Home / കുടുംബം / അല്‍പ സമയം പ്രായമായവര്‍ക്കു വേണ്ടിയും

അല്‍പ സമയം പ്രായമായവര്‍ക്കു വേണ്ടിയും

geriatricBy: നഫീസ മുഹമ്മദ് , Source: Islampadasala Link: http://goo.gl/FcHPSk

പലപ്പോഴും യുവജനങ്ങള്‍ പ്രായമായവരെ കുറിച്ച് ചിന്തിക്കാറില്ല. അവര്‍ അവരവരുടെ ജീവിതത്തെ കുറിച്ചാണ് കൂടുതലും ഉത്കണ്ഠപ്പെടുന്നത്. അവരുടെ ജോലി, കച്ചവടം, അവരുടെ ദാമ്പത്യം ജീവിതം കുട്ടികള്‍ എന്നിങ്ങനെ പോകുന്നു അവരുടെ ചിന്തകള്‍ . നിര്‍ഭാഗ്യവശാല്‍ യുവ ജനങ്ങളുടെ ചിന്തകളില്‍ അവരെ വളര്‍ത്തി വലുതാക്കിയവരെ കുറിച്ചോ തങ്ങള്‍ ഇന്ന് എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ തങ്ങളെ എത്തിച്ചവരെക്കുറിച്ചോയുള്ള ചിന്തകള്‍ തീരെയില്ലായെന്നത് ദൗര്‍ഭാഗ്യകരമാണ്.

ചില ചെറുപ്പക്കാര്‍ , സ്വന്തം മാതാപിതാക്കളോടു വളരെ നല്ല നിലയില്‍ പെരുമാറുന്നവരായിരിക്കും.എന്നാല്‍ മറ്റുള്ളവരുടെ പ്രായമായ മാതാപിതാക്കളെ  അവര്‍ തിരിഞ്ഞു പോലും നോക്കില്ല. പ്രായമായവരില്‍ പലര്‍ക്കും തങ്ങളെ നോക്കാനോ പരിചരിക്കാനോ മക്കളോ അടുത്ത ബന്ധുക്കളോ ഇല്ലാത്തവരാണ്. ചിലര്‍ക്ക് മക്കളുണ്ടെങ്കിലും ആ മക്കള്‍ നോക്കാത്ത വൃദ്ധരുമുണ്ട്. ആരോഗ്യവും സമ്പത്തുമുള്ള യുവാക്കള്‍ അത്തരം ആളുകളെ സന്ദര്‍ശിക്കാനും പരിചരിക്കാനും അല്‍പസമയം കണ്ടെത്തേണ്ടതാണ്.

എല്ലാ യുവജനങ്ങളും നാളെ തങ്ങളുടെ ഇത്തരമൊരവസ്ഥയെ കുറിച്ച് ആലോചിക്കട്ടെ. നമുക്ക് വരാനിരിക്കുന്ന അവസ്ഥ ഇതിനേക്കാള്‍ പരിതാപകരമാണോ അല്ലയോയെന്ന് ആര്‍ക്കാണ് അറിയുക?. അത്തരമൊരു പരിതസ്ഥിതിയില്‍ നമ്മില്‍ നിന്ന് നമ്മുടെ മക്കളും ബന്ധു ജനങ്ങളും മുഖം തിരിച്ചു കളയുന്നതു നമുക്ക് ആലോചിക്കാന്‍ കഴിയുമോ. അതിനാല്‍ വൃദ്ധരുടെ മാനസികാവസ്ഥ യുവജനങ്ങളും അറിയണം. അവര്‍ എങ്ങനെ ചിന്തിക്കുന്നുവെന്നും തങ്ങള്‍ ഒറ്റപ്പെടുമ്പോഴുണ്ടാകുന്ന വേദന എന്തായിരിക്കുമെന്നും അവര്‍ മനസ്സിലാക്കണം.

യുവജനങ്ങള്‍ അവരുടെ സമയത്തിന്റെ അല്‍പം വൃദ്ധര്‍ക്ക് നല്‍കുകയാണെങ്കില്‍ അവരുടെ ജീവിതം ധന്യമാകും. വൃദ്ധജനങ്ങളുമായി ഏറെ അടുത്ത അടുത്തിടപഴകിയുള്ളജീവിതം നമുക്ക്  ഒരു നല്ല അനുഭവമായിരിക്കും. അത് ലോകത്തെ കുറേക്കൂടി നന്നായി മനസ്സിലാക്കാന്‍ ഉപകരിക്കും. ലോകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും വ്യത്യസ്തമായ കാഴ്ചപ്പാടുകള്‍ നിങ്ങള്‍ക്കുണ്ടാകാന്‍ സഹായിച്ചേക്കും. രണ്ടു വര്‍ഷങ്ങള്‍ക്കു മുമ്പ് എന്റെ വല്യുമ്മയെ കാണാന്‍  അവസരം ലഭിച്ചു. മൂന്നുവയസ്സ് കഴിഞ്ഞതില്‍ പിന്നെ ഞാന്‍ അവരെ കണ്ടിട്ടു തന്നെയുണ്ടായിരുന്നില്ല. അവരുടെ മുഖം പോലും എനിക്കോര്‍മയുണ്ടായിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷമുള്ള ഞങ്ങളുടെ ഈ കൂടിക്കാഴ്ച ഒരു വല്ലാത്ത അനുഭവമായിരുന്നു. ഞാന്‍ വളര്‍ന്നതും ജീവിച്ചതുമായ സാഹചര്യങ്ങളെ കുറിച്ചും എന്റെ കുഞ്ഞു നാളിലെ കുസൃതികളെക്കുറിച്ചുമെല്ലാം അവര്‍ എനിക്ക് പറഞ്ഞു തന്നു. സത്യത്തില്‍ കുറെയേറെ വളര്‍ന്നിട്ടും എന്നെകുറിച്ച് ഞാന്‍ അറിയാതിരുന്ന കുറേ കാര്യങ്ങള്‍ എനിക്ക് മനസ്സിലാക്കാന്‍ സാധിച്ചത് അവരില്‍ നിന്നാണ്. കുടുംബം എന്ന ഒരു വലിയ സ്ഥാപനത്തിന്റെ സ്ഥാനവും ദൗത്യവും എന്നെ ബോധ്യപ്പെടുത്തുന്നതായിരുന്നു അവരുമായി ഞാന്‍ ചിലവഴിച്ച ദിനരാത്രങ്ങള്‍. ഒരു വലിയ കുടുംബത്തിലെ കണ്ണിയാണ് ഞാന്‍ എന്ന ബോധം എന്നിലുണ്ടാക്കിയത് ഏറെ നാളുകള്‍ക്ക് ശേഷമുള്ള അവരുമായുള്ള ഈ സഹവാസമായിരുന്നു.

ഞാന്‍ പറഞ്ഞുവരുന്നത് പ്രായമായവരെ പരിഗണിക്കാതെയും അവരെ കേള്‍ക്കാതെയുമിരിക്കുന്നത് പാവങ്ങളോടും നിരാംലബരോടും  ക്രൂരത കാണിക്കുന്നതുപോലെത്തന്നെയാണ്. നമ്മില്‍ ഒരു ഹൃദയമുണ്ടെന്നും സ്‌നേഹവും വാത്സല്യവും പരിലാളനയുമെല്ലാം നല്‍കാനും നല്‍കപ്പെടാനും മതിയായ ഒരു മനസ്സ് നമ്മില്‍ ഉണ്ടെന്നും നമുക്ക് നന്നായി ബോധ്യപ്പെടുത്തി ത്തരുന്ന അവസരങ്ങളാണ് പ്രായമായവരോടൊത്തുള്ള സഹവാസം.

ക്ഷേമം സ്വന്തം വീട്ടില്‍ നിന്നു തുടങ്ങണമെന്നാണല്ലോ പ്രമാണം. അതിനാല്‍ നമ്മുടെ വീട്ടിലെ പ്രായമായവരെയും നമ്മുടെ കുടുംബത്തിലെ ആളുകളെയും നാം ആദ്യം പരിഗണിക്കുക. അവരില്‍ നമ്മുടെ മുത്തച്ചനും മുത്തശ്ശിമാരുമുണ്ടാകാം. അമ്മാവന്‍മാരും അമ്മായിമാരുമുണ്ടാകാം. അതിനാല്‍ അവരില്‍ നിന്നു തുടങ്ങുക. നിങ്ങള്‍ അവര്‍ക്ക് നല്‍കുന്ന പഞ്ചിരി അവരുടെ മനസ്സില്‍ നിറക്കുന്ന സന്തോഷം എത്ര വലുതായിരിക്കുമെന്ന് ആലോചിച്ചിട്ടുണ്ടോ?

നമ്മുടെ സമൂഹത്തില്‍ പ്രായമായ വേറെയും  ആളുകളുണ്ടാകും. അവരെ കാണാനും സന്ദര്‍ശിക്കാനും അവരോടു സംസാരിക്കാനുമൊക്കെ ആരെങ്കിലും അവരുടെ അടുത്തുചെന്നിട്ട് കുറെ നാളുകളായിട്ടുണ്ടാകും. അവരെ സന്ദര്‍ശിക്കുക. കഴിയുമെങ്കില്‍ ഒരിക്കല്‍ അവരെ വീട്ടിലേക്കു ക്ഷണിക്കുക. അവരോടൊന്നിച്ച് ഭക്ഷണം കഴിക്കുക.

നമ്മുടെ നഗരങ്ങളില്‍ വൃദ്ധസദനങ്ങള്‍ പെരുകിവരികയാണ്. അവിടെ വൃദ്ധന്‍മാരുടെ എണ്ണവും കൂടി കൂടി വരുന്നു. ഇത് നമ്മുടെ നഗരത്തിന്റെ വികസനമാകാം. എന്നാല്‍ നമ്മള്‍ മനുഷ്യരുടെ പരാജയമാണ്.  തങ്ങള്‍ക്ക് ആരുമില്ലെന്നുകരുതി നിരാശപ്പെട്ട് ജീവിതം അവസാനിച്ചു കിട്ടിയിരുന്നെങ്കില്‍ എന്നാശിച്ചിരിക്കുന്ന ആ വൃദ്ധരെ സന്ദര്‍ശിക്കുക. മാസങ്ങളും വര്‍ഷങ്ങളുമായി അവര്‍ക്കവിടെ സന്ദര്‍ശകര്‍ ഉണ്ടായിക്കൊള്ളണമെന്നില്ല. അവര്‍ക്കായി ചെറിയ സമ്മാനങ്ങള്‍ വാങ്ങാന്‍ കഴിയുകയാണെങ്കില്‍ വളരെ നല്ലത്. ഇത്തരം ചെറിയ സമ്മാനങ്ങളും സന്ദര്‍ശനങ്ങളും അവരുടെ മനസ്സിന്  നല്‍കുന്ന സന്തോഷവും ആനന്ദവും പറഞ്ഞറിയാക്കാന്‍ കഴിയാവുന്നതിനുമപ്പുറമായിരിക്കും. തീര്‍ച്ച.

(ആസ്ട്രേലിയന്‍ എഴുത്തുകാരിയായ നഫീസ മുഹമ്മദ് ഈജിപ്തില്‍ താമസിക്കുന്നു. മോണ്ടിസ്സോറി സ്‌കൂള്‍ സിസ്റ്റത്തെകുറിച്ചു പഠനം നടത്തിക്കൊണ്ടിരിക്കുന്നു.)

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം