by സദഫ് ഫാറൂഖി Source: Islampadasala Link: http://goo.gl/Q5Q6na
ഇരുപതുകളുടെയും മുപ്പതുകളുടെയും നാല്‍പതുകളുടെയും അവസാനത്തിലെത്തിയിട്ടും വിവാഹജീവിതത്തിലേക്ക് കാല്‍വെക്കാന്‍ കഴിയാതെ ഹതാശരായ ഒട്ടേറെയാളുകളെ നമുക്കുചുറ്റും കാണാറുണ്ട്. വളരെ ചുറുചുറുക്കോടെ , എല്ലാവരുടെയും ശ്രദ്ധയാകര്‍ഷിക്കുംവിധം ശരീര-ശബ്ദസൗകുമാര്യമുള്ള, വിദ്യാസമ്പന്നരായ അവരെ ക്കാണുമ്പോള്‍ യാതൊന്നിനും കുറവില്ലാത്ത സൗഭാഗ്യവാന്‍മാരെന്ന് മനസ്സില്‍ വിചാരിക്കും. അടുത്തുചെന്ന് പരിചയപ്പെട്ട് വിശേഷങ്ങള്‍ തിരക്കുമ്പോഴാണ് ഇപ്പോഴും അവിവാഹിതനായി അല്ലെങ്കില്‍ അവിവാഹിതയായി കഴിയുകയാണ് കക്ഷിയെന്ന് നാം തിരിച്ചറിയുക.
‘അതെന്താ അവന്‍/അവള്‍ ഇതുവരെ വിവാഹം കഴിക്കാതിരുന്നത്? ഉപ്പയും ഉമ്മയും എന്താണ് ഇത്രയായിട്ടും വിവാഹത്തിന് മുന്‍കയ്യെടുക്കാതിരുന്നത്? ഇത്രയും സൗന്ദര്യമുണ്ടായിട്ടും, വിദ്യാസമ്പന്നയായിട്ടും ഇതുവരെ കല്യാണം നടത്തിയിട്ടില്ലെന്നോ..!’ ആളുകള്‍ കാണുന്ന മാത്രയില്‍ വര്‍ത്തമാനം തുടങ്ങുകയിങ്ങനെയായിരിക്കും.
രക്ഷിതാക്കളാകട്ടെ, മക്കളെ സംബന്ധിച്ച ഇത്തരം അടക്കിപ്പിടിച്ച സംസാരം വഴിതിരിച്ചുവിടാനോ, ശ്രദ്ധതിരിച്ചുവിടാനോ, അല്ലെങ്കില്‍ അല്ലാഹുവിന്റെ വിധിയെന്നുകരുതി സമാധാനിക്കാനോ ഒക്കെയായിരിക്കും ശ്രമിക്കുക. കാരണം അവര്‍ സ്വയം കരുതുന്നത് തങ്ങള്‍ മക്കളുടെ വിവാഹത്തിനായി എല്ലാ പരിശ്രമങ്ങളും ചെയ്തുകഴിഞ്ഞെന്നാണ്.
മക്കളുടെ വിവാഹം തക്കസമയത്ത് നടക്കണമെങ്കില്‍ രക്ഷിതാക്കള്‍ തങ്ങളുടെ പാരമ്പര്യ ധാരണകളെയും മാമൂലുകളെയും ഉടച്ചുവാര്‍ത്തേ മതിയാകൂ.എന്നാല്‍ മാത്രമേ മക്കളുടെ വിവാഹത്തിനായി എല്ലാ പരിശ്രമങ്ങളും നടത്തിയെന്ന അവകാശവാദം ധാര്‍മികമായി ശരിയാകുകയുള്ളൂ.
‘എനിക്ക് വിവാഹം കഴിക്കണമെന്നാഗ്രഹമുണ്ട്. പക്ഷേ, എനിക്ക് വിവാഹംകഴിഞ്ഞിട്ടില്ലാത്ത മൂത്ത സഹോദരിയുണ്ട്. ഇത്തയുടെ വിവാഹം കഴിയാതെ എന്റെ കല്യാണത്തെപ്പറ്റി ആലോചിക്കുകപോലും വേണ്ടായെന്നാണ് ഉമ്മയുടെ നിലപാട്. ഇത്തയ്ക്കുമുമ്പ് എന്റെ വിവാഹം കഴിഞ്ഞാല്‍ അത് അവളുടെ മനസ്സിന് വേദനയുണ്ടാക്കുമെന്നെനിക്കറിയാം. പക്ഷേ, ഞാന്‍ മിക്‌സഡ് കോളേജിലാണ് പഠിക്കുന്നത്. വിവാഹം വൈകി എന്തെങ്കിലും ചാപല്യത്തിലകപ്പെടുമോ എന്നാണെന്റെ ഭയം.’ പത്തൊമ്പതുകാരിയായ ഡിഗ്രിവിദ്യാര്‍ഥിനി പറയുന്നു.
ഒട്ടേറെ രാജ്യങ്ങളില്‍ അവരുടെ നാട്ടുമാമൂലും സംസ്‌കാരവും വരച്ചു വെച്ചിട്ടുള്ള ഇത്തരം ചങ്ങലകളില്‍ മാതാപിതാക്കള്‍ ബന്ധിതരാണെന്നതാണ് വാസ്തവം. അതിലൂടെ തങ്ങളുടെ മക്കളുടെ വിവാഹത്തിന് അവര്‍ തടസം നില്‍ക്കുന്നു.
പഠിപ്പുപൂര്‍ത്തിയാക്കി തരക്കേടില്ലാത്ത വരുമാനമുള്ള ജോലിയിലാകുന്നതുവരെ സാധാരണ ആണ്‍മക്കളുടെ വിവാഹത്തെപ്പറ്റി രക്ഷിതാക്കള്‍ ആലോചിക്കാറില്ല. പെണ്‍മക്കളുടെ കാര്യത്തിലാകുമ്പോള്‍ അവളുടെ ഭാവിജീവിതത്തിലെ സാമ്പത്തികസുരക്ഷ ഉറപ്പുവരുത്തുന്ന ചെറുക്കനായുള്ള അന്വേഷണം, ഡിഗ്രി വിദ്യാഭ്യാസം, തൊട്ടുമുമ്പിലുള്ള സഹോദരിയുടെ വിവാഹം ഇതൊക്കെയാണ് വിവാഹം വൈകിക്കാനുള്ള ‘അംഗീകൃതകാരണങ്ങളാ’യി ചൂണ്ടിക്കാട്ടുന്നത്. ഇതിനെ വിമര്‍ശനബുദ്ധ്യാ കണ്ട് മക്കളെ അവരുടെ താല്‍പര്യം പരിഗണിക്കാതെ ആദ്യം കാണുന്ന ഏതെങ്കിലും വ്യക്തികള്‍ക്ക് വിവാഹം ചെയ്തുകൊടുക്കണമെന്നല്ല ഞാന്‍ വാദിക്കുന്നത്.മറിച്ച്, മാമൂലുകളുടെയും സാമൂഹികാചാരങ്ങളുടെയും പേരുപറഞ്ഞ് അനാവശ്യമായ നിബന്ധനകളും ഉപാധികളും കാരണത്താല്‍ വിവാഹപ്രായമെത്തിയവരുടെ വിവാഹം വൈകുന്നതിനെതിരെയാണ് എന്റെ രോഷം.
വര്‍ഗ-വര്‍ണ-ഭാഷാ വൈവിധ്യങ്ങള്‍
തന്റെതില്‍നിന്നു വ്യത്യസ്തമായ വര്‍ഗത്തിലോ, നിറത്തിലോ, ഭാഷാസംസ്‌കാരത്തിലോ പെട്ടവരുമായി വിവാഹബന്ധത്തിലേര്‍പ്പെടുന്നത് ഒട്ടേറെ ക്ഷമയും ത്യാഗവും ആവശ്യമുള്ള ഒന്നാണ്. ഒരേ വര്‍ഗ-വര്‍ണ-ഭാഷാ-സംസ്‌കാരമുള്ളവരുമായുള്ള ദാമ്പത്യജീവിതത്തെക്കാള്‍ അല്‍പം പ്രയാസകരമായിരിക്കും വൈവിധ്യസമൂഹങ്ങളില്‍നിന്നുള്ള ആളുകളുമായുള്ള ദാമ്പത്യബന്ധം. അതുപക്ഷേ, സാമൂഹികനിലവാരവും ധാര്‍മികവിശുദ്ധിയും വിദ്യാഭ്യാസവും താമസസ്ഥലവും ദീനീബോധവും തുടങ്ങി എല്ലാ ഘടകങ്ങളും പരസ്പരം തുലനംചെയ്യുമ്പോള്‍ ചേര്‍ച്ചയാണ് കൂടുതലുള്ളതെങ്കില്‍ മറ്റുവര്‍ഗ-വര്‍ണ-ദേശ-ഭാഷ-സംസ്‌കാര വ്യതിരിക്തതകള്‍ പ്രശ്‌നം സൃഷ്ടിക്കില്ലെന്നുതന്നെയാണ് അമേരിക്കന്‍ മുസ് ലിംസമൂഹത്തിലെ ദാമ്പത്യങ്ങള്‍ സൂചിപ്പിക്കുന്നത്.
കൂടുതല്‍ വിശദീകരിച്ചുപറഞ്ഞാല്‍, രണ്ടുയൗവനങ്ങള്‍ ഒരു രാജ്യത്തോ, സംസ്ഥാനത്തോ, നഗരത്തിലോ ജനിച്ചുവളരുകയും അവരുടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഏറക്കുറെ തുല്യമാവുകയും ചെയ്താല്‍ അവര്‍ മറ്റെല്ലാ നിലയ്ക്കും വ്യത്യസ്തരാണെങ്കില്‍ കൂടി വിവാഹാലോചന വന്നാല്‍ അക്കാരണംകൊണ്ട് വിവാഹം തിരസ്‌കരിക്കേണ്ടതില്ല. പക്ഷേ, അധികപേരും അത്തരം വിവാഹാലോചനയെ എതിര്‍ത്തുകൊണ്ട് പറയുന്നത് ഇങ്ങനെ:’ഞങ്ങള്‍ മകളെ അന്യ ജില്ല/സംസ്ഥാന/രാജ്യ/ഭാഷ ക്കാര്‍ക്ക് വിവാഹം ചെയ്തുകൊടുക്കാറില്ല…’ സുബ് ഹാനല്ലാഹ്..! കണ്ടില്ലേ, പിന്നെങ്ങനെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകും.
രക്ഷിതാക്കളുടെ മുന്‍ജീവിതാനുഭവം
ആധുനിക പരിഷ്‌കാരവും, ലോകപരിചയവും, മെച്ചപ്പെട്ട ജീവിതചുറ്റുപാടും, വിശാലമനസ്സും ഉണ്ടെന്ന് നാം കരുതുന്ന രക്ഷിതാക്കളുടെ കുടുംബങ്ങള്‍ പോലും തങ്ങള്‍ വെച്ചുപുലര്‍ത്തുന്ന പ്രൊഫഷന്‍, സാമൂഹിക-സാംസ്‌കാരിക മാമൂലുകളുടെ പേരില്‍ തങ്ങളുടെ മക്കളുടെ വിവാഹത്തിനും ദാമ്പത്യത്തിനും തടസ്സം സൃഷ്ടിക്കുന്നുവെന്ന തിക്ത യാഥാര്‍ഥ്യം ബാക്കിയാണ്.
ആമിന(പേര് സാങ്കല്‍പികം) തികഞ്ഞ ദരിദ്ര പശ്ചാത്തലത്തില്‍ വളര്‍ന്ന് പ്രാഥമികതല വിദ്യാഭ്യാസം മാത്രം പൂര്‍ത്തിയാക്കി, വിദേശത്തുപഠിച്ച എഞ്ചിനീയര്‍ ഭര്‍ത്താവുമൊത്ത് ജീവിതം നയിക്കുന്നവളാണ്. ഇപ്പോള്‍ അവളുടെ സാമ്പത്തികനില സുഭദ്രമാണ്. വീട്ടുകാര്യങ്ങള്‍ നോക്കിനടത്തലാണ് മുഖ്യ ഹോബി. മാതൃഭാഷയിലല്ലാത്ത എഴുത്തു കുത്തുകളൊന്നും വശമില്ല. ഭര്‍ത്താവ് തരുന്ന പൈസകൊണ്ടാണ് വ്യക്തിഗത ആവശ്യങ്ങള്‍ നിറവേറ്റുന്നത്. വീട്ടില്‍നിന്ന് ഒരൊറ്റത്തവണ മാത്രമാണ് പുറത്തുപോയിട്ടുള്ളത്.
പക്ഷേ, ആമിനയുടെ മകള്‍ ശബ്‌റോസ് ഉയര്‍ന്ന കമ്പനിയില്‍ സീനിയര്‍മാനേജറാണ്.ആമിന 20 വയസില്‍ വിവാഹിതയായെങ്കില്‍ 20കളുടെ മധ്യത്തിലെത്തിയ മകള്‍ പറയുന്നത് തനിക്കിപ്പോള്‍ വിവാഹം വേണ്ടെന്നാണ്. അവള്‍ക്ക് വിദേശയൂണിവേഴ്‌സിറ്റിയുടെ ബിരുദവും അവിടത്തെ പൗരത്വവുമുണ്ട്. പലപ്പോഴും കമ്പനിയാവശ്യാര്‍ഥവും അവധിക്കാലാഘോഷവുമായും വിദേശത്ത് ഒറ്റക്ക് യാത്രചെയ്യുന്ന അവള്‍ കനത്ത ശമ്പളം കൈപറ്റുന്നവളാണ്.
ചിലരെങ്കിലും ശബ്‌റോസിന്റെ നിലപാട് കാണുമ്പോള്‍ മാതാപിതാക്കളെ കുറ്റപ്പെടുത്താന്‍ തുനിയും. കാരണം മാതാപിതാക്കളുടെ വളര്‍ത്തുദോഷം, അല്ലെങ്കില്‍ അവരുടെ ദാമ്പത്യം അതാണ് വിവാഹത്തില്‍നിന്ന് അവളെ പിന്തിരിപ്പിക്കുന്നതെന്ന് കരുതുകയാണ് പലരും. ശബ്‌റോസ് തന്റെ ഉമ്മ പിതാവിനെ പൈസക്കായി മാത്രംആശ്രയിക്കുന്നത് കണ്ട് തനിക്കങ്ങനെയുള്ള ജീവിതം വേണ്ടെന്നുവെച്ചതാണോ? അതല്ല, തന്നെ ഭരിക്കുന്ന ഭര്‍ത്താവിന്റെ പൈസയെ മാത്രം കണ്ട് ജീവിക്കേണ്ടിവരുന്ന ദാമ്പത്യമെന്ന ആശയത്തെത്തന്നെ എതിര്‍ക്കുന്നതാണോ? ഇപ്പോള്‍ താന്‍ അനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ട് തന്റെ ഇഷ്ടാനിഷ്ടങ്ങളെ നിയന്ത്രിക്കുന്നത് ഇഷ്ടപ്പെടാത്തതുകൊണ്ടാണോ? പലപ്പോഴും ഇത്തരത്തില്‍ 20കള്‍ക്കും 30 കള്‍ക്കുമിടയില്‍ ജീവിക്കുന്ന യുവതീയുവാക്കള്‍ പലപ്പോഴും തങ്ങളുടെ മാതാപിതാക്കളുടെ ജീവിതാനുഭവത്തില്‍നിന്നാണ് വിവാഹം വേണ്ടെന്നുവെക്കുന്ന കടുത്ത തീരുമാനങ്ങളെടുക്കുന്നത്.
അമിതമായ വിവാഹാനുബന്ധ അനാചാരങ്ങള്‍
‘വിവാഹത്തിനാവശ്യമായ ഒരുക്കങ്ങള്‍ക്കുള്ള പണം കണ്ടെത്തേണ്ടതുണ്ട് . 3000 പേരെയെങ്കിലും വിളിച്ച് സദ്യകൊടുക്കണം. അതുപോലെതന്നെ വധൂവരന്‍മാര്‍ക്കുള്ള അറ ഒരുക്കാനും താമസമുണ്ട്. അതിനാല്‍ ഒരു വര്‍ഷം കഴിഞ്ഞേ വിവാഹത്തീയതി കാണാനാകൂ…’ ഇതോ ഇതിനുസമാനമായോ വര്‍ത്തമാനങ്ങള്‍ നമ്മള്‍ പലപ്പോഴുംകേട്ടിട്ടുണ്ട്. നമ്മുടെ സമുദായത്തില്‍ ഇപ്പോഴും ധൂര്‍ത്തിന്റെയും പൊങ്ങച്ചപ്രകടനത്തിന്റെയും പേരില്‍ ഒരുപാട് പൈസപൊടിക്കുന്ന കാഴ്ചകള്‍ കാണാനാകും. അതുപോലെത്തന്നെ സദ്യ ഒരുക്കുന്നിടത്ത് 30 ഉം40 ഉം വിഭവങ്ങള്‍ ഒരുക്കി ആളുകളെ അത്ഭുതപ്പെടുത്താന്‍ ശ്രമിക്കുന്നവരുമുണ്ട്. അധികപേരും തങ്ങളുടെ മഹിമയും പ്രതാപവും പ്രകടിപ്പിക്കാന്‍ തെരഞ്ഞെടുക്കുന്ന വേദി വിവാഹ വേളയാണെന്നതാണ് കൗതുകകരം. വേറെചിലയിടങ്ങളില്‍ ഭക്ഷണം വേസ്റ്റാക്കി കുഴിച്ചുമൂടുന്നതാണ് പൊങ്ങച്ചത്തിന്റെ അടയാളമായിക്കണക്കാക്കുന്നത്.
എന്നാല്‍ ഇസ്‌ലാം ഇത്തരത്തിലുള്ള പൊങ്ങച്ചപ്രകടനങ്ങളോ, ധൂര്‍ത്തിന് നിമിത്തമാകുന്ന അനാചാരങ്ങളോ അനുവദിക്കുന്നില്ല. അതുവഴി ഓരോ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കും വിവാഹമെന്ന ചടങ്ങിനെ വളരെ ലഘൂകരിച്ചു കൊടുക്കുകയാണ് ചെയ്തത്. പക്ഷേ, ദീനിന്റെ അധ്യാപനങ്ങളെ ശ്രവിക്കുന്നതിനുപകരം നാട്ടാചാരങ്ങളെ (അടുക്കള കാണല്‍, മയിലാഞ്ചിയിടല്‍, കൂട്ടിക്കൊണ്ടുപോകല്‍ തുടങ്ങി പലതും)പിന്തുടരാനാണ് അധികപേരും ശ്രമിക്കുന്നത്.
മക്കളെ കറവപ്പശുവാക്കുന്നവര്‍
അഹ് മദിന് നാല്‍പതിനോടടുത്ത് പ്രായം വരും . ഇന്ത്യയിലെ ഉത്തര്‍പ്രദേശിലെ വിദൂരഗ്രാമത്തിലാണ് അവന്റെ വീട്. പഠനത്തില്‍ സമര്‍ഥനായിരുന്നതുകൊണ്ട് വിദേശത്ത് സ്‌കോളര്‍ഷിപ്പോടെ പഠിക്കാനും അവിടത്തെ പൗരത്വം കിട്ടാനും അവസരംതെളിഞ്ഞു. മാസാമാസം വീട്ടിലേക്ക് നല്ലൊരുതുകക്കുള്ള ചെക്ക് അയച്ചുകൊടുക്കാറുണ്ട്. വീട്ടുകാരുടെ താല്‍പര്യം മനസ്സിലാക്കി തന്റെ ജന്‍മനാട്ടില്‍നിന്നുതന്നെ പെണ്ണുകെട്ടണമെന്നാണ് അഹ്മദിന്റെ ആഗ്രഹം. ഒന്നുരണ്ടുവട്ടം വിമാനത്തില്‍വന്ന് പെണ്ണുകണ്ടെങ്കിലും ഒന്നുംശരിയായില്ല. മാതാപിതാക്കള്‍ അതുമിതും പറഞ്ഞ് അതെല്ലാം മുടക്കുകയായിരുന്നു(കറുത്തതാണ്.. സൗന്ദര്യം പോരാ… എംബിബിഎസ് ഉള്ളതുമതി.. എന്നിങ്ങനെ). യഥാര്‍ഥത്തില്‍ മാതാപിതാക്കള്‍ അഹ് മദിന്റെ അടുത്തുനിന്ന് കിട്ടിക്കൊണ്ടിരിക്കുന്ന മാസവരുമാനം നിലച്ചുപോകുമോ എന്ന ഭയത്തിലാണ് വിവാഹത്തിന് മുടക്കു പറഞ്ഞുകൊണ്ടിരുന്നത്. അല്ലെങ്കില്‍ അവര്‍ മകന്റെ ധാര്‍മികവിശുദ്ധി അപകടപ്പെടുമോ എന്ന ആശങ്ക വെച്ചുകൊണ്ട് അവന് വേഗം വിവാഹം ശരിയാക്കിക്കൊടുക്കുമായിരുന്നു. ദരിദ്രപശ്ചാത്തലത്തില്‍നിന്ന് വന്ന് ഭേദപ്പെട്ട സുസ്ഥിതി കൈവരിച്ച കുടുംബങ്ങളില്‍ ഇത്തരം ദുര്‍വിധിപേറുന്ന ഒട്ടേറെ അഹ്മദുമാരുണ്ട് ലോകത്ത്.
മുസ്ലിം രക്ഷിതാക്കള്‍ തങ്ങളുടെ ഈമാനിനെ കരുത്തുറ്റതാക്കേണ്ടിയിരിക്കുന്നു. അല്ലാഹുവാണ് നമുക്ക് വിഭവങ്ങള്‍ ഒരുക്കിത്തരുന്നതെന്ന ബോധം അവര്‍ക്കുണ്ടാകണം. തങ്ങള്‍ക്കു വിധിച്ചിട്ടുള്ള ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം ,സ്‌നേഹം എല്ലാം തന്നെ അല്ലാഹുവിന്റെ ഖദ് റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ജീവിതത്തിന്റെ ഏതുഘട്ടത്തിലും അതുണ്ടാകും. അവര്‍ ഒരു കുട്ടിയോ ആറുകുട്ടിയോ ഉള്ള മാതാപിതാക്കളായിക്കൊള്ളട്ടെ. ഒരു മകനോ മകളോ ഉള്ള മാതാപിതാക്കളെ അവന്‍/അവള്‍ സംരക്ഷിക്കുന്നതും സ്‌നേഹിക്കുന്നതും അല്ലാഹുവിന്റെ തീരുമാനപ്രകാരമാണ്. തന്റെ ഇന്നയിന്ന അടിമക്ക് താന്‍ എഴുതിവെച്ചിട്ടുള്ള ഇന്നാലിന്ന അനുഗ്രഹങ്ങള്‍ നല്‍കാന്‍ അല്ലാഹു ഉദ്ദേശിച്ചതുപ്രകാരമാണ് അത് ലഭിക്കുകയെന്നുമാത്രം.
അതിനാല്‍ തന്റെ മകന്റെ സ്‌നേഹവും പണവും പ്രതീക്ഷിച്ച് അവന്റെ വിവാഹം വൈകിക്കാതിരിക്കുക. കല്യാണം കഴിയുന്നതോടെ അവന്റെ ഭാര്യയും മക്കളും തങ്ങളെ പരിചരിക്കാനും പൈസ തരാനും ഉണ്ടാകുമെന്ന് വിചാരിക്കുക. അല്ലാത്ത പക്ഷം മകന്‍ സ്വയംഭോഗിയോ, അശ്ലീലാസ്വാദകനോ, അപഥസഞ്ചാരിയോ, അനുരാഗിയോ, സ്വവര്‍ഗഭോഗിയോ ഒക്കെ ആയിത്തീര്‍ന്നേക്കും. അല്ലാഹു കര്‍ശനമായി വിലക്കിയ അത്തരം ഗുരുതരപാപങ്ങളിലേക്ക് മക്കള്‍ വഴുതിവീണാല്‍ രക്ഷിതാക്കള്‍ക്കായിരിക്കും അതിന്റെ ഉത്തരവാദിത്തമെന്ന് തിരിച്ചറിയുക.
വിവാഹം വൈകുന്നതിന് മാതാപിതാക്കള്‍ മാത്രമാണ് ഉത്തരവാദികളെന്ന് പറഞ്ഞുവെക്കുകയല്ലിവിടെ. പക്ഷേ, അധികപക്ഷവും മാതാപിതാക്കള്‍ മക്കള്‍ക്കു പകര്‍ന്നുനല്‍കുന്ന ശിക്ഷണങ്ങളും അവരുടെ പരിപാലന രീതിയും അവരുടെ ജീവിതകാഴ്ചപ്പാടും അവരുടെ കടുംപിടുത്തങ്ങളും മക്കളുടെ വിവാഹജീവിതത്തെ വൈകിക്കുന്നുണ്ടെന്ന് തെര്യപ്പെടുത്താനാണ് ഇത്രയും കുറിച്ചത്.