Home / നീതിന്യായം / വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണം: ഹൈക്കോടതി

വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണം: ഹൈക്കോടതി

kerala-high-court2

കൊച്ചി: വിവാഹമോചന നിയമപ്രകാരം കുഞ്ഞിനും ജീവനാംശം നല്‍കണമെന്ന് ഹൈക്കോടതി. ക്രിസ്ത്യാനികള്‍ക്ക് ബാധകമായ ഇന്ത്യന്‍ വിവാഹ മോചന നിയമ പ്രകാരം ഭാര്യക്കും അവരെ ആശ്രയിച്ചുകഴിയുന്ന പ്രായ പൂര്‍ത്തിയാകാത്ത കുഞ്ഞിനും ജീവനാംശത്തിന് അര്‍ഹതയുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി.

കുഞ്ഞിന് ജീവനാംശം നിഷേധിച്ച കുടുംബക്കോടതിയുടെ വിധി ഭാഗികമായി റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കും ജസ്റ്റിസ് പി.ഡി. രാജനും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.

തൃശ്ശൂര്‍ കുടുംബക്കോടതിയുടെ വിധിക്കെതിരെ തൃശ്ശൂര്‍ സ്വദേശി മരിയ വി. ജോയും ഷൊറണൂര്‍ സ്വദേശി കെ. സുനില്‍ ബാബുവും നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഈ വിധിന്യായം.

കുടുംബക്കോടതി ഭാര്യക്ക് 2,500 രൂപ ജീവനാംശവും കോടതിച്ചെലവായി 10,000 രൂപയും നല്‍കാനാണ് നിര്‍ദേശിച്ചത്. തുക ഉയര്‍ത്തിക്കിട്ടാനും കുഞ്ഞിനു കൂടി ജീവനാംശം കിട്ടാനുമാണ് ഭാര്യ ഹൈക്കോടതിയെ സമീപിച്ചത്.

ജീവനാംശവും കോടതിച്ചെലവും നല്‍കാനുള്ള ഉത്തരവിനെതിരെ ഭര്‍ത്താവും ഹൈക്കോടതിയെ സമീപിച്ചു.

ഇരു ഭാഗത്തിന്റെയും വാദം കേട്ട കോടതി സുപ്രീംകോടതിയുടെ വിധികളുടെ കൂടി അടിസ്ഥാനത്തില്‍ കുഞ്ഞിനും ജീവനാംശം നല്‍കാന്‍ ഉത്തരവിട്ടു.

1869ലെ ഇന്ത്യന്‍ വിവാഹമോചന നിയമത്തിന്റെ 36ാം വകുപ്പ് പ്രകാരം കുഞ്ഞിനുകൂടി ജീവനാംശത്തിന് അര്‍ഹതയുണ്ടോ എന്ന കാര്യമാണ് കോടതി പരിശോധിച്ചത്.

അതില്‍ ഭാര്യക്ക് ജീവനാംശം നല്‍കണമെന്ന് മാത്രമേ പറയുന്നുള്ളൂ എന്നായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ ജീവനാംശം ഭാര്യക്ക് മാത്രമായി നിജപ്പെടുത്തുന്നതിനെക്കുറിച്ച് നിയമത്തില്‍ എവിടെയും പറയുന്നില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിലയിരുത്തി.

കുഞ്ഞിന് ജീവനാംശം നല്‍കുന്നതിനെക്കുറിച്ച് നിയമത്തില്‍ മറ്റൊരു വകുപ്പിലും പറയുന്നുമില്ല.

എന്നിരിക്കേ, ജീവനാംശത്തിനുള്ള ഭാര്യയുടെ അപേക്ഷയില്‍ അവരുടെ സംരക്ഷണയിലുള്ള പ്രായ പൂര്‍ത്തിയാകാത്ത കുഞ്ഞിനുള്ള ജീവനാംശം കൂടി ഉള്‍പ്പെടുത്താവുന്നതാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.

Source : doolnews.com

Check Also

തലാഖ് പോലെ, വിവാഹമോചനം ആവശ്യപ്പെടാൻ മുസ്ലീം സ്ത്രീയ്ക്ക് അവകാശമുണ്ടോ?

ഇസ്ലാം വ്യക്തി നിയമത്തിൽ, ഭർത്താവിന് കോടതിക്കു പുറത്തുള്ള / ബാഹ്യമായ (Extra Judicial) വിവാഹ മോചനം സാധ്യമാണ്. തലാഖ് എന്നറിയപ്പെടുന്ന …