Home / നീതിന്യായം / ഗര്‍ഭം അലസിപ്പിക്കല്‍ ,കുട്ടികളെ ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങള്‍

ഗര്‍ഭം അലസിപ്പിക്കല്‍ ,കുട്ടികളെ ഉപേക്ഷിക്കൽ തുടങ്ങിയ കുറ്റങ്ങള്‍

ഉത്തമ വിശ്വാസത്തോടുകൂടി ഗര്‍ഭിണിയായ  സ്ത്രീയുടെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടിയല്ലാതെ സ്വേച്ഛയാ ഗര്‍ഭം അലസിപ്പിക്കുന്ന ഒരാള്‍ക്കും മൂന്നു വര്‍ഷത്തോളം ആകാവുന്ന വെറും തടവിനോ കഠിന തടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ അയാള്‍ക്ക് പിഴ ശിക്ഷയും നല്‍കപ്പെടാവുന്നതാണ്.

ആ സ്ത്രീ ജീവനുള്ള ഗര്‍ഭസ്ഥ ശിശുവിനോടു കൂടിയവളാണെങ്കില്‍ തടവുശിക്ഷ ഏഴു വര്‍ഷത്തോളം ആകാവുന്നതും അതിനു പുറമെ പിഴ ശിക്ഷ കൂടി ഉണ്ടാകാവുന്നതുമാണ്. തന്റെ ഗര്‍ഭം സ്വയം അലസിപ്പിക്കുന്ന സ്ത്രീയും ഇപ്രകാരമുള്ള ശിക്ഷയ്ക്ക് അര്‍ഹനായിരിക്കുന്നതാണ്. ഇക്കാര്യം വ്യവസ്ഥ ചെയ്തിട്ടുള്ളത് 321 വകുപ്പിലാണ്.

മേല്‍പ്പറഞ്ഞ പ്രകാരം ഗര്‍ഭം അലസിപ്പിക്കുന്നത് സ്ത്രീയുടെ സമ്മതം കൂടാതെയാണെങ്കില്‍ അതു ചെയ്യുന്ന ഏതൊരാളും ജീവപര്യന്തം തടവുശിക്ഷയ്‌ക്കോ പത്തുവര്‍ഷം വരെ വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതും അതിനുപുറമെ പിഴശിക്ഷയും ഉണ്ടാകും എന്ന് 313  വകുപ്പില്‍ പറയുന്നു.

ഗര്‍ഭം അലസിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി സ്ത്രീയുടെ മരണം സംഭവിക്കുന്ന ഏതെങ്കിലും പ്രവര്‍ത്തി ചെയ്യുന്ന ഏതൊരാളും പത്തുവര്‍ഷം വരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടുന്നവയാണ് .

പ്രസ്തുത പ്രവര്‍ത്തി സത്രീയുടെ സമ്മതം കൂടാതെയാണെങ്കിലും മേല്‍പ്പറഞ്ഞ ശിക്ഷ ലഭിക്കാം. താന്‍ ചെയ്യുന്ന പ്രവൃത്തി മരണത്തിനിടയാക്കിയേക്കാമെന്ന് പ്രവൃത്തി ചെയ്യുന്ന ആളിന് അറിയില്ലെങ്കില്‍ പോലും ആ പ്രവൃത്തി കുറ്റകരവും ശിക്ഷാര്‍ഹവുമായിരിക്കും. 314 വകുപ്പിലാണ് മേല്‍പ്പറഞ്ഞ കുറ്റകൃത്യങ്ങള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടിട്ടുള്ളത്.

ഏതെങ്കിലും ശിശുവിന്റെ ജനനത്തിനു മുമ്പ് ഏതെങ്കിലും പ്രവൃത്തി ചെയ്യുന്നതു വഴി അത് ജീവനോടെ പിറക്കുന്നത് തടയണമെന്നോ ജനിച്ചശേഷം മരിക്കാനിടയാകണമെന്നോ ഉള്ള ഉദ്ദേശ്യത്തോടുകൂടി ആ പ്രവൃത്തി ചെയ്യുകയും അതിന്റെ ഫലമായി ശിശു ജീവനോടു പിറക്കുന്നത് തടയുകയോ ജനിച്ചശേഷം മരിക്കാനിടയാക്കുകയോ ചെയ്യുന്ന ഏതൊരാളും ആ  പ്രവൃത്തി ചെയ്തത് ഉത്തമ വിശ്വാസപൂര്‍വ്വം മാതാവിന്റെ ജീവന്‍ രക്ഷിക്കുവാന്‍ വേണ്ടി അല്ലാത്ത പക്ഷം പത്തുവര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിന തടവിനോ പിഴ ശിക്ഷയ്‌ക്കോ അല്ലെങ്കില്‍  രണ്ടും  കൂടിയോ ശിക്ഷയ്ക്ക് വിധിക്കപ്പെടാവുന്നതാണ് എന്ന് 315 വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

കുറ്റകരമായ നരഹത്യയായി കണക്കാക്കപ്പെടുവാന്‍ സാധ്യതയുള്ള പരിതസ്ഥിതിയില്‍ ചെയ്ത ഏതെങ്കിലും പ്രവര്‍ത്തി മൂലം ചലനമുള്ള ഗര്‍ഭസ്ഥ ശിശുവിന് മരണം സംഭവിപ്പിക്കുന്ന ഏതൊരാളും പത്തു വര്‍ഷത്തോളമാകാവുന്ന വെറും തടവിനോ കഠിനതടവിനോ ശിക്ഷിക്കപ്പെടാവുന്നതുമാണ് എന്ന് 316  വകുപ്പില്‍പ്പറയുന്നു. ഒരു ശിശുവിന്റെ ദേഹം ആ ശിശു മരിച്ച് പിറക്കുന്നതിനുമുമ്പോ പിറക്കുന്നതിനു ശേഷമോ പിറന്നുകൊണ്ടിരിക്കുമ്പോഴോ ആയാലും രഹസ്യമായി കൈയ്യൊഴിയുക വഴി ആ ശിശുവിന്റെ ജനനം മനപൂര്‍വ്വം ഒളിച്ചുവയ്ക്കുകയോ ഒളിച്ചുവയ്ക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്ന ഏതൊരാളും
രണ്ട് വര്‍ഷം വരെയാകാവുന്ന വെറുംതടവിനോ കഠിനതടവിനോ പിഴയ്‌ക്കോ തടവും പിഴയും ചേര്‍ന്ന ശിക്ഷയ്‌ക്കോ അര്‍ഹനായിരിക്കും എന്ന് 318 വകുപ്പില്‍ വ്യവസ്ഥ ചെയ്തിരിക്കുന്നു.

പന്ത്രണ്ട്  വയസ്സില്‍ താഴെ പ്രായമുള്ള കുട്ടിയെ അതിന്‍രെ പിതാവോ സംരക്ഷണ ചുമതലയുള്ള ആളോ അതിനെ പൂര്‍ണമായും ഉപേക്ഷിക്കണമെന്ന ഉദ്ദേശ്യത്തോടുകൂടി എവിടെയെങ്കിലും കൈവിട്ടിട്ട് പോകുന്നപക്ഷം അവള്‍ക്ക്/ അയാള്‍ക്ക് ഏഴുവര്‍ഷം വരെയാകാവുന്ന വെറും തടവിനോ കഠിന തടവിനോ പിഴ ശിക്ഷയോ ലഭിക്കാം. തടവും പിഴയും കൂടിച്ചേര്‍ന്ന ശിക്ഷയും ലഭിക്കാവുന്നതാണ്. അപ്രകാരം അരക്ഷിതമായ  അവസ്ഥയില്‍ വിട്ടിട്ട് പോകുന്നതിന്റെ ഫലമായി കുട്ടി മരിച്ചുപോയാല്‍ കൊലപാതകക്കുറ്റത്തിനോ കുറ്റകരമായ നരഹത്യയ്‌ക്കോ വിചാരണചെയ്യപ്പെടാവുന്നതാണ്. 317 വകുപ്പിലാണ് ഈ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിക്കപ്പെട്ടത്. 1984 ല്‍ ഈ നിയമത്തിലെ വ്യവസ്ഥക് കൂടുതല്‍ കര്‍ശനമാക്കിക്കൊണ്ട്  ഭേദഗതി ചെയ്തു.

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …