Home / വിവാഹം / വധുവിനെ തേടുമ്പോള്‍

വധുവിനെ തേടുമ്പോള്‍

muslim-couple”ഇഹലോകം മുഴുവന്‍ വിഭവമാണ്. അതിലെ ഏറ്റവും മികച്ച വിഭവം സദ്‌വൃത്തയായ സ്ത്രീയും,”
– പ്രവാചകന്‍ മുഹമ്മദ് നബി (സ).

സദ്‌വൃത്തയായ സഹധര്‍മിണി നിദാന്ത സൗഭാഗ്യത്തിന്റെ നീരുറവയാണ്. നികൃഷ്ടയായ സ്ത്രീ നിത്യ നിര്‍ഭാഗ്യത്തിന്റെ നിമിത്തവും. അതുകൊണ്ടു തന്നെയാണ് പ്രവാചകന്‍ മനുഷ്യന്റെ സൗഭാഗ്യം മൂന്നു കാര്യത്തിലാണെന്നു വിശദീകരിച്ചതും. നല്ലവളായ ഭാര്യ, സൗകര്യമുള്ള വീട്, നല്ല വാഹനം. ഭാര്യ ഭര്‍തൃ ഭവനത്തിലെ ഭരണാധികാരിയാണ്. സൂക്ഷ്മതയും കാര്യ ബോധവുമില്ലാത്തവരെ ഉത്തരവാദിത്തമേല്‍പിച്ചാല്‍ അത് വലിയ വിപത്തുകള്‍ക്ക് കാരണമാകും.

കുറച്ചു കാലം മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ എന്ന് ബോധ്യമുള്ള വസ്ത്രങ്ങള്‍ വാങ്ങാന്‍ പോലും അതിന്റെ ഗുണവും നിറവും വിലയുമെല്ലാം മാറി മാറി മണിക്കൂറുകള്‍ നോക്കുന്നവരാണ് നാം. അപ്പോള്‍ കുടുംബജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതില്‍ പരമപ്രധാനമായ പങ്കു വഹിക്കുന്ന ഭാര്യയെ തെരഞ്ഞെടുക്കുന്നത് നല്ല വണ്ണം അന്വേഷിച്ചറിഞ്ഞ ശേഷമായിരിക്കണം.

വിശ്വാസ വിശുദ്ധി, ആദര്‍ശ നിഷ്ഠ, ഉത്കൃഷ്ഠ സ്വഭാവങ്ങള്‍ , ഭര്‍തൃസ്‌നേഹം, കുട്ടികളോട് കാരുണ്യം, സത്യ സന്ധത ഇവയൊക്കെ സദ്‌വൃത്തയായ സ്ത്രീയുടെ സവിശേഷതകളാണ്. ഇവയെല്ലാം ചൂഴ്ന്നന്വേഷിച്ച ശേഷമേ വിവാഹം കഴിക്കൂ എന്നു വച്ചാല്‍ അത് അസാധ്യമാകുമെങ്കിലും ഇവയില്‍ അന്വേഷിച്ചറിയാവുന്നവയെല്ലാം ഭാവി ജീവിത സഖിയെക്കുറിച്ച് അറിയാന്‍ ശ്രമിക്കുന്നതാണ് ഉചിതം.

എന്നാല്‍ വധുവിന്റെ പിതാവിന്റെ ധനസ്ഥിതിയും നിറവും സൗന്ദര്യവും മാത്രം മാന ദണ്ഡമാക്കി വിവാഹാലോചനകള്‍ നടത്തുന്നത് തനിക്കുള്ള കുഴി താന്‍ തന്നെ തോണ്ടലാണെന്നറിയുക.

മുഹമ്മദ് നബി (സ) പറഞ്ഞു: ”ആരെങ്കിലും സമ്പത്തിനു വേണ്ടി സ്ത്രീയെ വിവാഹം ചെയ്യുന്നുവെങ്കില്‍ അല്ലാഹു അവന് ദാരിദ്ര്യമല്ലാതെ വര്‍ധിപ്പിക്കുകയില്ല.” ശരീര സൗന്ദര്യം, സാമ്പത്തിക ശേഷി, കുടുംബ മഹിമ എന്നിവ പരിഗണിക്കപ്പെടേണ്ടവ തന്നെയെങ്കിലും ആദര്‍ശപ്പൊരുത്തത്തിനു മത നിഷ്ഠയ്ക്കുമാകണം പ്രഥമ പരിഗണന നല്‍കേണ്ടത്.

സദ്‌വൃത്തരായ ഇണകളെക്കുറിച്ച് പ്രവാചകന്‍ പറഞ്ഞതിങ്ങനെ: ”ഉത്തമ സ്ത്രീകള്‍ എന്നുവച്ചാല്‍ നീ അവളെ നോക്കിയാല്‍ അവള്‍ നിന്നെ സന്തോഷിപ്പിക്കും. അവളോടു നീ കല്‍പിച്ചാല്‍ അവള്‍ അനുസരിക്കും. നീ അവളില്‍ നിന്നും അപ്രത്യക്ഷമായാല്‍ അവളെയും നിന്റെ സമ്പത്തിനെയും നിനക്കുവേണ്ടി അവള്‍ സംരക്ഷിക്കും.”

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.