കൊച്ചി: ഭര്‍ത്താവ് സ്ഥലത്തില്ലാതിരിക്കെ ഭാര്യ പാതിരാത്രിയില്‍ അന്യപുരുഷന്‍മാരെ വിളിച്ച് ഫോണില്‍ സല്ലപിക്കുന്നത് വിവാഹമോചനം അനുവദിക്കാന്‍ മതിയായ കാരണമാണെന്ന് ഹൈക്കോടതി.
ഇത് ഭര്‍ത്താവിനോടുള്ള ക്രൂരതയാണെന്നും കോടതി നിരീക്ഷിച്ചു. വിവാഹമോചനം നിഷേധിച്ച തലശേരി കുടുംബകോടതി ഉത്തരവിനെതിരെ ഭര്‍ത്താവ് സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്, ജസ്റ്റിസ് പി.ഡി രാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
2001 ല്‍ വിവാഹിതരായ ദമ്പതികള്‍ക്ക് ആറ് വയസുള്ള കുട്ടികളുണ്ട്. എന്നാല്‍ ഭാര്യ ദീര്‍ഘനാളായി സ്‌കൂള്‍ സഹപാഠിയുമായി ഫോണില്‍ അസമയത്ത് സംസാരിക്കുന്നതാണ് തര്‍ക്ക വിഷയം.
ഭാര്യയുടെ പെരുമാറ്റം ഭര്‍ത്താവിന് മാനസികവ്യഥയും ദു:ഖവും ഉണ്ടാക്കിയെന്നും ഒന്നിച്ചുള്ള ജീവിതം അസാധ്യമാക്കിയെന്നും കോടതി നിരീക്ഷിച്ചു.
എന്നാല്‍ വിവാഹ മോചനത്തിന് കാരണമായി ഭര്‍ത്താവ് ഭാര്യയ്ക്ക് പരപുരുഷ ബന്ധം ആരോപിച്ചത് നേരത്തെ കുടുംബ കോടതി തള്ളിയിരുന്നു. എന്നാല്‍ ഭാര്യയ്ക്ക് ഭര്‍ത്താവിനോടുള്ള സമീപനം ക്രൂരമാണെന്ന് കണ്ടെത്തി. ഇക്കാരണത്താല്‍ വിവാഹ മോചനം അനുവദിക്കാതെ ഇരുവര്‍ക്കും വേര്‍പിരിഞ്ഞ് നില്‍ക്കാന്‍ അനുമതി നല്‍കി.
കുട്ടികളെ കരുതി ഭര്‍ത്താവ് എല്ലാം സഹിക്കണമെന്നില്ല. ക്രൂരത വ്യക്തമാകുന്ന സാഹചര്യത്തില്‍ വിവാഹ മോചനം നിഷേധിച്ച കുടുംബകോടതി ഉത്തരവ് നിയമപരമല്ലെന്ന് കോടതി വ്യക്തമാക്കി. അവിഹിത ബന്ധം നിലനിര്‍ത്തുന്നവര്‍ അതിന്റെ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും കോടതി പറഞ്ഞു.
source: doolnews