പാര്‍ലമെന്റു പാസ്സാക്കിയ ഈ നിയമം ത്വലാക്ക് കൊണ്ട് വിഷമങ്ങള്‍ അനുഭവിക്കുന്ന മുസ്ലീം സ്ത്രീയ്ക്ക് വലിയൊരനുഗ്രഹമാണ്. വിവാഹസമയത്തോ അതിനോടനുബന്ധിച്ചോ അതിനു ശേഷമോ ലഭിച്ച വസ്തു വകകള്‍ , ഇദ്ദാ കാലയളവിലേക്കുള്ള ചെലവുകള്‍ ഭാവി സംരക്ഷണത്തിലേക്കായി മൊത്തമായ തുക ,ബാക്കി കിട്ടാനുള്ള മഹര്‍ എന്നിവയാണ് പ്രസ്തുത നിയമത്തിലെ മൂന്നാം വകുപ്പു പ്രകാരം വിവാഹ മോചിതയായ മുസ്ലീം സ്ത്രീക്ക് മുന്‍ഭര്‍ത്താവില്‍ നിന്നും ലഭിക്കുവാനുള്ള ആനുകൂല്യങ്ങള്‍ .
മൊഴി ചൊല്ലപ്പെടുമ്പോള്‍ ഭാര്യ ഗര്‍ഭിണിയോ അല്ലെങ്കില്‍ രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയുടെ അമ്മയോ ആണെങ്കില്‍ കുട്ടിക്ക് രണ്ട് വയസ്സുവരെ മുലയൂട്ടുന്നതിനായി പ്രത്യേക ആനുകൂല്യം മൊഴി ചൊല്ലപ്പെട്ട ഭാര്യക്ക് നല്‍കുവാന്‍ മുന്‍ഭര്‍ത്താവിന് ബാദ്ധ്യത ഉണ്ടെന്നു ഈ നിയമം അനുശാസിക്കുന്നു.
പരസ്പ്പര ധാരണയിലോ ഭര്‍ത്താവിന്റെ ഇഷ്ടത്തിനോ, മുസ്ലീം വിവാഹ മോചന നിയമ പ്രകാരമോ മൊഴി ചൊല്ലപ്പെട്ട ഭാര്യക്കും ഈ നിയമപ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുവാന്‍ അര്‍ഹതയുണ്ടെന്ന് വിവിധകോടതികള്‍ വിധിക്കുകയുണ്ടായി.
ഭര്‍ത്താവിന്റെ സാമ്പത്തിക സ്ഥിതി, ഇരുവരും ഒരുമിച്ച് ജീവിക്കുമ്പോള്‍ ഉണ്ടായിരുന്ന ജീവിതനിലവാരം, കുടുംബ മഹിമ എന്നിവയെ അടിസ്ഥാനമാക്കിയാണ് വകുപ്പ് മൂന്നിലെ ആനുകൂല്യങ്ങള്‍ കോടതി നിശ്ചയിക്കുന്നത്. ആദ്യ വിവാഹമോചനത്തിന് ശേഷം രണ്ടാം വിവാഹം കഴിച്ച സ്ത്രീക്ക് ഈ നിയമ പ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുമെങ്കിലും ഭാവി സംരക്ഷണ ചെലവിന് അവള്‍ക്ക് അര്‍ഹതയുണ്ടായിരിക്കുകയില്ല.
വിവാഹമോചിതയായ സ്ത്രീ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ ഈ നിയമമനുസരിച്ച് ഹര്‍ജി നല്‍കിയാല്‍ എതിര്‍ കക്ഷിക്ക് നോട്ടീസ് അയക്കുകയും ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷം തെളിവുകളുടെ അടിസ്ഥാനത്തില്‍ തുക നിശ്ചയിക്കുകയും ചെയ്യും. തുക നല്‍കുവാന്‍ ഭര്‍ത്താവ് തയ്യാറാകാത്ത പക്ഷം ഭര്‍ത്താവ് ജയില്‍ശിക്ഷ അനുഭവിക്കേണ്ടതുണ്ട് .
അങ്ങനെ ഭര്‍ത്താവില്‍ നിന്നും ജീവനാശം ലഭിക്കാത്ത ഒരു സ്ത്രീക്ക് അവരുടെ ഏറ്റവും അടുത്ത ബന്ധുക്കളില്‍ നിന്നും ചെലവിന് നല്‍കുവാന്‍ കോടതിയോട് അപേക്ഷിക്കാവുന്നതാണ്. കുടുംബാംഗങ്ങളും നിരാലംബരാണെങ്കില്‍ സംസ്ഥാന വഖഫ് ബോര്‍ഡ് ആ സ്ത്രീയുടെ സംരക്ഷണം ഏറ്റെടുക്കമമെന്നാണ് നിയമം അനുശാസിക്കുന്നത്.
ഒരു തരത്തിലും ഒരു സ്ത്രീയും സംരക്ഷിക്കപ്പെടാതെ പോകരുതെന്നാണ് ഈ നിയമത്തിൻറെ താല്‍പ്പര്യം. ത്വലാക്ക് ചൊല്ലപ്പെട്ട സ്ത്രീക്ക് ഏത് സമയത്തും ഈ നിയമപ്രകാരം ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിനായി ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയേയോ അല്ലെങ്കില്‍ അതിന് അധികാരപ്പെടുത്തിയ കോടതികളെയോ സമീപിക്കാവുന്നതാണ്. പ്രത്യേകകാല പരിധി നിഷ്‌ക്കര്‍ഷിച്ചിട്ടില്ല.
മക്കളുടെ ജീവനാംശം
ശിശുക്കളെ ചെലവ് ചെയ്തുകൊണ്ട് സംരക്ഷിക്കേണ്ടത് പിതാവാണ്. വിവാഹം കഴിയുന്നതുവരെ പെണ്‍മക്കളെയും, പ്രായപൂര്‍ത്തിയാകുന്നതുവരെ ആണ്‍മക്കളെയും സംരക്ഷിക്കേണ്ട ബാദ്ധ്യത പിതാവിന് തന്നെയാണ് .കൂടാതെ വിധവയോ, വിവാഹ മോചിതയോ ആയ മകളെയും കുഞ്ഞിനെയും സംരക്ഷിക്കേ ചുമതല പിതാവിനു തന്നെയാണ്. എന്നാല്‍ തന്റെ കൂടെ ജീവിക്കാന്‍ പ്രത്യേക കാരണങ്ങളൊന്നും തന്നെയില്ലാതെ വിസമ്മതിക്കുന്ന പ്രായപൂര്‍ത്തിയാകാത്ത മകനെയും അവിവാഹിതമായ മകളെയും സംരക്ഷിക്കാന്‍ പിതാവിന് ബാധ്യതയില്ല.
മാതാപിതാക്കളുടെ സംരക്ഷണം
സാമ്പത്തിക, ലിംഗ ഭേദമന്യേ നിര്‍ദ്ധനരും നിരാലംബരുമായ മാതാപിതാക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ കടമയാണ്. മാതാപികതാക്കള്‍ക്ക് കുറച്ചൊക്കെ സമ്പാദിക്കാന്‍ സാധിക്കും. എന്നതുകൊണ്ട് മാത്രം മക്കളുടെ ബാധ്യത തരുന്നില്ല.