Home / നീതിന്യായം / ഭ്രൂണ പരിശോധന നിയന്ത്രണ നിയമം

ഭ്രൂണ പരിശോധന നിയന്ത്രണ നിയമം

ഭ്രൂണപരിശോധനയും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ പരിശോധനയും ഒട്ടേറെ നൈതിക സാമൂഹികപ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. സാങ്കേതിക വിദ്യകള്‍ ദുരുപയോഗപ്പെടുത്തി ഗര്‍ഭാവസ്ഥയിലുള്ള ശിശുവിന്റെ ലിംഗനിര്‍ണ്ണയവും തുടര്‍ന്ന് പെണ്‍ ഭ്രൂണഹത്യയും ബന്ധപ്പെട്ട കൃത്യങ്ങളും തടയാനാണ് 1994 ല്‍ ഇത്തരമൊരു പ്രത്യേക നിയമത്തിന് രൂപം നല്‍കിയത്.

ഗര്‍ഭസ്ഥ ശിശു പരിശോധനാനടപടികള്‍ എന്നാല്‍ ഗര്‍ഭായശയശാസ്ത്ര-പ്രസവസംബന്ധമായ മേഖലകളിലെ ആരോഗ്യശാസ്ത്ര- സാങ്കേതികവിദ്യയും അള്‍ട്രാസോണോഗ്രഫി, ഫൊയിറ്റോസ്‌കോപ്പി, രക്തസാമ്പിള്‍ , അംനിയോട്ടിക് സാമ്പിളുകള്‍ ,ക്രോണി വില്ലി, മാംസകലകള്‍ മുതലായവ അടങ്ങുന്ന വയാണ്.

ഗര്‍ഭസ്ഥശിശുവിന്റെ ജനിതക വൈകല്യങ്ങള്‍ ക്രോമസോം വ്യതിയാനങ്ങള്‍ ,ശാരീരിക അസ്വാഭാവികതകള്‍ , ഹീമോഗ്ലോബിന്‍ കുറവ്, ലൈംഗീകബന്ധരോഗങ്ങള്‍ മുതലായവ തിരിച്ചറിയാന്‍ ഭ്രൂണപരിശോധനയും ശാസ്ത്രീയമാര്‍ഗ്ഗങ്ങളും ഉപയോഗിക്കുന്നതിന് നിയമം തടസ്സമല്ല.

ജനിതക കൗണ്‍സിലിംഗ് സെന്റർ ,  ജനിതക ക്ലിനിക്, ജനിതക ലബോറട്ടറികള്‍ തുടങ്ങിയ  സ്ഥാപനങ്ങളുടെ മേല്‍ നിയന്ത്രണങ്ങളുമുണ്ട്
അതുപ്രകാരം ഈ നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെടാത്ത ഒരു സ്ഥാപനത്തിനും ഭ്രൂണ പരിശോധന സംബന്ധിച്ച് സാങ്കേതികവിദ്യകള്‍
ഉപയോഗിച്ച് പ്രവര്‍ത്തിക്കുവാന്‍ പാടില്ല. ( അത്തരം സ്ഥാപനങ്ങളില്‍ ഈ നിയമം നിര്‍വ്വചിക്കുന്ന നിശ്ചിത യോഗ്യതയുള്ളവരെ മാത്രമെ നിയമിക്കുവാന്‍ പാടുള്ളൂ.)

ഏതൊരു ഗൈനക്കോളജിസ്റ്റും പ്രസവാനുബന്ധ രോഗ വിദഗ്ധരും ശിശുരോഗവിദഗ്ധരും രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണറും നേരിട്ടോ മറ്റേതെങ്കിലും ആള്‍ മുഖാന്തിരമോ ഈ നിയമത്തിന്‍ കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങളില്‍ ഭ്രുണപരിശോധനയോ ഗര്‍ഭസ്ഥശിശുവിന്റെ പരിശോധനയോ നടത്തുവാന്‍ പാടില്ലെന്ന് ഈ നിയമം നിഷ്‌ക്കര്‍ഷിക്കുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ (Indian Medical Council Act.1956) നിയമത്തിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട ആരോഗ്യപ്രവര്‍ത്തകനാണ് രജിസ്‌ട്രേഡ് മെഡിക്കല്‍ പ്രാക്ടീഷണര്‍ . അങ്ങനെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പൂര്‍ണ്ണമായും യോഗ്യതയുള്ള ഒരു വ്യക്തിക്ക് ഭ്രൂണപരിശോധനാ
സാങ്കേതികത്വം ഉപയോഗിച്ചുള്ള പരിശോധനകള്‍ നിര്‍വ്വഹിക്കാവുന്നത് താഴെക്കൊടുക്കുന്ന സാഹചര്യങ്ങളില്‍ മാത്രമാണ്.

