Home / നീതിന്യായം / സ്ത്രീധന നിരോധന നിയമം

സ്ത്രീധന നിരോധന നിയമം

സ്ത്രീധന സമ്പ്രദായമെന്ന സാമൂഹ്യ വിപത്തിന് അറുതിവരുത്തുവാന്‍ 1961 ല്‍ സ്ത്രീധന നിരോധന നിയമം ( The  Dowry  Prohibition  Act 1961)നിലവില്‍ വന്നു. ആത്യന്തികമായി സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും തടയുക എന്ന ഉദ്ദേശ്യമുള്ള ഈ നിയമത്തിലെ വകുപ്പുകള്‍ക്ക് പ്രായോഗിക രൂപം നല്‍കിയ കേന്ദ്രസര്‍ക്കാര്‍ 1985 ല്‍ സ്ത്രീധനനിരോധനനിയമത്തിന്റെ പരിധിയില്‍ ചട്ടങ്ങളും നിര്‍മ്മിക്കുകയുണ്ടായി.  (The Dowry Prohibition – Maintenance of Lists of Presents to the Bride and Bride and groom rules – 1985)

സ്ത്രീധനം – നിര്‍വ്വചനം

വിവാഹബന്ധത്തിലെ ഒരു പക്ഷം മറുപക്ഷത്തിനോ വിവാഹിതരാകുന്ന വ്യക്തികളുടെ മാതാപിതാക്കളോ മറ്റു വ്യക്തികളോ വിവാഹിതരാകുന്നവര്‍ക്കോ മറ്റ് വ്യക്തികള്‍ക്കോ വിവാഹസമയത്തോ അതിനുമുമ്പോ പിമ്പോ വിവാഹാനുബന്ധിയായി നല്‍കുന്ന സ്വത്തോ (Property) വിലമതിക്കുന്ന പത്രങ്ങളോ (Valuable Security) നേരിട്ടോ പരോക്ഷമായോ നല്‍കുന്നതിനെയാണ് സ്ത്രീധനം എന്ന പദം കൊണ്ട് വിവക്ഷിക്കുന്നത്.

മുസ്ലീം വ്യക്തി നിയമത്തിന്റെ പരിധിയില്‍ വരുന്ന മഹര്‍ അഥവാ ഡവര്‍ ഈ നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുന്നില്ല. വിവാഹം കാരണമായി സമയപരിധിയില്ലാതെ കൈമാറ്റം ചെയ്യപ്പെടുന്ന പണമോ സ്വത്തോ മൂല്യവത്തായ വസ്തുക്കളോ ഈ നിര്‍വ്വചനത്തിന്റെ പരിധിയില്‍ വരുന്നതാണ്. എന്നാൽ, ഈ നിര്‍വ്വചനം തുടര്‍ന്നു വരുന്ന വകുപ്പിലെ നിശ്ചയങ്ങള്‍ കൂട്ടിച്ചേര്‍ത്ത് വായിച്ചെങ്കിലേ പൂര്‍ണ്ണമാകൂ

നിയമത്തിലെ ശിക്ഷകള്‍

സ്ത്രീധനം വാങ്ങുന്നതും നല്‍കുന്നതും, വാങ്ങുവാനും നല്‍കുവാനും പ്രേരിപ്പിക്കുന്നതും , സ്ത്രീധനം ആവശ്യപ്പെടുന്നതും നിയമത്തില്‍ കുറ്റകരമാണ് . ഒരു നിശ്ചിത തുകയോ ആഭരണങ്ങളോ ഭൂസ്വത്തോ കൊടുക്കാമെന്നുള്ള വാഗ്ദാനമാണ് ഒരാളെ വിവാഹത്തിന് സമ്മതിപ്പിക്കുന്നതെങ്കില്‍ അത് സത്രീധനമാണ്.

സ്ത്രീധനം

1. സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും അതിന് പ്രേരിപ്പിക്കുന്നതും കുറ്റകരമാണ്. 5 വര്‍ഷത്തില്‍ കുറയാത്ത തടവും 10500 രൂപയില്‍ കുറയാത്തതോ സ്ത്രീധനത്തിന്റെ മൂല്യമോ ഏതാണോ കൂടുതല്‍ അത്രയും തുക പിഴയിനത്തിലും ശിക്ഷ വിധിക്കാം.

2. നേരിട്ടോ പരോക്ഷമായോ വധുവിന്റെയോ വരന്റെയോ മാതാപിതാക്കളോടോ ബന്ധുക്കളോടോ രക്ഷകര്‍ത്താവിനോടോ സ്ത്രീധനം ആവശ്യപ്പെടുന്നത് ശിക്ഷാര്‍ഹമാണ്. ഈ കുറ്റകൃത്യത്തിന് 6 മാസത്തില്‍ കുറയാത്തതും രണ്ടു വര്‍ഷം വരെ നീളുന്നതുമായ തടവും 10000 രൂപവരെ പിഴയും വിധിക്കാവുന്നതാണ്.

ഈ അവസരത്തിലും ഏറ്റവും കുറഞ്ഞ ശിക്ഷ എത്രയാണെന്ന് നിജപ്പെടുത്തിയിട്ടുണ്ടെങ്കിൽ പോലും മതിയായ കാരണങ്ങള്‍ വിധിന്യായത്തില്‍ ചേര്‍ത്ത് തടവുശിക്ഷ ഇളവു ചെയ്യാന്‍ അതാത് കോടതികള്‍ക്ക് അധികാരമുണ്ട്.

വിവാഹ സമയത്ത് വധുവിനൊ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഇനി പറയുന്ന നിയമങ്ങൾ പാലിക്കപ്പെട്ടാൽ മാത്രമേ ഈ ഒഴിവു ലഭിക്കൂ.

1. സമ്മാനങ്ങള്‍ അവകാശമായി ആവശ്യപ്പെട്ടതാകരുത്.

2. സ്ത്രീധനനിരോധനനിയമത്തിന്‍ കീഴില്‍ ഉണ്ടാക്കപ്പെട്ടിട്ടുള്ള ചട്ടങ്ങള്‍ പ്രകാരം സമ്മാനങ്ങൾ ചേര്‍ക്കുന്നതിനായി നിര്‍ദ്ദേശിക്കപെട്ടിട്ടുള്ള ലിസ്റ്റ് സൂക്ഷിച്ചിരിക്കണം.

3. വധുവിന് വേണ്ടിയോ വധുവിനോട് ബന്ധമുള്ള  ആരെങ്കിലുമോ കീഴ്‌നടപ്പനുസരിച്ചുള്ള ( customary) നല്‍കപ്പെടേണ്ട സമ്മാനങ്ങളുടെ ശ്രേണിയില്‍പ്പെടേതായിരിക്കണം.

4. ഇത്തരം സമ്മാനത്തിന്റെ മൂല്യം കൊടുക്കുന്ന ആളുടേയോ ആര്‍ക്കുവേണ്ടിയാണോ കൊടുക്കപ്പെടേണ്ടത് അവരുടേയോ, സാമ്പത്തിക സാഹചര്യത്തിന് ആനുപാതികമല്ലാത്ത തരത്തിലാകരുത്.

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …