Home / വിവാഹം / ആചാരം-അനാചാരം / അറയൊരുങ്ങുമ്പോള്‍

അറയൊരുങ്ങുമ്പോള്‍

araമരുമക്കത്തായത്തിന്റെ തിരുശേഷിപ്പുകള്‍ കേരളത്തിലെ ചില തറവാട്ടുകളില്‍ ഇന്നും അവശേഷിക്കുന്നുണ്ട്. കോഴിക്കോട്, തലശ്ശേരി, കണ്ണൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ചില പ്രത്യേക ഭാഗങ്ങളില്‍ വധുവിനെ വരന്റെ വീട്ടിലേക്ക് കൊണ്ടു പോകുന്നതിനു പകരം വരന് വധുവിന്റെ വീട്ടില്‍ അറയൊരുക്കുന്ന പതിവുണ്ട്. മകള്‍ക്കും മരുമകനുമായി ഉണ്ടാക്കുന്ന ‘അറ’ ഒരുക്കുക എന്നത് ഒരു ‘സംഭവം’ തന്നെ ആക്കാറുണ്ട് വീട്ടുകാര്‍. മര സാമാനങ്ങളും അലങ്കാരങ്ങളും ഉള്‍പ്പെടെ ലക്ഷക്കണക്കിന് രൂപ ചെലവാണ് ഒരു അറയൊരുക്കാന്‍.

വിവാഹം കഴിഞ്ഞാല്‍ വലിയ തറവാടുകളില്‍ കുടുംബത്തിന്റെ ലോകം ഈ അറയാണ്. പത്തും പതിനാറും കുടുംബങ്ങള്‍ ഇത്തരത്തില്‍ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ ഒത്തൊരുമയോടെ താമസിക്കുന്നു. മകളെ വിവാഹം ചെയ്‌തെത്തുന്ന പുരുഷന്‍ നൂറു വയസ്സായാലും ‘പുയ്യ്യാപ്ല’യാണ്. കോഴിക്കോട്ടെ പ്രമുഖരായ ബിസിനസുകാരില്‍ പലരും ഇത്തരം കുടുംബങ്ങളില്‍ നിന്നുള്ളവരാണ്. ഉച്ച ഭക്ഷണം സ്വന്തം മാതാപിതാക്കള്‍ക്കൊപ്പം നടത്തിക്കൊണ്ട് കുടുംബത്തോടൊപ്പമുള്ള ബന്ധവും ശക്തമായി തന്നെ ഇവര്‍ നിലനിര്‍ത്തുന്നു. പെണ്‍മക്കളുടെ ശ്രദ്ധയും ശുശ്രൂഷയും മാതാപിതാക്കള്‍ക്ക് ലഭിക്കും എന്നതാണ് ഈ  സമ്പ്രദായത്തിന്റെ ഏറ്റവും വലിയ സവിശേഷത. കുടുംബത്തില്‍ സ്ത്രീകള്‍ക്ക് മേല്‍ക്കൈ നല്‍കുന്ന ഈ സംവിധാനത്തിനു കീഴിലുള്ള കുടുംബങ്ങളിലുള്ളവര്‍ ഈ സമ്പ്രദായത്തിനു പുറത്തുള്ളവര്‍ക്ക് വിവാഹം ചെയ്തു കൊടുക്കാനും പുറത്തു നിന്ന് പെണ്‍കുട്ടികളെ സ്വീകരിക്കാനും വിമുഖത കാട്ടുകയാണ് പതിവ്. കുടുംബത്തിലെ ആളുകളുടെ എണ്ണം കൂടുമ്പോഴുണ്ടാകുന്ന പ്രശ്‌നങ്ങള്‍ , സ്വകാര്യത കുറയുക, കുടുംബത്തിലെ മറ്റുള്ളവരുമായി സാമ്പത്തികമായി തുലനം ചെയ്യപ്പെടുന്നതുകൊണ്ടുള്ള ചെറിയ പ്രശ്‌നങ്ങള്‍ , പെണ്‍കുട്ടികളില്ലാത്ത ആണ്‍ മക്കളുടെ രക്ഷിതാക്കള്‍ക്ക് വേണ്ടത്ര പരിചരണം കിട്ടാതെ പോകുക തുടങ്ങിയ പരിമിതികളും ഈ സമ്പ്രദായത്തിലുള്ളതായി ചൂണ്ടിക്കാട്ടപ്പെടുന്നു.

Check Also

ദാമ്പത്യത്തിന്റെ വിജയ രഹസ്യം.

“ഞാന്‍ ആദ്യം”, ഭാര്യ പറഞ്ഞു. അവള്‍ തന്റെ ലിസ്റ്റ് പുറത്തെടുത്തു. ഒരു നീണ്ട പട്ടിക, പരാതിപ്പട്ടിക.മൂന്നു പേജോളം നിറഞ്ഞു നില്ക്കുന്നവ ആയിരുന്നു അവ. അവള്‍ വായിച്ചു കുറച്ചെത്തിയപ്പോഴേക്കും ഭര്‍ത്താവിന്റെ കണ്ണുകളില്‍ നിന്ന് ഒരല്പം കണ്ണീര്‍ പൊടിയുന്നത് അവള്‍ ശ്രദ്ധിച്ചു. എന്ത് പറ്റി, അവള്‍ ചോദിച്ചു. ഒന്നുമില്ലെന്നവന്‍ മറുപടി പറഞ്ഞു.