  • ഗര്‍ഭിണിയായ സ്ത്രീക്ക് 35 വയസ്സ് പൂര്‍ത്തിയായിരിക്കണം
  • ഗര്‍ഭിണിയായ സ്ത്രീ മുമ്പ് തുടര്‍ച്ചയായി രണ്ടോ മൂന്നോ അതിലധികമോ ഗര്‍ഭഛിദ്രത്തിനു വിധേയയായിട്ടുണ്ടെങ്കില്‍
  • ഗര്‍ഭിണി ഗൗരവമാര്‍ന്ന പ്രത്യാഘാതമുളവാക്കുന്ന രാസപദാര്‍ത്ഥങ്ങളോ വികിരണമോ ഉപയോഗിച്ചുള്ള ചികിത്സയ്‌ക്കോ അണുബാധയ്‌ക്കോ വിധേയയായിട്ടുണ്ടെങ്കിൽ
  • ഗര്‍ഭിണിയായ സത്രീയുടെ കുടുംബ പരമ്പരയില്‍ മനോരോഗത്തിനോ ശാരീരിക വൈകല്യത്തിനോ ജനികത്തകരാറുകള്‍ക്കോ ഇടയുണ്ടെങ്കിൽ
  • കേന്ദ്ര നിരീക്ഷണസമിതിയുടെ നിര്‍ദ്ദേശാനുസരണമുള്ള ഇതര സാഹചര്യങ്ങളില്‍

മേല്‍പ്പറഞ്ഞ സാഹചര്യങ്ങളിലുള്ള ഒരു സ്ത്രീയെ താഴെപറയുന്ന കാരണങ്ങള്‍കൊണ്ടല്ലാതെ ഭ്രൂണപരിശോധനയോ ഗര്‍ഭസ്ഥശിശുപരിശോധനയോ നിര്‍വ്വഹിക്കാന്‍പാടില്ല.

1. ക്രോമസോമല്‍ അസ്വഭാവികതകള്‍
2. ജനിതകഘടനയിലെ തകരാറുകള്‍
3. ഹീമോഗ്ലോബിന്‍ ഘടന
4. ലൈംഗീകബന്ധ രോഗങ്ങള്‍
5. പ്രസവ സംബന്ധമായ തകരാറുകള്‍
6. ഗര്‍ഭാശയരോഗങ്ങള്‍

നിയമ പ്രകാരമുള്ള ഭ്രൂണ-ലിംഗ പരിശോധനകളിലും വിദഗ്ധര്‍ താഴെപ്പറയുന്ന നിബന്ധനകള്‍ പാലിക്കണം.

നിർവഹിക്കേണ്ട പരിശോധനയുടെ ആവശ്യകത, പരിശോധ നാരീതികള്‍ , അവയുടെ പ്രത്യാഘാതങ്ങള്‍ എന്നിവ സംബന്ധിച്ച് ഗര്‍ഭിണിയായ സ്ത്രീയെ ബോദ്ധ്യപ്പെടുത്തുക.

ഗര്‍ഭിണിയുടെ രേഖാമൂലമുള്ള സമ്മതപത്രവും ഉറപ്പും അവര്‍ക്ക് മനസ്സിലാകുന്ന ഭാഷയില്‍ രേഖപ്പെടുത്തി ഒപ്പ് വാങ്ങുക.

ഇപ്രകാരം ലഭിക്കുന്ന സമ്മത പത്രത്തിന്റെ പകര്‍പ്പ് വിധേയയാകുന്ന സ്ത്രീക്ക് നല്‍കുക.

ഭ്രൂണ ലിംഗ പരിശോധനകള്‍ നിര്‍വ്വഹിക്കുന്ന ഏതൊരാളും ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണ്ണയം ഗര്‍ഭിണിയോടോ ബന്ധുക്കളോടോ വാക്കോ ചിഹ്നമോ മറ്റ് മാര്‍ഗ്ഗമോ ഉപയോഗിച്ച് വെളിപ്പെടുത്തരുത്.

ഈ നിയമപ്രകാരം ജനിതക പരിശോധനാ കേന്ദ്രങ്ങളിലോ  മറ്റു  സ്ഥാപനങ്ങളിലോ ഗര്‍ഭസ്ഥശിശുവിന്റെ ലിംഗ നിര്‍ണ്ണയത്തിനു വേണ്ടി
അട്രോസോണോഗ്രഫി ഉൾപ്പെടെ മറ്റൊരു ടെസ്‌ററുകളും നടത്താൻ പാടില്ല.

ജനിതക പരിശോധനാ സംബന്ധിയായി  ഏതൊരു വിധ പരസ്യവും  പ്രസിദ്ധീകരിക്കുകയോ പ്രസിധീകരിക്കനിടയാക്കുകയോ ചെയ്യരുത്.
ഭ്രൂണഹത്യ,ഗര്‍ഭസ്ഥ ശിവിന്റെ ലിംഗപരിശോധന മുതലായവയ സൗകര്യങ്ങൾ സംബന്ധിച്ച പരസ്യവും  നല്കാൻ പാടില്ല.

വ്യക്തിയോ സംഘടനയോ സ്ഥാപനമോ ഇത്തരം പരസ്യപ്രസിദ്ദീകരണമോ പ്രചരണമോ ചെയ്യാന്‍ പാടില്ല.

ഇതിനു വിരുധമായി പ്രവര്‍ത്തിക്കുന്നവരെ പരമാവധി 3 വര്‍ഷം വരെ തടവിനോ 10,000 രൂപ  പിഴശിക്ഷയ്‌ക്കോ വിധിക്കാവുന്നതാണ്. അച്ചടിച്ച നോട്ടീസോ , സര്‍ക്കുലറോ ലേബല്‍ റാപ്പര്‍ മുതലായവയോ ഏതെങ്കിലും രേഖയുള്‍പ്പെടെ ദൃശ്യശ്രാവ്യ സാധ്യത ഉപയോഗിക്കുന്ന ഏതൊരു
പരസ്യവും ഈ വിശദീകരണത്തില്‍പ്പെടും.

കുറ്റകരമായ രീതിയില്‍ ഗര്‍ഭസ്ഥശിശുവിന്റെ ഭ്രൂണപരിശോധനാസൗകര്യം ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഏതൊരു  വ്യക്തിക്കും 3 വര്‍ഷം വരെ തടവുശിക്ഷയോ 10,000 രൂപവരെ പിഴശിക്ഷയോ വിധിക്കാവുന്നതാണ്.

ഈ നിയമം നിര്‍വ്വചിക്കുന്ന ജനിതക ശാസ്ത്ര സ്ഥാപനത്തിന്റെ ഉടമയൊ ഉദ്യോഗസ്ഥനോ ഈ നിയമം ലംഘിച്ചായി തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവിനോ 10000 പരൂപവരെ പിഴയ്‌ക്കോ ശിക്ഷിക്കപ്പെടാവുന്നതാണ്. കുറ്റം ആവര്‍ത്തിക്കപ്പെട്ടതായി തെളിഞ്ഞാല്‍ 5 വര്‍ഷം വരെ തടവോ
50,000 രൂപ പിഴയോ വിധിക്കാവുന്നതാണ്.

ഇന്ത്യന്‍ തെളിവു നിയമവ്യവസ്ഥപ്രകാരം ഈ നിയമമനുസരിച്ച് മറിച്ച് തെളിയിക്കപ്പെടാത്തിടത്തോളം ഭ്രൂണപരിശോധനയ്ക്ക് വിധേയയാക്കപ്പെടുന്ന ഗര്‍ഭവതിയായൊരു സ്ത്രീയെ പ്രസ്തുത കൃത്യത്തിന് പ്രേരിപ്പിച്ചതായോ നിര്‍ബ്ബന്ധിച്ചതായോ പരിഗണിച്ച് അവരുടെ ഭര്‍ത്താവിനെതിരെയും ബന്ധുക്കള്‍ക്കെതിരെയും വിചാരണ ആരംഭിക്കാവുന്നതാണ്.

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …