മെ സംബന്ധിച്ചിടത്തോളം സ്ത്രീ എല്ലാ പൂര്‍ണതയുടെയും ഒരു ഭാഗമാണ്. അര്‍ധഭാഗത്തെ അര്‍ത്ഥപൂര്‍ണ്ണമാക്കുന്നതും ഉപയോഗപ്രദമാക്കുന്നതുമായ എതിര്‍ ഭാഗമാണ് സ്ത്രീ. ഒന്നില്ലാതെ മറ്റൊന്നില്ല. ഈ രണ്ടു ഭാഗങ്ങളും ചേര്‍ന്നാലേ മനുഷ്യകുലത്തിന്റെ യഥാര്‍ത്ഥ ഐക്യം സാധ്യമാവുകയുള്ളൂ. ഈ രണ്ടു വര്‍ഗങ്ങള്‍ തമ്മില്‍ ഐക്യമില്ലെങ്കില്‍ മനുഷ്യവംശം നിലനില്‍ക്കില്ല. മനുഷ്യകുലമില്ലെങ്കില്‍ പ്രവാചകത്വമോ, സന്ന്യാസമോ എന്തിനേറെ ഇസ്‌ലാം തന്നെയുണ്ടായിരിക്കില്ല.

അല്ലാഹുവിന്റെ പ്രവാചകന്‍ (സ) സ്ത്രീകളോടു വളരെ മാന്യമായി പെരുമാറണമെന്ന് ഉപദേശിക്കാറുണ്ടായിരുന്നു. നിങ്ങളില്‍ ഏറ്റവും ഉത്തമര്‍ ഏറ്റവും ഉല്‍കൃഷ്ട സ്വഭാവമുള്ളവരാണ്. നിങ്ങളില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവര്‍ തങ്ങളുടെ പത്‌നിമാരോടു ഏറ്റവും നന്നായി പെരുമാറുന്നവരാണ് എന്ന് തിരുമേനി പറഞ്ഞു. മനുഷ്യ ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളര്‍ഹിക്കുന്ന  അന്തസ്സും ആദരവും തത്ത്വത്തിലും പ്രയോഗത്തിലും വകവെച്ചുകിട്ടിയത് പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തു മാത്രമായിരുന്നുവെന്നതാണ് സത്യം.

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം