Home / കുടുംബം / പ്രണയ ലേഖനം….

പ്രണയ ലേഖനം….

value-of-love-and-careനമ്മുടെ ജീവിതത്തില്‍ അല്ലാഹു അനുഗ്രഹമായി തന്ന ഒന്നാണ് നമ്മുടെ ഇണ. അവര്‍ ഒരുപക്ഷെ നിങ്ങള്ക്ക് ഒരുപാട് മാനസിക പ്രയാസങ്ങള്‍ ഉണ്ടാക്കിയേക്കാം. അറിഞ്ഞുകൊണ്ടല്ലെങ്കിലും. അവരോടുള്ള ദേഷ്യം അറിയാതെ ആണെങ്കിലും നമ്മുടെ മനസ്സില്‍ ഉണ്ടാകും. അപ്പോഴും നമ്മള്‍ അറിയില്ല എന്ത് മാത്രം നാം അയാളെ സ്നേഹിക്കുന്നുണ്ട് എന്ന്. അയാള്‍ നമ്മുടെ ജീവിതത്തില്‍ നിന്നും പോയാല്‍, ഒറ്റക്കായാല്‍ ആ നഷ്ടം എത്ര മാത്രം അസഹനീയമായിരിക്കും എന്നും ചിന്തിക്കാന്‍ കഴിയില്ല. ഇത് ഒരു വിധവയായ സ്ത്രീ എഴുതിയ കുറിപ്പാണ്. അവരുടെ ദാമ്പത്യ ജീവിതത്തെക്കുറിച്ചു ഏതാനും വാക്കുകള്‍…

”ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പാണ് എന്റെ ഭര്‍ത്താവ് എന്നെ തനിച്ചാക്കിക്കൊണ്ട് ഈ ലോകത്ത് നിന്നും വിട പറഞ്ഞത്.ആരും പ്രതീക്ഷിക്കാത്ത ഒരു സമയത്തായിരുന്നു അത്. വളരെ പെട്ടെന്ന്.ഒറ്റയ്ക്കാവാന്‍ മനസ്സ് തീര്‍ത്തും സന്നദ്ധമല്ലായിരുന്ന ഒരു സമയത്ത്. 50 വര്‍ഷത്തോളം ഭാര്യാ ഭര്‍ത്താക്കന്മാരായി പരസ്പരം സ്നേഹിച്ച് ജീവിച്ച ഞങ്ങള്‍ പെട്ടെന്ന് പിരിയുക. എന്ത് മാത്രം വേദനാ ജനകമാണ് അത്. എങ്ങനെയാണ് അത്രയുന്‍ നാള്‍ കൂടെ കഴിഞ്ഞ അദ്ധേഹത്തെ ഞാന്‍ വിട്ടുപിരിയുന്നത്?

അദ്ദേഹം മരിക്കുന്നതിന്‍ ഏതാനും മണിക്കൂറുകള്‍ക്ക് മുന്പ് ഞങ്ങള്‍ രണ്ടു പേരും കൂടി ബീച്ചില്‍ സമയം ചിലവിടുകയും ഷോപ്പിങ്ങിനു പോവുകയും ഒരുമിച്ച് ഭക്ഷണം കഴിക്കുകയും ചെയ്തിരുന്നു.എല്ലാം എന്റെ ഇഷ്ടങ്ങള്‍ക്കും ആഗ്രഹങ്ങള്‍ക്കും അനുസരിച്ചു മുന്‍പോട്ടു പോയില്ലെങ്കിലും ഞങ്ങള്‍ ജീവിതത്തില്‍ ഉടനീളം സന്തുഷ്ടരായിരുന്നു.ചിലപ്പോഴൊക്കെ എനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യുന്നതില്‍ നിന്നും അദ്ദേഹം എന്നെ തടഞ്ഞിരുന്നു.പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്,എനിക്കും എന്റെ സ്വപ്നങ്ങള്‍ക്കും ഇടയിലുള്ള ഒരു തടസ്സമാണ് അദ്ദേഹം എന്ന്. പലപ്പോഴും ഞാന്‍ അദ്ദേഹത്തോട് ദേഷ്യപ്പെട്ടു. ചിലപ്പോഴൊക്കെ അതിനെറെ പേരില്‍ ഒക്കെ ഞാന്‍ അദ്ദേഹത്തെ കുറ്റപ്പെടുത്തി.

എന്തൊക്കെ പോരായ്മകള്‍ ഞങ്ങള്‍ക്കിടയിലുണ്ടായിരുന്നെങ്കിലും ഞങ്ങള്‍ രണ്ടുപേരും അന്യോന്യം താങ്ങും തണലുമായി നില കൊണ്ടു. നമ്മളെ സ്നേഹിക്കാനും നമ്മോടു പുഞ്ചിരി തന്നു ഉറക്കുവാനും തലോടല്‍ ആകുവാനും എത്ര വഴക്കിട്ടാലും അത് കഴിഞ്ഞു സ്നേഹം കൊണ്ട് പൊതിയാനും ഒരാളുണ്ടാവുക എന്നത് സുഖകരമായ കാര്യമാണ്. നിങ്ങള്‍ ആകാന്‍ കൊതിച്ച്ചതില്‍ നിന്ന് വ്യത്യസ്തം ആണെങ്കിലും ഒരു നല്ല വ്യക്തിയാവാന്‍ നിങ്ങളെ സഹായിക്കുകയും ചെയ്യുന്ന ഒരാള്‍. സ്വന്തം ഇണ.

എല്ലാത്തിലും വൃത്തിയും ശുചിത്വവും ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ എന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു.അഴുക്കെവിടെ കണ്ടാലും ഞാനവിടം വൃത്തിയാക്കും.അദ്ദേഹം എന്നെ വിട്ട് പിരിഞ്ഞതിനു ശേഷം അദ്ധേഹത്തെ ഓര്‍ത്താണ് ഞാനെന്റെ വീട് വൃത്തിയാക്കുന്നത്. അദ്ദേഹത്തിനു വേണ്ടിയെന്ന പോലെ. ഒരുപക്ഷെ ആ മനുഷ്യന്‍ മരണം ആയെന്നു മനസ്സിലാക്കി തുടങ്ങിയിരിക്കണം. മക്കയില്‍ നിന്നുള്ള നമസ്കാരം തത്സമയം അദ്ദേഹം കാണാന്‍ തുടങ്ങിയതും മരണത്തിനു തൊട്ടു മുന്‍പുള്ള ദിവസങ്ങളിലാണ്. അത് മനസ്സിനു ശാന്തി നല്‍കുന്നു എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. മക്കയില്‍ പോകണം എന്നും ക’ബ സന്ദര്‍ശിക്കണം എന്നും അദ്ദേഹത്തിനു അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പക്ഷെ അല്ലാഹു അദ്ദേഹത്തെ നേരിട്ട് അവങ്കലേക്ക്‌ തന്നെ വിളിച്ചു. അല്ലാഹു എന്റെ പ്രിയപ്പെട്ടവനില്‍ അവന്റെ കാരുണ്യം ചൊരിയട്ടെ. ആമീന്‍.

അദ്ദേഹത്തെ ഓര്‍ക്കവേ, ഞാന്‍ ഓര്‍മകളിലേക്ക് ഊളിയിടും. ഞങ്ങള്‍ ഒരുമിച്ച് ചിലവഴിച്ച നിമിഷങ്ങള്‍ , കുട്ടികള്‍ , പേരക്കുട്ടികള്‍, ഞങ്ങള്‍ സന്ദര്‍ശിച്ച സ്ഥലങ്ങള്‍, ഞങ്ങളുടെ ജീവിതത്തില്‍ ഉണ്ടായ ത്യാഗങ്ങള്‍, ഉയര്‍ച്ചകള്‍ , താഴ്ച്ച്ചകള്‍, അനുഗ്രഹങ്ങള്‍, അങ്ങനെ എല്ലാം എല്ലാം. അദ്ദേഹത്തിന്‍റെ മുറിയില്‍ അങ്ങനെ ഓരോന്നും പരത്തി ആ ചിന്തകളില്‍ മുഴുകുമ്പോള്‍ എനിക്കൊരു കഷണം പേപര്‍ കിട്ടി. പുസ്തകങ്ങള്‍ക്കിടയില്‍ മടക്കിവച്ചിരിക്കുകയായിരുന്നു അത്.ഞാനത് തുരന്നു നോക്കി. അതില്‍ ഇങ്ങനെ എഴുതിയിരുന്നു.

 

എന്റെ പ്രിയപ്പെട്ടവളെ,

നീ എനിക്ക് എന്റെ എല്ലാമാണ്…. എന്റെ സര്‍വ്വസ്വം…  ഞാന്‍ നിന്നെ ഒരുപാട് സ്നേഹിക്കുന്നു… പ്രണയിക്കുന്നു… എന്റെ ഭാഗ്യവും എന്റെ ജീവിതത്തിന്റെ സൌന്ദര്യവും നീയാണ് .. നീ മാത്രം….

ശ്വാസമടക്കിപ്പിടിച്ചു ഞാനത് വായിച്ചു. ഒന്നല്ല ഒരുപാടൊരുപാട് തവണ. അദ്ദേഹത്തിനു അറിയാമായിരുന്നു. അദ്ദേഹം പോയിക്കഴിഞ്ഞു എന്നെങ്കിലും ഒരിക്കല്‍ എന്റെ കയ്യില്‍ ഈ കടലാസ് കിട്ടും എന്ന്. നേരില്‍ പറയാന്‍ അദ്ദേഹത്തിനു കഴിയുമെന്ന് അദ്ദേഹത്തിനു തോന്നിക്കാണില്ല. എന്റെ മനസ്സ് അദ്ദേഹം അറിഞ്ഞു കാണണം.

അദ്ദേഹത്തിന്‍റെ നഷ്ടം ഞാനിപ്പോള്‍ വല്ലാതെ മാനസികമായി അറിയുന്നുണ്ട്. പലതും ഞാന്‍ അദ്ദേഹത്തിനു വേണ്ടി ത്യജിച്ചു. പലപ്പോഴും അതിന്റെ പേരില്‍ ഞാന്‍ വിഷണ്ണയായിരുന്നു.. വര്‍ഷങ്ങളോളം.. അദ്ദേഹത്തോട് പലപ്പോഴും പകയും വിദ്വേഷവും തോന്നുകയും ചെയ്തിരുന്നു…. പക്ഷെ ഇപ്പോള്‍ ഞാന്‍ അറിയുന്നു…

ഈ ലോകത്തെ എന്ത് ത്യജിച്ചിട്ടാണെങ്കിലും ഒരു ദിവസം കൂടി അദ്ദേഹത്തെ എനിക്ക് സ്വന്തമായി കിട്ടുമായിരുന്നെങ്കില്‍-കൈകള്‍ ചേര്‍ത്തു പിടിച്ചു, തമാശകള്‍ പറഞ്ഞ്, സ്നേഹ നിര്‍ഭരമായ കണ്ണുകളോടെ എന്നെ നോക്കി ഇരുന്ന്, ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു, ഉറങ്ങാന്‍ കിടക്കുമ്പോള്‍ എന്റെ നെറ്റിയില്‍ ചുംബിച്ച്, അങ്ങനയങ്ങനെ… ഒരിക്കല്‍ കൂടി അദ്ദേഹത്തെ എനിക്ക് സ്വന്തമായി നീട്ടിക്കിട്ടുമായിരുന്നെങ്കില്‍ എന്തും ത്യജിച്ചേനെ ഞാന്‍…  അത്രയ്ക്ക് വിലപ്പെട്ടതായിരുന്നു എന്റെ ഭര്‍ത്താവ് എന്നെ സംബന്ധിച്ചിടത്തോളം.. അതെ എന്റെ എല്ലാം… ”

ഇപ്പോള്‍ ഞാന്‍ ഒറ്റക്കാണ്… പ്രാര്‍ഥനയോടെ..നാളെ എന്റെ പ്രിയ ഭര്‍ത്താവിനെത്തന്നെ അല്ലാഹുവിന്റെ സ്വര്‍ഗ്ഗത്തില്‍ എനിക്ക് ഇണയായി ലഭിക്കണേ… എന്ന് ഞാന്‍ പ്രാര്‍ഥിച്ചുകൊണ്ടേ ഇരിക്കുന്നു… അല്ലാഹു നാം ഏവരെയും അനുഗ്രഹിക്കുമാറാകട്ടെ..

 

Check Also

അടിമയല്ല ഭാര്യ

അവര്‍ ഒരു ഭാര്യയാണ്, ഉമ്മയാണ്. സുബ്ഹിന്റെ സമയം മുതല്‍ രാത്രി പതിനൊന്നു വരെ അവര്‍ ബിസി ആയിരിക്കും. വീട്ടിലെ ദൈനംദിന ജോലികള്‍ , അവര്‍ ചെയ്യുന്ന പാര്‍ട്ട് ടൈം ജോലി, ഇതൊക്കെ അവരുടെ ദിവസം തിരക്കുകള്‍ നിറഞ്ഞതാക്കി മാറ്റുന്നു. ഭക്ഷണം ഉണ്ടാക്കുന്നു, വിളമ്പുന്നു, വീട് അടിക്കുന്നു, തുടക്കുന്നു, പാത്രം കഴുകുന്നു, തുണി അലക്കുന്നു, കുട്ടികളെ നോക്കുന്നു, അവരെ പഠിപ്പിക്കുന്നു, ഒപ്പം തന്റെ പാര്‍ട്ട് ടൈം ജോലിയും ചെയ്യുന്നു. വിശ്രമം തീരെ ഇല്ലാത്ത ഒരു ജീവിതം